പ്രാഞ്ചിയേട്ടന്‍ കോപ്പിയടിയല്ലെന്ന് രഞ്ജിത്

വെള്ളി, 27 ജൂലൈ 2012 (15:47 IST)
PRO
2010 സെപ്റ്റംബര്‍ 10നാണ് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന സിനിമ റിലീസായത്. ആറ്‌ പതിറ്റാണ്ട് മുമ്പ് ഫ്രഞ്ച് - ഇറ്റാലിയന്‍ ഭാഷകളില്‍ റിലീസായ ‘ലെ പെറ്റിറ്റ് മോന്ദെ ദെ ഡോണ്‍ കാമില്ലോ’ എന്ന സിനിമയുമായി പ്രാഞ്ചിയേട്ടന് സാദൃശ്യമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ റിപ്പോര്‍ട്ട് വന്നു. മലയാള സിനിമയില്‍ ഇപ്പോള്‍ കോപ്പിയടിച്ചിത്രങ്ങളുടെ ചാകരക്കാലമാണല്ലോ. പ്രാഞ്ചിയേട്ടനും ഈ ഗണത്തില്‍ പെട്ടുവോ എന്ന് വായനക്കാര്‍ക്ക് ആകാംക്ഷ തോന്നുക സ്വാഭാവികം.

എന്നാല്‍ തന്‍റെ പ്രാഞ്ചിയേട്ടന്‍ ഒറിജിനലാണെന്ന് സംവിധായകന്‍ രഞ്ജിത് തന്നെ വ്യക്തമാക്കുന്നു.

“ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ഫ്രഞ്ച് - ഇറ്റാലിയന്‍ ചിത്രവുമായി പ്രാഞ്ചിയേട്ടന് യാതൊരു ബന്ധവുമില്ല. ഈ റിപ്പോര്‍ട്ട് വായിക്കുന്നതുവരെ ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ല. എന്തായാലും ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് ഞാന്‍ അതിന്‍റെ തിരക്കഥ പൂര്‍ണമായും വായിച്ചു. എനിക്ക് ഒരു സാമ്യതയും കണ്ടെത്താന്‍ കഴിഞ്ഞില്ല” - രഞ്ജിത് വ്യക്തമാക്കി.

1952ല്‍ റിലീസായ ‘ലെ പെറ്റിറ്റ് മോന്ദെ ദെ ഡോണ്‍ കാമില്ലോ’ എന്ന സിനിമയുടെ മൂലകഥയുമായി പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റിന് സാദൃശ്യമുണ്ടെന്നായിരുന്നു ആ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതൊരു കോപ്പിയടിയാണെന്ന് ആരോപിക്കുന്നില്ലെങ്കിലും കഥയുടെ സാദൃശ്യം ചൂണ്ടിക്കാട്ടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

“കോപ്പിയടി സംവിധായകരുടെ കൂട്ടത്തില്‍ ഞങ്ങള്‍ പെടില്ല. പ്രാഞ്ചിയേട്ടന്‍ ഒരു ഒറിജിനല്‍ സ്ക്രിപ്റ്റാണ്. ഏറെ അഭിനന്ദനങ്ങള്‍ നേടിയ ചിത്രം. ഞങ്ങളെ കരിവാരിത്തേക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍” - രഞ്ജിത്തിന്‍റെ സംവിധാന സഹായിയും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

വാല്‍ക്കഷണം: ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്. ദേശീയ അവാര്‍ഡിനുവേണ്ടി പരിഗണിക്കപ്പെട്ടിരുന്നു. ഒട്ടേറെ ചാനല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി. ഇപ്പോഴും പല വിദേശ ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. വെറും 1.9 കോടി രൂപയാണ് പ്രാഞ്ചിയേട്ടന്‍റെ നിര്‍മ്മാണച്ചെലവ്. ചിത്രം 19.78 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.

വെബ്ദുനിയ വായിക്കുക