എന്‍റെ ഗുരു, എന്‍റെ പ്രചോദനം: രണ്‍ജി പണിക്കര്‍

ബുധന്‍, 28 മാര്‍ച്ച് 2012 (13:02 IST)
PRO
താന്‍ മനസില്‍ ആരാധിച്ചിരുന്ന, ഗുരുസ്ഥാനത്ത് കണ്ടിരുന്ന, എന്നും പ്രചോദനമായിരുന്ന തിരക്കഥാകൃത്തായിരുന്നു ടി ദാമോദരനെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. ദാമോദരന്‍ മാഷിനെ അനുകരിക്കാരിതിരിക്കാന്‍ താന്‍ ബോധപൂര്‍വം ശ്രമിക്കുകയും ബദ്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.

ദാമോദരന്‍ മാഷിന് എന്നെ വലിയ വാത്സല്യമായിരുന്നു. രണ്ടുദിവസം മുമ്പ് കോഴിക്കോട്ട് നിന്ന് കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. ഞങ്ങള്‍ ഏറെനേരം സംസാരിച്ചിരിക്കുകയും ചെയ്തു. അറിവിന്‍റെ മഹാസ്രോതസായിരുന്നു ദാമോദരന്‍ മാഷ് - രണ്‍ജി പണിക്കര്‍ അനുസ്മരിച്ചു.

തലസ്ഥാനം എന്ന സിനിമ എഴുതാനിരിക്കുമ്പോള്‍ ഞാനും ഷാജി കൈലാസും ദാമോദരന്‍ മാഷെഴുതിയ മിക്ക സിനിമകളും ആവര്‍ത്തിച്ച് കണ്ടു. ആ സിനിമകളായിരുന്നു തലസ്ഥാനത്തിലെ രംഗങ്ങളും സംഭാഷണങ്ങളും എഴുതാന്‍ എനിക്ക് പ്രചോദനമായത്. ആ സിനിമയെടുക്കാന്‍ ഷാജിക്ക് ഊര്‍ജം നല്‍കിയതും ദാമോദരന്‍ മാഷിന്‍റെ സിനിമകളായിരുന്നു - രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തി.

എന്നെ എക്കാലവും സ്വാധീനിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. അപാരമായ രാഷ്ട്രീയബോധവും ചരിത്രബോധവും ദാമോദരന്‍ മാഷിനുണ്ടായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും മണിക്കൂറുകളോളം ആധികാരികമായി സംസാരിക്കാനുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അറിവിന്‍റെ ഏറ്റവും ചെറിയ ഒരംശം മാത്രമാണ് തിരക്കഥകളിലൂടെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത് - രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്

വെബ്ദുനിയ വായിക്കുക