ഭാവിയില്‍ ഒരു പയ്യനും വീട്ടുകാര്‍ക്കും തന്‍റെ ഗതി വരരുതെന്ന് നടി കാവ്യാമാധവന്‍റെ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് എറണാകുളം കുടുംബക്കോടതിയിലെത്തിയ നിശാല്‍ ചന്ദ്ര മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കാവ്യയും കോടതിയിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു.
വിവാഹമോചന ഹര്‍ജിയില്‍ ഈ മാസം 28ന് കോടതി വിധി പറയും. ഒത്തുതീര്‍പ്പിനില്ലെന്ന് കാവ്യയും നിശാലും വ്യക്തമാക്കിയതോടെയാണ് വിധി പറയുന്നത് 28ന് നിശ്ചയിച്ചത്. കോടതി ഇരുവരെയും അവസാനവട്ട കൌണ്‍സിലിംഗിന് വിധേയരാക്കി. എന്നാല്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ല എന്ന് കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വിവാഹമോചനത്തിനുള്ള സത്യവാങ്മൂലത്തില്‍ കാവ്യയും നിശാലും ഒപ്പുവച്ചു. തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിശാലിനും കുടുംബത്തിനുമെതിരെ കാവ്യ കുടുംബക്കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് മുംബൈയിലായിരുന്ന കാവ്യ ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെത്തിയത്. കുവൈത്തില്‍ നിന്നാണ് നിശാല്‍ ചന്ദ്ര വന്നത്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം പരാജയപ്പെടുകയായിരുന്നു. വിവാഹം തകര്‍ന്നതിനെ തുടര്‍ന്ന് സിനിമയില്‍ തിരിച്ചെത്തിയ കാവ്യ ‘ഗദ്ദാമ’ എന്ന ചിത്രത്തിലെ അഭിനയമികവിന് 2010ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.