ശ്രീകാന്തിന് അഭിമാനിക്കാം

Webdunia
ചൊവ്വ, 1 ജനുവരി 2008 (18:10 IST)
P.S. AbhayanFILE

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ നജീബെന്ന ഗായകന്‍ ഗസല്‍ പാടുന്നു. പാട്ട് അവസാനിച്ചു. ജഡ്‌ജുമാരുടെ ഊഴമെത്തി. സംഗീതസംവിധായകന്‍ ശരത്തിന് തെറ്റുകള്‍ ഒന്നും പറയാനില്ലായിരുന്നു. സന്തോഷം കൊണ്ട് അദ്ദേഹം പൊട്ടികരഞ്ഞു. അത്ര മികച്ച രീതിയിലാണ് നജീബെന്ന തലക്കനമില്ലാത്ത ഗായകന്‍ പാടിയത്. ഇത് കണ്ടപ്പോള്‍ ലേഖകന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് പോയി.

കോഴിക്കോട് പ്രസ് ക്ലബില്‍ ജേര്‍ണലിസം പഠിക്കുന്ന കാലം. ഇപ്പോള്‍ മാതൃഭൂമി തൃശൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ എന്‍.പി സുരേന്ദ്രനാണ് ഞങ്ങളെ പഠിപ്പിക്കുന്നു. അദ്ദേഹം ശ്രീകാന്ത് കോട്ടക്കലിന്‍റെ ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ‘ഒരു പാട് പ്രതീക്ഷകള്‍ ഇവന്‍ നല്‍കുന്നു’, ഇതു പറയുമ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ശ്രീകാന്ത് കോട്ടക്കലിന്‍റെ വാര്‍ത്തകള്‍ ലേഖകന്‍ വളരെ ശ്രദ്ധയോടെ എന്നും വായിക്കാറുണ്ട്. ശ്രീകാന്തിന്‍റെ ബൈലൈന്‍ കണ്ടാല്‍ വേഗത്തില്‍ തന്നെ ആമുഖ ഖണ്ഡികയിലേക്ക് നോക്കും. ആമുഖ ഖണ്ഡികയില്‍ ഒരു ‘ ശ്രീകാന്ത് മാജിക്‘ ഉറപ്പാണ്.

പത്രപ്രവര്‍ത്തനത്തില്‍ കാവ്യ ചാരുത മനോഹരമായി ഉപയോഗിക്കുവാന്‍ കഴിയുന്ന മിടുക്കനാണ് ഈ യുവാവ്. ശ്രീകാന്തിന്‍റെ ഫീച്ചറുകളിള്‍ ദുര്‍മേദസ് ഇല്ലായെന്ന് തന്നെ പറയാം.

ശ്രീകാന്ത് കോട്ടക്കല്‍ രചിച്ച ‘ഒരു അന്തിക്കാട്ടുകാരന്‍റെ ലോകങ്ങള്‍’ക്ക് എന്‍.പി.സുരേന്ദ്രന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ നിരൂപണം വായിച്ചു. 2007 ല്‍ വായിച്ച മികച്ച നിരൂപണങ്ങളിലൊന്ന്. തുടര്‍ന്ന് ഈ പുസ്തകം വാങ്ങി വായിച്ചു. മനോഹരം. പുസ്തകത്തിന്‍റെ മികച്ച നിലവാരം ശ്രീകാന്തിന്‍റെ മറ്റ് രചനകള്‍ വായിച്ചവരെ അദ്ഭുതപ്പെടുത്തുകയില്ല.

സത്യന്‍ അന്തിക്കാട് മലയാളിക്ക് ‘അയലത്തെ വീട്ടിലെ സംവിധായകനാ‘ണ്‘. മലയാളിയെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ ശപഥമെടുത്തിരിക്കുന്ന സിനിമ സംവിധായകന്‍. വെള്ളിത്തിരയുടെ വര്‍ണ്ണപൊലിമ ഈ സംവിധായകന് ഒരു തലക്കനവും ഉണ്ടാക്കിയിട്ടില്ല.


P.S. AbhayanFILE
സത്യന്‍ അന്തിക്കാടെന്ന സംവിധായകനെ ഈ കൃതിയിലൂടെ ശ്രീകാന്ത് കോട്ടക്കല്‍ വിശകലനം ചെയ്യുന്നു. വാക്കുകളിലൂടെ മികച്ച ദൃശ്യാനുഭവം പകര്‍ന്നു നല്‍കുന്നതില്‍ ഗ്രന്ഥ കര്‍ത്താവ് നൂറ് ശതമാനം വിജയിച്ചിരിക്കുന്നു.

മലയാളിയെ കുറുക്കന്‍റെ കല്യാണം, നാടോടിക്കാറ്റ്,വരവേല്‍പ്പ് തുടങ്ങിയ സിനിമകളിലൂടെ ചിരിപ്പിച്ച് തോല്‍പ്പിച്ച സത്യന്‍ അന്തിക്കാട് ഈ നിലയിലെത്തിയത് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ല. ദാരിദ്യം, അവഗണന എന്നിവയോട് മത്സരബുദ്ധിയോടെ പോരാടിയാണ്. ഒരു ദരിദ്രന്‍ വിജയക്കൊടി പായിക്കുമ്പോള്‍ അതുണ്ടാക്കുന്ന വ്യാപ്തി വലുതാണ്. കാരണം, പട്ടിണി കടന്ന് സ്വന്തം ല‌ക്‍ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന ഒരു പാട് ദരിദ്രര്‍ക്ക് ഇത് പ്രചോദനം നല്‍കും.

ജീവിതം സത്യനെ സംബന്ധിച്ച് ഒരു പോരാട്ടം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്കും കള്ളിനും പ്രശസ്തമായ അന്തിക്കാടെന്ന ഗ്രാമമാണ് സത്യനെ ഊട്ടിവളര്‍ത്തിയത്. പറയാനുള്ളത് വളരെ നിഷ്‌കളങ്കമായി അല്ലെങ്കില്‍ വളച്ചുക്കെട്ടില്ലാതെ പറയുകയെന്ന പാഠം ഈ ഗ്രാമമായിരിക്കും സത്യനെ പഠിപ്പിച്ചത്.

അന്തിക്കാടുമായുള്ള സത്യന്‍റെ മുറിച്ചു മാറ്റുവാന്‍ കഴിയാത്ത ബന്ധം സമഗ്രമായി അതേസമയം സൌന്ദര്യത്തിന്‍റെ അംശം ചോര്‍ന്നു പോകാതെയും ശ്രീകാന്ത് വരച്ചു കാട്ടുന്നു. സാഹിത്യ,സാംസ്‌കാരിക മുന്നേറ്റങ്ങള്‍ കൊണ്ട് സജീവമായ കാലഘട്ടത്തില്‍ ജീവിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് സത്യന്‍ അന്തിക്കാട്.

ആ കാലഘട്ടത്തില്‍ അന്തിക്കാട് സാഹിത്യ,സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായിട്ട് സത്യന്‍ അന്തിക്കാടിനുണ്ടായിരുന്ന ബന്ധം മികച്ച ഗവേഷണ പിന്‍‌ബലത്തോടെയാണ് ശ്രീകാന്ത് അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമി ജോസഫ്, മോഹന്‍ലാല്‍ ഇവരുമായിട്ട് സത്യനുള്ള ബന്ധത്തെക്കുറിച്ചും ഗ്രന്ഥം പറയുന്നു. ഞാന്‍ ഈ ലോകത്തിന്‍റെ കേന്ദ്രമാണെന്ന ചിന്ത സത്യനെന്ന സംവിധായകന് ഇല്ലായെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്ക് അറിയാം. അപകര്‍ഷതയുടെ അടിത്തട്ടില്‍ നിന്ന് വരുന്ന ‘ജാഡ കോപ‘വും സത്യനില്ല. സാധാരണക്കാരനായ ആരാധകനും താരരാജാവായ മോഹന്‍ ലാലും സത്യന് ഒരു പോലെ

സാധാരണമായ സംഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് അസാധാരണമായ ശൈലിയിലാണ് ശ്രീകാന്ത് അവതരിപ്പിച്ചിരിക്കുന്നത്. സത്യത്തില്‍ ഈ ഗ്രന്ഥ രചന അനിവാര്യമായിരുന്നു. മലയാളിയുടെ അപകര്‍ഷതകളെയും ദു:ശാഠ്യങ്ങളേയും പരിഹസിച്ച് സുതാര്യമാ‍യ ചിത്രങ്ങള്‍ എടുക്കുന്ന സത്യന്‍ അന്തിക്കാടിനെക്കുറിച്ച് പുസ്തകം രചിക്കേണ്ടത് സാധാരണക്കാരനില്‍ സാധാരണക്കാരനെ ലക്‍ഷ്യമിട്ട് നിലവാരമുള്ള, മനോഹരമായ ശൈലിയിലുള്ള പത്രപ്രവര്‍ത്തന ശൈലി പിന്‍‌തുടരുന്നവരില്‍ ഒരാളായ ശ്രീകാന്ത് കോട്ടക്കല്‍ തന്നെയാണ്