വലിയ ചിന്തയുടെ ചെറിയ പുസ്തകം

Webdunia
FILEFILE
ഫ്രാന്‍സിലെ സാഹിത്യവും, ദാര്‍ശനികതയും മലയാളികള്‍ക്ക് അന്യമല്ല. അറുപതുകളില്‍ കാമുവും, സാര്‍ത്രും നമ്മുടെ ബുദ്ധിജീവ ചിന്തകളില്‍ നിറഞ്ഞു നിന്നിരുന്നു.1968 ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ത്ഥി കലാപം നമ്മുടെ വിപ്ലവ പ്രസ്ഥാനങ്ങളെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചു.

ഇപ്പോള്‍ ഫ്രാന്‍സ് നിയോ ലിബറല്‍ മൂല്യങ്ങളുടെ പിടിയിലാണ്. വലതുപക്ഷ നാഷ്‌ണല്‍ ഫ്രന്‍റിന്‍റെ സര്‍ക്കോസിയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ രാഷ്‌ട്രപതി. ഇടതുപക്ഷ ചിന്തകള്‍ക്ക് ഇപ്പോള്‍ ഫ്രാന്‍സില്‍ പറയത്തക്ക പ്രസക്തിയൊന്നുമില്ല.

എന്നാല്‍, പാവ്‌ലോഫിനെ പോലെയുള്ള എഴുത്തുകാര്‍ ഇപ്പോള്‍ സാഹിത്യത്തിലൂടെ നിയോലിബറല്‍ ഫാസിസ്റ്റ് മൂല്യങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നു. ഫ്രഞ്ചില്‍ പുറത്തിറങ്ങിയ മത്തബ്രോ ഇപ്പോള്‍ മലയാളത്തില്‍ തവിട്ടു നിറമുള്ള പ്രഭാതമെന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നു.

പത്തു വര്‍ഷത്തോളം നാസികളുടെ കോണ്‍സെന്‍‌ട്രേഷന്‍ ക്യാമ്പില്‍ കഴിയേണ്ടി വന്ന നിമോയളറുടെ ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ നോട്ടമിട്ടു . ഞാന്‍ പ്രതിഷേധിച്ചില്ല... എന്നു തുടങ്ങുന്ന കവിതയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ കഥ പാവ്‌ലോഫ് രചിച്ചതെന്ന് ഒരു പക്ഷെ നമ്മള്‍ക്ക് തോന്നാം. 14 പേജുകളില്‍ വിവരിക്കപ്പെടുന്ന ഈ കഥയുടെ മലയാളവിവര്‍ത്തനം നടത്തിയ ലീന ചന്ദ്രനെ അഭിനന്ദിക്കാതെയിരിക്കുവാന്‍ സാധ്യമല്ല. വളരെ ഹൃദ്യമായ രീതിയിലാണ് ഇവര്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഫാസിസത്തിന് എന്നും ആരാധകരുണ്ട്. അതിന് തവിട്ട് നിറത്തോടുള്ള ആരാധന ഹിറ്റ്ലറിന്‍റെ കാലത്ത് ഉള്ളതാണ്. ഹിറ്റ്ലറുടെ എസ്.എസ്.പടയുടെ വസ്ത്രത്തിന്‍റെ നിറം തവിട്ടായിരുന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസിന്‍റെ ട്രൌസേഴ്സിന്‍റെ നിറവും തവിട്ടാണ്.

സ്വര്‍ണവര്‍ണ്ണമുള്ള സവര്‍ണ്ണ ജീവികള്‍ മാത്രം ജീവിച്ചാല്‍ മതിയെന്ന ചിന്ത ഫാസിസ്റ്റുകള്‍ക്കുള്ളതെന്ന് കാവ്യഭാഷയില്‍ അഭിപ്രായപ്പെടാം. കറുത്ത, വെളുത്ത ജീവനുകള്‍ ഇല്ലാതാത്ത പൌരസ്വാതന്ത്ര്യവും, മാധ്യമസ്വാതന്ത്ര്യവും കുഴിച്ചുമൂടപ്പെട്ട ഒരു സമൂഹത്തില്‍ ഫാസിസത്തിന് വളര്‍ന്ന് പന്തലിക്കാന്‍ പറ്റും.

വൈവിധ്യത്തെ ഇല്ലാതാക്കാനാണ് ഫാസിസവും എന്നും ശ്രമിക്കുന്നത്. ഓരോ നിമിഷവും അവര്‍ ഭീതി പരത്തി തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നു. അതു കൊണ്ടാണ് തവിട്ടു നിറമുള്ള പ്രഭാതത്തിലെ നായകന്‍ വാതിലിന് മേല്‍ തട്ടു കേള്‍ക്കുമ്പോള്‍ ഭയക്കുന്നത്. ഫാസിസ്റ്റുകള്‍ക്ക് പ്രകൃതിയില്‍ പോലും ആര്യന്‍‌മഹിമയുള്ള, സ്വര്‍ണ്ണ നിറത്തിലുള്ള പ്രതീകങ്ങള്‍ ആവശ്യമാണെന്നതിന്‍റെ സൂചനയാണ് കഥാ നായകന്‍ അന്ത്യത്തില്‍ പുറത്ത് കാണുന്ന തവിട്ട് വെയില്‍.

ഒരു അന്യോപദേശ രീതിയിലൂടെ പാവ്‌ലോഫ് എല്ലാ അചേതന, ചേതന വസ്തുകള്‍ക്കും ഭീഷണിയായ ഫാസിസത്തിന്‍റെ ഭീകരത വിവരിക്കുന്നു;ലളിതമായ ആഖ്യാനശൈലിയിലൂടെ.