പൃഥ്വി തിരിച്ചുവന്നിരുന്നെങ്കില്‍ ഞാന്‍ പോയേനെ: ഉണ്ണി മുകുന്ദന്‍
വ്യാഴം, 31 മെയ് 2012 (18:14 IST)
PRO
മല്ലുസിംഗ് എന്ന സിനിമയിലേക്ക് പൃഥ്വിരാജ് മടങ്ങിവന്നിരുന്നെങ്കില്‍ തനിക്ക് അവസരം നഷ്ടമാകുമായിരുന്നു എന്ന് യുവനായകന്‍ ഉണ്ണി മുകുന്ദന്‍. മല്ലുസിംഗ് റിലീസായതിനു ശേഷമാണ് ഈ സിനിമ തനിക്ക് ലഭിച്ചെന്ന് വിശ്വാസമായതെന്നും ഉണ്ണി പറയുന്നു.
മല്ലുസിംഗില്‍ ആദ്യം നായകനായി നിശ്ചയിച്ചത് പൃഥ്വിരാജിനെയായിരുന്നു. പൃഥ്വിക്ക് ഡേറ്റില്ലാത്തതിനാലാണ് സംവിധായകന്‍ വൈശാഖ് ആ റോളിലേക്ക് ഉണ്ണി മുകുന്ദനെ നിശ്ചയിച്ചത്.
“പൃഥ്വിരാജിനെ നായകനായി തീരുമാനിച്ചിരുന്ന സിനിമയാണ് മല്ലുസിംഗ്. പൃഥ്വിക്ക് ഡേറ്റ്ക്ലാഷ് വന്നതുകൊണ്ടു മാത്രമാണ് എനിക്ക് ഈ സിനിമ ലഭിച്ചത്. പൃഥ്വി ഈ സിനിമയിലേക്ക് തിരിച്ചു വന്നാല്‍ എന്‍റെ അവസരം നഷ്ടപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. മല്ലുസിംഗ് റിലീസായതിനു ശേഷമാണ് ഈ സിനിമ എനിക്കു ലഭിച്ചെന്ന് വിശ്വാസമായത്. ഇപ്പോള്‍ മല്ലുസിംഗ് ഒരു വലിയ വിജയമാകുമ്പോള്‍ വളരെ സന്തോഷമാണ് തോന്നുന്നത്” - രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.
“തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമ എനിക്ക് ലഭിച്ചതും മറ്റൊരു ആര്‍ട്ടിസ്റ്റ് പിന്‍മാറിയപ്പോഴാണ്. അതുപോലെ തന്നെ മല്ലുസിംഗ്. ഇനി അഭിനയിക്കുന്ന പാതിരാമണലും അങ്ങനെ തന്നെ. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു വലിയ ചിത്രമാണ് പാതിരാമണല്‍” - ഉണ്ണി വെളിപ്പെടുത്തുന്നു.
പാതിരാമണലില്‍ ജയസൂര്യയുടെ മകനായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ജയസൂര്യ തന്നെ ചെയ്യാനിരുന്ന കഥാപാത്രമാണ് അത്. എന്നാല്‍ ജയസൂര്യയുടെ കാലിന് അപകടം പറ്റിയതിനാല്‍ ഷൂട്ടിംഗ് മുടങ്ങുകയും പിന്നീട് അദ്ദേഹത്തിന് ഡേറ്റ് ക്രമീകരിച്ചുനല്‍കാന്‍ കഴിയാതെവരുകയും ചെയ്തപ്പോള്‍ ആ അവസരം ഉണ്ണി മുകുന്ദന് ലഭിക്കുകയായിരുന്നു.