ട്വന്‍റി20 ഒരു വലിയ കോമാളിച്ചിത്രം?

വ്യാഴം, 31 ജനുവരി 2013 (18:02 IST)
PRO
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളായി മാറിയത് സി ഐ ഡി മൂസ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തോടെയാണ്. എന്നാല്‍ ഈ ടീം മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളായത് ‘ട്വന്‍റി20’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ മഹാവിജയത്തോടെയാണ്. സംവിധായകന്‍ ജോഷിയുടെയും ഏറ്റവും വലിയ കൊമേഴ്സ്യല്‍ വിജയചിത്രമായിരുന്നു ട്വന്‍റി20.

എന്നാല്‍ ഉദയനും സിബിയും ട്വന്‍റി20യെ അത്ര മഹത്തായ സിനിമയായൊന്നും കാണുന്നില്ല. മാത്രമല്ല, ആ സിനിമയെ വരും‌കാല തലമുറ ഒരു വലിയ കോമാളിച്ചിത്രമായേ വിലയിരുത്തൂ എന്നും ഇവര്‍ വ്യക്തമാക്കുന്നു.

“ട്വന്‍റി20ക്ക് വേണ്ടി ഒരുപാട് നടീനടന്‍‌മാരെ ഉള്‍ക്കൊള്ളിക്കുന്നതില്‍ വലിയ റിസ്കൊന്നും അനുഭവപ്പെട്ടിട്ടില്ല. ട്വന്‍റി20 ഒരു വലിയ വര്‍ക്കാണെന്നും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മലയാളത്തില്‍ ഇതിന് മുമ്പും ഇത്തരം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ വരും‌കാലങ്ങളില്‍ ട്വന്‍റി20 ഒരു വലിയ കോമാളിച്ചിത്രമായേ പുതിയ തലമുറ വിലയിരുത്തൂ” - ഒരുകോടിയോളം രൂപ തിരക്കഥയ്ക്ക് പ്രതിഫലമുള്ള തിരക്കഥാകൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.

“ട്വന്‍റി20 ചെയ്യുമ്പോള്‍ പ്രത്യേകിച്ച് പേടിയൊന്നും തോന്നിയിട്ടില്ല. സാധാരണ സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന റിസ്ക് മാത്രമേ ട്വന്‍റി20 ചെയ്യുമ്പോഴും ഉണ്ടായിട്ടുള്ളൂ. പിന്നെ താരസംഘടനയായ അമ്മയുടെ വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ വലിയൊരു ഉത്തരവാദിത്തബോധം തോന്നിയിട്ടുണ്ട്” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉദയനും സിബിയും പറയുന്നു.

അടുത്ത പേജില്‍ - ട്വന്‍റി20 ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂട്ടി!

PRO
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സിനിമയായിരുന്നു ട്വന്‍റി20. ഇത്രയും താരബാഹുല്യമുള്ള ഒരു സിനിമ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും കരുതുക വയ്യ.

ഈ സിനിമ ചെയ്യാന്‍ തങ്ങള്‍ക്ക് ധൈര്യം തന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് ഉദയ്കൃഷ്ണയും സിബി കെ തോമസും പറയുന്നു. “ഞങ്ങളെക്കൊണ്ട് ട്വന്‍റി20 ചെയ്യിക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് മമ്മുക്കയായിരുന്നു. ഞങ്ങള്‍ക്ക് ധൈര്യം തന്ന് സഹായിച്ചതും മമ്മുക്കയാണ്. സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും തൃപ്തി തോന്നിയ മെഗാവര്‍ക്ക് തന്നെയായിരുന്നു ട്വന്‍റി20. ഒരാള്‍ പോലും തങ്ങള്‍ക്ക് കിട്ടിയ റോള്‍ മോശമാണെന്ന് പറഞ്ഞിട്ടില്ല” - ഉദയനും സിബിയും പറയുന്നു.

ട്വന്‍റി20 നിര്‍മ്മിച്ചത് ദിലീപായിരുന്നു. മറ്റാരും തയ്യാറാകാതിരുന്നപ്പോള്‍ ആ ചുമതല ധൈര്യപൂര്‍വം ഏറ്റെടുത്തയാളാണ് ദിലീപ്. അതിന് വേണ്ടി ദിലീപ് ഒരുപാട് ത്യാഗം സഹിച്ചു. എന്നാല്‍ പടം മെഗാഹിറ്റായി മാറിയപ്പോള്‍ കോടികള്‍ ദിലീപിന്‍റെ കൈകളില്‍ എത്തിച്ചേരുകയും ചെയ്തു. ആ സിനിമയിലൂടെ ദിലീപ് കോടികള്‍ ലാഭം കൊയ്തത് ഒരു കുറ്റം എന്ന രീതിയില്‍ വിലയിരുത്തിയവരുമുണ്ട്.

“ദിലീപ് കോടികള്‍ കിട്ടുമെന്ന് ആഗ്രഹിച്ചല്ല ട്വന്‍റി20 നിര്‍മ്മിച്ചത്. സത്യത്തില്‍ ആ ഒരു വലിയ റിസ്ക് ദിലീപ് സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുള്ള നടീനടന്‍‌മാര്‍ ഉണ്ടായിട്ടും ട്വന്‍റി20 ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ദിലീപ് ആ ത്യാഗം ചെയ്തുകഴിഞ്ഞ് സിനിമ വിജയിച്ചപ്പോള്‍ ദിലീപിനെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ട്വന്‍റി20യുടെ സംവിധായകന്‍ ജോഷി ആകണം എന്നത് താരസംഘടനയായ അമ്മയുടെ തീരുമാനമായിരുന്നു” - കന്യകയ്ക്ക് വേണ്ടി പി ആര്‍ സുമേരന് അനുവദിച്ച അഭിമുഖത്തില്‍ ഉദയനും സിബിയും വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക