പ്രകാശ്‌രാജിനൊപ്പം എങ്ങനെ ജോലി ചെയ്യും?: രഞ്ജിത്

വെള്ളി, 30 മാര്‍ച്ച് 2012 (17:22 IST)
PRO
മലയാള സിനിമ ഇന്ന് രഞ്ജിത് എന്ന മനുഷ്യനു ചുറ്റുമാണ് കറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മരാജന്‍ മലയാള സിനിമയെ നിയന്ത്രിച്ചിരുന്നു എങ്കില്‍ ഇന്ന് ആ സ്ഥാനം രഞ്ജിത്തിനാണ്. രഞ്ജിത്തിന്‍റെ സിനിമയുമായി സഹകരിക്കാന്‍ രാജ്യത്തെ പ്രമുഖ താരങ്ങളും സാങ്കേതികവിദഗ്ധരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണെന്നറിയാന്‍ രാജ്യം മുഴുവന്‍ കാതുകൂര്‍പ്പിക്കുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രകാശ് രാജ് എന്ന മഹാനടന്‍ രഞ്ജിത്തിനെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ മോളിവുഡിലെ ചര്‍ച്ചാവിഷയം. മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത് ചിത്രം സ്പിരിറ്റില്‍ പ്രതിനായകവേഷം അവതരിപ്പിക്കേണ്ടിയിരുന്നത് പ്രകാശ് രാജാണ്. രഞ്ജിത്തിനെ നേരില്‍ കണ്ട് തന്‍റെ കഥാപാത്രത്തെക്കുറിച്ചെല്ലാം മനസിലാക്കിയാണ് അദ്ദേഹം കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ പ്രകാശ് രാജ് പിന്നീട് സ്പിരിറ്റില്‍ നിന്ന് പിന്‍‌മാറി.

ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു പ്രകാശ് രാജിന്‍റെ പിന്‍‌മാറ്റം. ഇതേക്കുറിച്ച് രഞ്ജിത് വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

“പ്രകാശ് രാജിന്‍റെ സമീപനം തീര്‍ത്തും അണ്‍പ്രൊഫഷണലാണ്. ആദ്യം സിനിമയില്‍ അഭിനയിക്കാമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചു. പിന്നീട് വാക്കുമാറി. പ്രതിഫലത്തെച്ചൊല്ലിയായിരിക്കാം അദ്ദേഹം പിന്‍‌മാറിയത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇങ്ങനെ സംഭവിച്ചത് നന്നായി. ഇത്രയും നിരുത്തരവാദപരമായും അണ്‍പ്രഫഷണലായും പെരുമാറുന്ന ഒരാള്‍ക്കൊപ്പം ജോലി ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്” - രഞ്ജിത് ഒരു വെബ് പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

“പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ സമീപിച്ച സമയത്ത് പ്രതിഫലത്തിന്‍റെ കാര്യം പ്രകാശ് രാജിന് ചര്‍ച്ച ചെയ്യാമായിരുന്നു. അതിന് പകരം പിന്നീട് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അതുണ്ടായില്ല.” - രഞ്ജിത്ത് പറയുന്നു.

ഫോണ്‍ കോളുകള്‍ക്കോ എസ് എം എസ് സന്ദേശങ്ങള്‍ക്കോ പ്രകാശ് രാജ് പ്രതികരിച്ചില്ല. ഇതാണ് രഞ്ജിത്തിനെ ചൊടിപ്പിച്ചത്. പ്രകാശ് രാജിന് പകരം തന്‍റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന് ആ കഥാപാത്രത്തെ നല്‍കി. ഇപ്പോള്‍ ‘സ്പിരിറ്റ്’ ചിത്രീകരണം പുരോഗമിക്കുന്നു.

വെബ്ദുനിയ വായിക്കുക