മികച്ച കരിയറിന് മറൈന്‍ കോഴ്സുകള്‍

ബുധന്‍, 30 ജനുവരി 2008 (13:31 IST)
KBJWD
മികച്ച ഒരു കരിയര്‍ ഉറപ്പാക്കുന്നതാണ് സമുദ്രവുമായി ബന്ധപ്പെട്ടുള്ള മറൈന്‍, നാവിഗേറ്റിംഗ് കോഴ്സുകള്‍. ഈ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ കടുത്ത പരീ‍ക്ഷകളേ നേരിടേണ്ടതായുണ്ട്.

ഇന്ത്യയെപ്പോലെ വിശാലമായ സമുദ്രാതിര്‍ത്തിയുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം സമുദ്രവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ ഗവേഷണ പഠനങ്ങള്‍ക്ക് വന്‍ പ്രാധാന്യമുണ്ട്. ഈ മേഖല രാജ്യത്ത് അതിവേഗം വികാസം പ്രാപിച്ചു വരികയാണ്. ഈ രംഗത്ത് കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്.

നാവിഗേഷന്‍ കോഴ്സ്,ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ്, മറൈന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് ഈ രംഗത്തെ പ്രധാന കോഴ്സുകള്‍. മികച്ച കരിയര്‍ ഉറപ്പാക്കുന്ന ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക പ്രയാസമാണ്. കടുത്ത മത്സരപരീക്ഷകളെ തരണം ചെയ്തെങ്കില്‍ മാത്രമേ ഈ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനാവൂ.

നാവിഗേഷന്‍ കോഴ്സിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. ബി.എസ്.സി നോട്ടിക്കല്‍ സയന്‍സിന് മൂന്നു വര്‍ഷവും മറൈന്‍ എഞ്ചിനീയറിംഗിന് നാല് വര്‍ഷവുമാണ് ദൈര്‍ഘ്യം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളോടെ പ്ലസ് ടു പാസായവര്‍ക്കാണ് പ്രവേശനം.

ഐ.ഐ.ടികള്‍ നടത്തുന്ന ജോയിന്‍റ് എന്‍‌ട്രന്‍സ് പരീക്ഷയിലെ മികച്ച പ്രകടനത്തിന്‍റെയും പേഴ്സണല്‍ ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. മറൈന്‍ കോഴ്സുകള്‍ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം, ഉദ്യോഗകയ്യറ്റം എന്നിവയുടെയൊക്കെ മേല്‍നോട്ടം വഹിക്കുക കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്.

വെബ്ദുനിയ വായിക്കുക