മമ്മൂട്ടി പറഞ്ഞു - “സിബിഐ ഇനി ഇങ്ങനെ പോയാല്‍ പോരാ” !

ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (21:44 IST)
PRO
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ - നാല് സി ബി ഐ കഥകള്‍. മമ്മൂട്ടി എന്ന നടന്‍റെ ഗംഭീര അഭിനയപ്രകടനത്തിന് ഉദാഹരണമായ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ തകര്‍പ്പന്‍ കുറ്റാന്വേഷണ സിനിമകള്‍.

സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ഉടന്‍ വരുന്നു എന്ന് കുറേനാളായി കേള്‍ക്കുന്നുണ്ട്. ഇടയ്ക്ക് വന്ന ഒരു വാര്‍ത്ത സി ബി ഐയുടെ അഞ്ചാം ഭാഗത്തില്‍ നായകന്‍ മമ്മൂട്ടി അല്ല എന്നതാണ്. സുരേഷ്ഗോപിയെ നായകനാക്കി ഒരു സി ബി ഐ കഥ വരുന്നു എന്നും കേട്ടു. പിന്നീട് കെ മധു പറഞ്ഞത് ‘സേതുരാമയ്യരായി മമ്മൂട്ടി തന്നെ’ എന്നാണ്.

ഏഷ്യാനെറ്റിലെ ഓണ്‍ റെക്കോര്‍ഡ് പരിപാടിയില്‍ കെ മധു സി ബി ഐ ചിത്രങ്ങളെ പരാമര്‍ശിച്ച് സംസാരിച്ചു. “സി ബി ഐ സീരീസിലെ അഞ്ചാം സിനിമയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്, സേതുരാമയ്യര്‍ ഇനി ഇങ്ങനെ അന്വേഷിച്ചാല്‍ പോരാ എന്നാണ്. ക്യാന്‍‌വാസ് കുറച്ചുകൂടി വലുതാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിദേശത്തൊക്കെ ഷൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കഥയായിരിക്കണം. അങ്ങനെ ഒരു കഥ ഞാനും സ്വാമിയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്” - കെ മധു വ്യക്തമാക്കി.

അടുത്ത പേജില്‍ - കെ മധു ഒരുക്കുന്ന സി ബി ഐ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ?

PRO
കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ പുതിയ സി ബി ഐ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ? വ്യക്തമായ ഒരുത്തരം കെ മധു പറയുന്നില്ല.

“ഞാന്‍ സംവിധായകനും എസ് എന്‍ സ്വാമി തിരക്കഥാകൃത്തുമായി ഒരു സി ബി ഐ സിനിമ വരും. അത് സത്യമാണ്. 2014 ജനുവരിയിലോ ഫെബ്രുവരിയിലോ അത് സംഭവിക്കും” - കെ മധു പറഞ്ഞു.

സി ബി ഐ സീരീസിലെ ജാഗ്രതയും നേരറിയാന്‍ സി ബി ഐയും വേണ്ടത്ര വിജയിക്കാതിരുന്നതിന്‍റെ കാരണവും കെ മധു ഓണ്‍ റെക്കോര്‍ഡില്‍ കണ്ടെത്തുന്നു.

“1988ലാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം, 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത വന്നു. ജാഗ്രത ഒരു മികച്ച ചിത്രമായിട്ടും അത് വലിയ വിജയമാകാതെ പോയി. സി ബി ഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതേ അബദ്ധം ഞങ്ങള്‍ പിന്നീടും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി ബി ഐ ചരിത്രവിജയമായി. 2005ല്‍ തന്നെ ഞങ്ങള്‍ നേരറിയാന്‍ സി ബി ഐ ചെയ്തു. ജാഗ്രതയുടെ അതേ വിധി നേരറിയാന്‍ സി ബി ഐക്കുമുണ്ടായി” - കെ മധു വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - സേതുരാമയ്യര്‍ ജനിച്ച കഥ!

PRO
1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.

“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” - അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു.

മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. ജനങ്ങള്‍ ഇപ്പോഴും സേതുരാമയ്യരെ ആവേശത്തോടെ ഓര്‍ക്കുകയും ഓരോ പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും അവ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

എസ് എന്‍ സ്വാമി തന്നെ സാഗര്‍ എലിയാസ് ജാക്കിയെയും പെരുമാളിനെയുമൊക്കെ വീണ്ടും പരീക്ഷിച്ചെങ്കിലും സേതുരാമയ്യര്‍ക്ക് ലഭിച്ച വരവേല്‍പ്പ് അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. അതും സേതുരാമയ്യരുടെ ജനപ്രീതിക്ക് ഉദാഹരണമാണ്.

വെബ്ദുനിയ വായിക്കുക