മലയാളത്തിലെ ഏറ്റവും മികച്ച വിജയക്കൂട്ടുകെട്ടില് ഒന്നാണ് ദിലീപ് - കാവ്യാമാധവന്. ഒട്ടേറെ വമ്പന്‍ ഹിറ്റുകളില്‍ ഇവര്‍ ജോഡിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി ഈ ജോഡി സംഭവിക്കുന്നില്ല. വലിയ ഗോസിപ്പുകള്‍ പ്രചരിക്കപ്പെട്ടപ്പോള്‍ ഇവര്‍ ഒരുമിച്ച് സിനിമ ചെയ്യുന്നതും അവസാനിക്കുകയായിരുന്നു എന്നുവേണം പറയാന്‍. എങ്കിലും മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്, ദിലീപും കാവ്യയും ജോഡിയാകുന്ന സിനിമകള്‍ക്കുവേണ്ടി.
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചന്ദ്രേട്ടന് എവിടെയാ, 2 കണ്ട്രീസ് എന്നീ സൂപ്പര്‍ഹിറ്റുകളിലൂടെ ദിലീപ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇനിയും ആഘോഷസിനിമകള്ക്ക് തന്നെയായിരിക്കും താന്‍ പ്രാധാന്യം നല്‍കുക എന്നാണ് ദിലീപ് പറയുന്നത്.
“എന്റെ സിനിമകള്‍ എന്റര്ടെയ്നര് ആകണമെന്നാണു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. വെറും തമാശച്ചിത്രങ്ങള്‍ മാത്രമല്ല എന്റര്ടെയ്നര്. എന്റെ വിജയിച്ച ചിത്രങ്ങളില്‍ നര്‍മം നിര്‍ണായക ഘടകമാണ്. അതേ സമയം എന്റെ പരാജയപ്പെട്ട സിനിമകള്‍ മിക്കതും ഡ്രൈ ആണ്. തിയറ്ററുകളില്‍ ഉത്സവാഘോഷ പ്രതീതി സൃഷ്ടിക്കുന്നതാണ് എന്റെ ചിത്രങ്ങള്‍. സിനിമകള്‍ക്കു മണ്ണിന്റെ മണമില്ല എന്ന വാദമൊന്നും ഞാന്‍ കണക്കിലെടുക്കുന്നില്ല. ആഘോഷ സിനിമകള്‍ ചെയ്യാനും നല്ല ഹോം വര്‍ക്ക് വേണം. സത്യത്തില്‍ മീശമാധവനും ആക്ഷന്‍ സിനിമയല്ലേ? അടിക്ക് അടിയാണ് അതിലുള്ളത്. റണ്‍വേയും ലയണും ആക്ഷന്‍ സിനിമകളല്ലേ?” - ദിലീപ് ചോദിക്കുന്നു.