എനിക്കെല്ലാം തന്നത് ബാച്ച്‌ലര്‍ പാര്‍ട്ടി: അമല്‍ നീരദ്

ചൊവ്വ, 22 ഡിസം‌ബര്‍ 2015 (18:47 IST)
‘ബാച്ച്‌ലര്‍ പാര്‍ട്ടി’ അമല്‍ നീരദിന്‍റെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സിനിമയാണ്. അമല്‍ നീരദ് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണത്. ബോക്സോഫീസില്‍ അത്രയൊന്നും മികച്ച പ്രകടനമാ‍യിരുന്നില്ല ആ സിനിമ നടത്തിയതെന്നാണ് ഇതുവരെ സിനിമാപണ്ഡിതന്‍‌മാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമല്‍ നീരദ് പറയുന്നു തന്‍റെ ‘അമല്‍ നീരദ് പ്രൊഡക്ഷന്‍സ്’ എന്ന കമ്പനിയുടെ അടിത്തറ സൃഷ്ടിച്ചത് ബാച്ച്‌ലര്‍ പാര്‍ട്ടിയാണെന്നാണ്.
 
“അഞ്ച് സുന്ദരികളും ഇയ്യോബിന്റെ പുസ്തകവുമെല്ലാം ചെയ്യാനുള്ള പണം എനിക്ക് തന്നത് ബാച്ച്ലര്‍ പാര്‍ട്ടിയാണ്. അതായിരുന്നു എന്റെ ആദ്യ പ്രൊഡക്ഷന്‍. അതില്‍ നിന്നുണ്ടാക്കിയ പൈസ വച്ചിട്ടുതന്നെയാണ് അടുത്ത സിനിമകള്‍ ഞാന്‍ ചെയ്തിട്ടുള്ളത്. ഇതൊക്കെ പുറത്താണ് ചെയ്തിരുന്നതെങ്കില്‍ എനിക്ക് പഴികള്‍ മാത്രമാവും കേള്‍ക്കേണ്ടിവരിക. ബാച്ച്ലര്‍ പാര്‍ട്ടി ആയാലും ഇയ്യോബിന്റെ പുസ്തകമായാലും അതുതന്നെയാവും സ്ഥിതി. പക്ഷേ സ്വന്തമായി ചെയ്തപ്പോള്‍ മനസിലായി എന്താണ് അത്തരത്തിലുള്ള ആരോപണങ്ങളുടെയൊക്കെ യാഥാര്‍ഥ്യമെന്ന്” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ അമല്‍ നീരദ് പറയുന്നു. 
 
“ഞാന്‍ ആദ്യം ബോംബെയില്‍ ക്യാമറ ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിനിമ ചെയ്യാന്‍ കേരളത്തിലേക്ക് വരുന്നത്. ഒരുസമയത്ത് ഇവിടുത്തെ എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നു. അതില്‍നിന്ന് എന്നെ രക്ഷപെടുത്തിനിര്‍ത്തിയത് ബാച്ച്ലര്‍ പാര്‍ട്ടി എന്ന സിനിമയാണ്. അത് ആര്‍ക്കൊക്കെ അപ്രിയ സത്യമാണെങ്കിലും എനിയ്ക്ക് പ്രിയപ്പെട്ട സത്യമാണ്” - അമല്‍ നീരദ് പറയുന്നു.
 
2012 ജൂണ്‍ 15നാണ് ബാച്ച്‌ലര്‍ പാര്‍ട്ടി റിലീസാകുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, നിത്യ മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. എക്സൈല്‍‌ഡ് എന്ന ഹോങ്കോങ് ആക്ഷന്‍ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഒരുക്കിയത്.

വെബ്ദുനിയ വായിക്കുക