ഓടിനടന്ന് സിനിമ ചെയ്യുന്നയാളല്ല നടി പാര്‍വതി. വര്‍ഷത്തില്‍ കൂടിവന്നാല്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍. ചില വര്‍ഷങ്ങളില്‍ സിനിമയേ ചെയ്യില്ല. നല്ല കഥ, നല്ല കഥാപാത്രം, നല്ല തിരക്കഥ, നല്ല പ്രൊജക്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് ആ സിനിമയുടെ ഭാഗമാകാന്‍ പാര്‍വതി തീരുമാനിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീനായാലും ചാര്‍ലിയായാലും മരിയാനായാലും അങ്ങനെ തന്നെ പാര്‍വതി സെലക്ട് ചെയ്ത ചിത്രങ്ങളാണ്.
“പലരും ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ ചോദിച്ചിട്ടുണ്ട്, ഇങ്ങനെ മാറിനിന്നാല്‍ എല്ലാവരും മറക്കില്ലേ എന്ന്. ഒരുപാട് എക്സ്‌പോസ്ഡ് ആകാന്‍ എനിക്ക് ഇഷ്ടമല്ല. ഉദ്ദേശ്യശുദ്ധിയോടെ ജോലിയെടുക്കുകയാണെങ്കില്‍ നമുക്ക് കിട്ടേണ്ടത് കിട്ടിക്കോളുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നരവര്‍ഷത്തോളം ജോലി ഇല്ലാതെ ഇരുന്നിട്ടുണ്ട്. ആ സമയത്ത് എന്നെ ഇതില്‍ത്തന്നെ പിടിച്ചുനിര്‍ത്തിയത് ആ വിശ്വാസം മാത്രമായിരുന്നു. എനിക്ക് പേടിയില്ലാത്തതുകൊണ്ട് പറയാം, ചാര്‍ലി എന്‍റെ അവസാന പടമാണെങ്കില്‍ ആയിക്കോട്ടെ. ഞാന്‍ വേറെ വല്ല ജോലിയും നോക്കിക്കൊള്ളും. മറക്കപ്പെടുക എന്നുള്ളത് ഒരിക്കലും എന്നെ പേടിപ്പിക്കുന്നില്ല. മറന്നാല്‍ അത്രയും നല്ലത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.