വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്ക് വിദേശ തൊഴിലാളികളുടെ വരവ് നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗള്‍ഫില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളമാണ് ഇതിന് കാരണം.
ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ വരും വര്‍ഷങ്ങളില്‍ വന്‍ തോതില്‍ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സാമ്പത്തിക വിദഗ്ദ്ധരും കരാറുകാരും റിക്രൂട്ടിംഗ് ഏജന്‍സികളുമാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ഗള്‍ഫിലെ എല്ലാരാജ്യങ്ങളിലും പ്രത്യേകിച്ച് സൌദി അറേബ്യയില്‍ ഇത് ശക്തമായി അനുഭവപ്പെടുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് മേഖലയില്‍ തൊഴിലാളികള്‍ക്കിടയില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. കുറഞ്ഞ ശമ്പളം പറ്റിയിരുന്ന പല വിദേശ ജോലിക്കാരും അവധിക്ക് പോയതിന് ശേഷം തിരിച്ചു വന്നിട്ടില്ല.
ഇവരില്‍ പലരും ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ സുതാര്യമായ തൊഴില്‍ നിയമങ്ങളാണ് യൂറോപ്പിലുള്ളത്. ഇതാണ് ഇവിടേയ്ക്ക് തൊഴിലാളികള്‍ കൂടുതലായി എത്താന്‍ കാരണം.
യൂറോപ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളും ഗള്‍ഫില്‍ നിന്നും നേരിട്ട് തന്നെ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അതേ സമയം സൌദി അറേബ്യയിലെ സ്വകാര്യസ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.