പുതിയ നായികമാരെ പരീക്ഷിക്കുന്നതില്‍ മലയാള സിനിമ ഒരിക്കലും പിന്നോട്ട് നിന്നിട്ടില്ല. ഇതാ ഇപ്പോള്‍ മലയാളത്തിന് പുതിയൊരു സുന്ദര മുഖം കൂടി സ്വന്തമായിരിക്കുന്നു, ശില്‍പ്പബാല എന്ന ചിക്കുവിലൂടെ.
ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നെത്തുകയാണ് ശില്‍പ്പ ബാല എന്ന പതിനാറുകാരി. ചിക്കുവുമായി അല്‍പ്പനേരം ചെലവഴിച്ചപ്പോള്‍,
ആദ്യ സിനിമയില്‍ തന്നെ പ്രധാന വേഷം ലഭിച്ചു, അതും പതിനാറാം വയസ്സില്‍. സന്തോഷമായില്ലേ?
വളരെ സന്തോഷമുണ്ട്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങളെ ആയുള്ളൂ. നല്ല പേടിയുണ്ടായിരുന്നു.
ഇപ്പോള്‍ പേടിയൊക്കെ മാറിയോ?
ആദ്യമൊക്കെ ‘സ്റ്റാര്‍ട്ട്’, ‘ആക്ഷന്‍’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുമായിരുന്നു. പിന്നെ തിലകന്‍ അങ്കിളും ജഗദീഷ് അങ്കിളും നല്ലവണ്ണം സഹായിച്ചതു കൊണ്ട് ഇപ്പോള്‍ ഓകെ.
അവര്‍ എങ്ങനെ സഹായിച്ചു? പ്രോത്സാഹിപ്പിക്കുമായിരുന്നോ?
അവര്‍ രണ്ടുപേരും ആദ്യമൊക്കെ അഭിനയിച്ച് കാണിച്ചു തരുമായിരുന്നു. അവരുടെ സഹായം കൊണ്ട് പതുക്കെ പതുക്കെ പേടി മാറി. പിന്നെ, സംവിധായകന്‍ സോഹന്‍ അങ്കിളുമായും നേരത്തെ തന്നെ പരിചയമുണ്ട്.
WD
മലയാളത്തിന് നല്ലൊരു മുഖം കൂടി ലഭിച്ചു എന്ന് പ്രേക്ഷകര്‍ക്ക് കരുതാമല്ലേ?
ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശില്‍പ്പബാല. ജനിച്ച് ആറാം മാസം ദുബായിലെത്തപ്പെട്ട ചിക്കുവിന് മലയാളം ഒരിക്കലും അന്യമല്ല എന്ന് നാടന്‍ മട്ടിലെ സംസാരത്തില്‍ നിന്ന് വ്യക്തം.
കഥാപാത്രത്തെ കുറിച്ച് പറയാമോ?
കഥാപാത്രത്തിന്‍റെ കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ ഡബിള്‍ റോളില്‍ അഭിനയിക്കാനുള്ള യോഗമാണ് ലഭിച്ചിരിക്കുന്നത്. 1947 കാലഘട്ടത്തിലെ ‘പാറു’ ആയും പിന്നെ സമകാലിക കഥാപാത്രമായ ‘ദേവിക’യായും ഞാന്‍ അഭിനയിക്കുന്നു.
അഭിനയത്തോട് നേരത്തെ തന്നെ താല്‍പര്യം ഉണ്ടായിരുന്നോ?
പത്താം വയസ്സില്‍ തന്നെ ടിവി ഷോകളില്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റ്, കൈരളി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ പരസ്യ ചിത്രങ്ങളും ചെയ്യുന്നു. പത്ത് വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട്.
ചിക്കുവിന്‍റെ അമ്മയാണോ അച്ഛനാണോ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്?
രണ്ടുപേരും. അമ്മയും ഞാനും കലാതിലക പട്ടം നേടിയിട്ടുണ്ട്. അറേബ്യ യൂത്ത് ഫെസ്റ്റിവലിലാണ് എനിക്ക് കലാ തിലകപ്പട്ടം ലഭിച്ചത്.
ചിക്കുവിന്‍റെ അമ്മ ഇന്ദുലേഖ ദുബായില്‍ ഫിലിപ്സില്‍ ജോലി നോക്കുന്നു. അച്ഛന്‍ ബാലഗോപാല്‍ ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. പ്രിഥ്വിരാജിന്‍റെ ‘സ്റ്റൈല്‍’ ഇഷ്ടപ്പെടുന്ന ചിക്കുവിന്‍റെ ആരാധനാപാത്രങ്ങള്‍ മോഹന്‍ലാലും ശോഭനയും.