ഇന്ത്യന്‍ സിനിമയില്‍ വളരെ വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് ബാലു മഹേന്ദ്ര. അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച സിനിമകളും സംവിധാനം ചെയ്ത ചിത്രങ്ങളും നവീനമായ ഒരു അനുഭവമെന്ന നിലയില്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റുവാങ്ങിയത്. മമ്മൂട്ടി അഭിനയിച്ച ‘യാത്ര’ എന്ന ഒറ്റച്ചിത്രം മതി ബാലു മഹേന്ദ്ര എന്ന സംവിധായകനെ എക്കാലവും ഓര്‍മ്മിക്കാന്‍.
യാത്രയുടെ ചിത്രീകരണ ഘട്ടത്തില്‍ മമ്മൂട്ടി എന്ന നടന്‍ പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവത്തേക്കുറിച്ച് ബാലു മഹേന്ദ്ര പുതിയ ലക്കം മാധ്യമം ആഴ്ചപ്പതില്‍ എഴുതിയിട്ടുണ്ട്. “യാത്ര സിനിമയില്‍ ജയിലില്‍ പാറമടയിലെ ഷൂട്ടിംഗ് വളരെ റിസ്കേറിയതും കടുപ്പവുമായിരുന്നു. അവിടെയെല്ലാം വലിയ സപ്പോര്‍ട്ടായിരുന്നു മമ്മൂട്ടി തന്നത്. സാധാരണ നായക നടന്‍മാര്‍ കാണിക്കാത്ത ആത്‌മാര്‍ത്ഥത പലേടത്തും മമ്മൂട്ടിയില്‍ നിന്ന് എനിക്ക് ലഭിച്ചു. ആ സിനിമയുടെ ചിത്രീകരണത്തിലുടനീളം മമ്മൂട്ടി എടുത്ത റിസ്ക് ഇന്നും എന്നില്‍ ബഹുമാനം ജനിപ്പിക്കുന്നുണ്ട്” - ബാലു മഹേന്ദ്ര വ്യക്തമാക്കുന്നു.
“ഊട്ടിയുടെ തണുത്ത മഞ്ഞുകാറ്റ് പെയ്യുന്ന പ്രഭാതങ്ങളിലാണ് ഷൂട്ടിംഗ് തുടങ്ങുക. രാവിലെ തന്നെ മമ്മൂട്ടി സെറ്റില്‍ ഹാജരാകും. പുറത്തുനിന്ന് തണുത്ത് ചുണ്ടുകള്‍ പൊട്ടിയ അവസ്ഥയാണ് ചിത്രീകരിക്കേണ്ടത്. അതിനായി ചുണ്ടില്‍ മെഴുകുപുരട്ടി വെടിപ്പിച്ചെടുത്തു. രാവിലെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ പുരട്ടുന്ന മെഴുക് വൈകുന്നേരം അവസാന സീനും ചിത്രീകരിച്ചിട്ടേ എടുത്തുമാറ്റൂ. അത്രയും നേരം ഭക്ഷണമൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് മമ്മൂട്ടി സെറ്റിലുണ്ടാകും. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴുമെല്ലാം അച്ചടക്കമുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലെ അയാള്‍ അവിടെയുണ്ടാകും. എല്ലാ കാര്യങ്ങളും വളരെ കൌതുകത്തോടെ വീക്ഷിച്ച് അങ്ങനെ ഇരിക്കും. അത്രയും ഡെഡിക്കേറ്റഡായ ഒരാട്ടിസ്റ്റ് ആയതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച നടനായി മാറിയത്” - ബാലു മഹേന്ദ്ര പറയുന്നു.
അടുത്ത പേജില്‍ - മമ്മൂട്ടിയോട് ആദരവും ബഹുമാനവും !
PRO
യാത്ര എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ മമ്മൂട്ടി എന്ന നടന്‍ തനിക്ക് സമ്മാനിച്ച വിസ്മയങ്ങള്‍ ഏറെയാണെന്ന് ബാലു മഹേന്ദ്ര വ്യക്തമാക്കി.
“ഷൂട്ടിംഗിന്‍റെ ഓരോ ഘട്ടത്തിലും തന്‍റെ വേഷത്തേക്കുറിച്ചും മനോവ്യാപാരത്തെക്കുറിച്ചും മമ്മൂട്ടി തിരക്കും. ഓരോ സീനിലും തന്‍റെ കഥാപാത്രത്തെ വ്യക്തിത്വമുള്ളതാക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു” - ബാലു മഹേന്ദ്ര പറയുന്നു. ഷൂട്ടിംഗിന്‍റെ തിരക്കിനിടയില്‍ എല്ലാ വെള്ളിയാഴ്ചയും അഞ്ചുമിനിറ്റ് നേരം മമ്മൂട്ടി നിസ്കരിക്കുമായിരുന്നതിനെയും ഈ ഓര്‍മ്മക്കുറിപ്പില്‍ ബാലു മഹേന്ദ്ര പരാമര്‍ശിച്ചിട്ടുണ്ട്.
“അദ്ദേഹത്തിലെ വിശ്വാസിയെ ഞാന്‍ ആദരിക്കുന്നു. അതിലേറെ ബഹുമാനിക്കുന്നു. വിശുദ്ധിയുള്ള മനസില്‍ മാത്രമേ വിശ്വാസം നിലനില്‍ക്കുകയുള്ളൂ. നിലനില്‍പ്പുള്ള വിശ്വാസമാണ് മനുഷ്യസ്നേഹമുള്ള വ്യക്തിത്വത്തിന്‍റെ അടിത്തറ. ആ അടിത്തറ ഞാന്‍ മമ്മൂട്ടിയില്‍ കണ്ടു.”
“യാത്രയുടെ ഷൂട്ടിംഗ് കഴിയുന്നതുവരെ മമ്മൂട്ടിയെ ഞാന്‍ നിശബ്ദമായി നിരീക്ഷിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും അയാള്‍ ആവേശത്തോടെ ഉണ്ണികൃഷ്ണനെന്ന കടലാസിലെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ വെള്ളവും വായുവും തേടുന്ന കാഴ്ചയാണ് കണ്ടത്. സിനിമയുടെ അവസാനം വരെ ആ തിരച്ചില്‍ അയാള്‍ തുടര്‍ന്നു. സ്വന്തം കഥാപാത്രത്തിന് വളര്‍ന്നു വികസിക്കാനുള്ള ഇടങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു” - ബാലു മഹേന്ദ്ര ഓര്‍മ്മിക്കുന്നു.