മക്കള്‍ അപ്പനെ ജനിപ്പിക്കുന്നതിന്‍റെ ചരിത്രം

Webdunia
WDWD
കൊറ്റാനിക്കര അയ്യമ്പിള്ളി ഔസേപ്പ്‌ എന്ന മനുഷ്യന്‍റെ മാത്രമല്ല പുത്തന്‍ കേരളത്തിന്‍റെ ജീവിത ചരിത്രമാണ്‌ എസ്‌ ആര്‍ ലാലിന്‍റെ ‘ജീവചരിത്ര’മെന്ന ഏറ്റവും പുതിയ പുസ്‌തകം. വായനക്കാരനെ വഴിതെറ്റിക്കുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യാത്ത സരസ ഭാഷയില്‍ തീര്‍ത്തും കാലികമായ ജീവിത പരിസരങ്ങളെ ചിത്രീകരിച്ചിരിക്കുകയാണ്‌ ലാല്‍.

അയ്യമ്പള്ളി ഔസേപ്പിന്‍റെ യഥാര്‍ത്ഥ ജീവചരിത്രം അയാളുടെ ബന്ധുക്കള്‍ക്ക്‌ ഭാരമാകുമ്പോള്‍, പുറത്തു പറയാന്‍ കൊള്ളാവുന്ന പുതിയ ജീവചരിത്രം അവര്‍ സൃഷ്ടിക്കുകയാണ്‌. കൊറ്റാനിക്കരയുടെ ഇതിഹാസകാരനായ കെ കെ തമ്പി രചിച്ച ‘അയ്യമ്പള്ളി ഔസേപ്പ്‌ കാലഘട്ടത്തിന്‍റെ വിസ്‌മയം’ എന്ന പുസ്‌തകത്തിന്‍റെ ഉള്ളടക്കത്തെ മക്കളും മരുമക്കളും ചേര്‍ന്ന്‌ കൊല ചെയ്യുകയാണ്‌.

പകരം ദിവ്യപുരുഷനായ അയ്യമ്പള്ളി ഔസേപ്പിനെ അവര്‍ പുസ്‌തകത്തില്‍ ജനിപ്പിക്കുന്നു. അഭിമാനക്ഷതം സംഭവിച്ച എഴുത്തുകാരന്‍ അയ്യമ്പള്ളിയുടെ യഥാര്‍ത്ഥ ജീവചരിത്രം ഗബ്രിയേലച്ചനെ ഏല്‍പ്പിച്ച്‌ ഒളിച്ചോടുകയാണ്‌. കേരളത്തിന്‍റെ സമകാലീന ചരിത്ര രചനയെ പരിഹസിച്ച്‌ നവീകരിക്കാനാണ്‌ ലാല്‍ ശ്രമിക്കുന്നത്‌. അയ്യമ്പള്ളി ഔസേപ്പ്‌ എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല പുസ്‌തകം പറയുന്നത്‌.

വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലും ദുരിതവും അതിവൈകാരികമല്ലാത്ത ഭാഷയില്‍ വിവരിക്കപ്പെടുമ്പോള്‍ അതിനോട്‌ ചേര്‍ത്തുവയ്‌ക്കാന്‍ പുതിയ തലമുറയുടെ കുരുത്തംകെട്ട ജീവിതവുമുണ്ട്‌. പഴയതലമുറയുടെ അതിജീവന സമരങ്ങള്‍ പുതിയ കാലഘട്ടത്തില്‍ വെറും തമാശകള്‍മാത്രമാണ്‌.

WDWD
വാത്സല്യവും സ്‌‌നേഹവും എല്ലാം കാലപഴക്കം കൊണ്ട്‌ ‘ക്ലീഷേ’ ആയി പോയ വികാരങ്ങളായി പരിണമിക്കുന്നു. അധ്വാനം മാത്രം ‌അതിജീവന മാധ്യമമായിരുന്ന ഒരു കുഗ്രാമം പട്ടണമായി മാമോദീസ മുങ്ങുന്നതോടെ മനുഷ്യമനസിലെ കാടുകളും കൈയ്യേറ്റം ചെയ്യപ്പെടുന്നു.

തലമുറകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ അനിവാര്യമായ മാറ്റത്തിന്‍റെ ക്രൂരതയാണെന്ന്‌ നോവലിസ്‌റ്റ്‌ ചൂണ്ടികാട്ടുന്നു. ചരിത്ര രചന എന്നത്‌ പിന്‍തലമുറയുടെ ചുമതലയാണ്‌. അവര്‍ അവര്‍ക്ക്‌ ഇഷ്ടപ്രകാരം ചരിത്രത്തെ വളച്ചൊടിക്കുന്നു. അതില്‍ മേനി നടിക്കുന്നു.

എഴുതപ്പെട്ട മാന്യമായ ചരിത്രത്തെക്കാള്‍ എത്രമാത്രം വിചിത്രവും പരിഹാസജനകവും ആയിരിക്കും സ്വന്തംചരിത്രമെന്നും വായനക്കാരന്‍ ചിന്തിച്ചു പോകും.

പുതിയ എഴുത്തുകാരുടെ സ്ഥിരം വാലായ്‌മകള്‍ പിടികൂടിയിട്ടില്ലെന്നതാണ്‌ എസ് ആര്‍ ലാലിന്‍റെ രചനാരീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇരുട്ടുകൊണ്ട്‌ ഓട്ട അടയ്‌ക്കാനും അമ്പരപ്പിക്കുന്ന രചനാ പരിസരം സൃഷ്ടിച്ച്‌ വായനക്കാരനെ ഞെട്ടിക്കാനും നോവലിസ്‌റ്റിന്‌ ഉദ്ദേശമില്ല. പറയാനുള്ള കാര്യത്തിലേക്ക്‌ നേരിട്ട്‌ കടന്നു ചെല്ലുന്നു. സമഗ്രമായ നര്‍മ്മഭാവനയോടെ.

കറന്‍റ്ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്‍റെ വില 55 രൂപയാണ്‌.