നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും നടിയും സംവിധായികയുമായ രേവതി. ആക്രമിക്കപ്പെട്ട നടിക്കായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും രേവതി വ്യക്തമാക്കുന്നു.
ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രേവതി ഇക്കാര്യം പറയുന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് ‘അവള്‍ക്കൊപ്പം’ എന്ന ചുവടുവച്ചിരിക്കുകയാണെന്ന് രേവതി പറയുന്നു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്നതാണ് തങ്ങളുടെ നിലപാടെന്നും നടിക്ക് നിയമപരമായി കിട്ടേണ്ട നീതി കിട്ടണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും രേവതി വ്യക്തമാക്കുന്നു. ബലാല്‍സംഗ കേസുകളുടെ അന്ത്യം കാണാന്‍ പലപ്പോഴും പത്തും പതിനഞ്ചും കൊല്ലമെടുക്കുന്നു. അതുകൊണ്ട് അക്രമികള്‍ക്ക് ധൈര്യം കൂടുകയാണ്. എന്തു ചെയ്താലും ഇത്രയൊക്കെയേ ഉള്ളൂ എന്ന തോന്നല്‍ വരുന്നു. ഈ കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിര്‍ബ്ബന്ധം ഞങ്ങള്‍ക്കുണ്ട് - ദേശാഭിമാനിക്കുവേണ്ടി ശ്രീകുമാര്‍ ശേഖര്‍ തയ്യാറാക്കിയ അഭിമുഖത്തില്‍ രേവതി പറയുന്നു.
"ഇവിടെ പലരും പീഡനങ്ങള്‍ പറയാന്‍ മടിക്കുന്നു. കരിയറില്‍ നിലനില്‍ക്കണം എന്നുകരുതി പലരും പലതും മറച്ചുവെച്ചും സഹിച്ചും മുന്നോട്ടുപോകുന്നു. ഒരു വാക്കോ വാചകമോ പറഞ്ഞാല്‍ പിന്നെ 'നമ്മള്‍ പുറത്ത്, നമ്മള്‍ അവസാനിച്ചു' എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. നമ്മളെ പിന്നെ വളരാന്‍ അനുവദിക്കില്ല എന്ന് പലരും കരുതുന്നു. 80 ശതമാനം പേര്‍ നിശബ്ദരായിരിക്കുന്നു. ബാക്കിയുള്ള 20 ശതമാനത്തില്‍ തന്നെ കുറച്ചുപേര്‍ മാത്രമേ പ്രതികരിക്കുന്നുള്ളൂ” - രേവതി വ്യക്തമാക്കുന്നു.