കവിതയുടെ ഉടുപ്പ്

വാക്കുകള്‍ക്കു പകരം ദൃശ്യങ്ങള്‍ വന്നു പോകുന്ന കാലത്താണ് എസ് കണ്ണന്‍ നില്‍ ക്കുന്നത്. ആ കാലം കണ്ണനെ ദൃശ്യങ്ങള്‍ കൊണ്ടാണ് നേരിടുന്നത്. കണ്ണന്‍റെ യുദ്ധങ്ങളും അങ്ങനെ തന്നെ.

കണ്ണന്‍റെ ഉടുപ്പ് എന്ന കവിതാ സമാഹാരം ദൃശ്യങ്ങളുടെ പുസ്തകം എന്നാണ് പറയേണ്ടത്.പലവാക്കുകള്‍കൊണ്ട് ഒരു സംഭാഷണത്തെപൂര്‍ത്തിയാക്കുന്നതിലെ ഒരുതരം ജാഗ്രത ഈ പുസ്തകത്തിനകത്തുണ്ട്.

ഒരുമിച്ചു കൂട്ടാതെ ചിതറിപ്പോയ കാഴ്ചകളില്‍ നിന്നുമാണ് കണ്ണന്‍ അസാധാരണങ്ങളായ ദൃശ്യങ്ങളെ പൊലിപ്പിക്കുന്നത്.

ഒരു താമരക്കുളം/ അതിന്‍റെ രാത്രിയെ/ ഇലകളാല്‍ മറയ് ക്കുന്നു.

ചാറ്റല്‍ മഴ/ കുടകളില്‍ മറവു ചെയ് തവര്‍/ പടിയിറങ്ങി/കുന്നില്‍ നിന്ന് നോക്കുമ്പോള്‍/ നഗരം കരിങ്കുടങ്ങളുടെ കുടീരം/ വെളുത്തചുമരുകള്‍/ മലയിറങ്ങിയ വെള്ളാടുകള്‍/അനക്കമില്ലാതെ നദികടക്കുന്നു/-- കരിങ്കുതിരകള്‍.

ദൃശ്യങ്ങളുടെ ഈ അസാധാരണത്വങ്ങളെ നിങ്ങള്‍ക്ക് അനായാസം കൈകടത്താന്‍ കണ്ണന്‍ അനുവദിക്കുന്നില്ല.

നിങ്ങളില്‍ ജാഗ്രതയുടെ ഒരംശം വേണമെന്നു പറയുന്നതിലെ സൂത്രമുണ്ടമുണ്ടല്ലോ. അതു നമ്മെ ചില കടന്നു കയറ്റങ്ങളിലൂടെ കൊണ്ടുപോകും.

വാളിന്‍റിയര്‍മാരുടെ ശ്രദ്ധയ്ക്ക് എന്ന കവിതയില്‍ ഇയാള്‍ അക്രമാസക്തനാകുന്നുണ്ട്.

ആസക്തിയുടെ ഒപ്പം ഒരു അക്രമം - ട്രയിനില്‍ ഒരു കമ്പാര്‍ട്ടുമെന്‍റ് പിടിപ്പിക്കുന്നതു പോലെ.

പ്രകൃതിയുടെ മൗനത്തിന് ആധിപത്യമുള്ള മന്ദഗതിയില്‍ ജീവിക്കുന്ന കാലമാണ് കണ്ണനന്‍റെ കവിതയുടെ സവിശേഷതയെന്ന് "അജയ്.പി മങ്ങാട്ട് ആമുഖത്തില്‍ നിരീക്ഷിക്കുന്നു.

മന്ദഗതിയിലല്ലാതെയും കണ്ണനില്‍ സഞ്ചാരങ്ങളുണ്ട്.

ചരിത്രത്തിലൂടെ മറ്റാര്‍ക്കോവേണ്ടി ഓടുന്ന കുതിരയെ "കുതിര 'എന്ന കവിതയില്‍ കണ്ണന്‍ കൊണ്ടുവരുന്നുണ്ട്. കുതിരകള്‍ പിന്നേയുമുണ്ട്, പല വേഗത്തില്‍ പായുന്നവ, "കരിങ്കുതിരക"ളിലവയുടെ വേഗതയുമുണ്ട്.

കാഴ്ചകള്‍ക്കു മുകളിലൂടെയാണ് കണ്ണന്‍ ഓടിപ്പോകുന്നത്. ഉറക്കെത്തനെയാണ് ആ ഓട്ടവും.

മകള്‍ക്ക് എന്ന കവിതയുടെ ആങ്കിള്‍ നോക്കുക.
ക്യാമറ താഴെനിന്നും മുകളിലേക്ക് .

നഗരത്തിലേക്ക് അവരുടെ നടുവില്‍ നടക്കുന്ന അവള്‍ക്ക് തിരികെ വരുമ്പോള്‍ പാവകളേമാത്രമേ ഉള്ളില്‍ കരുതാനാകൂ.

കണ്ണനു ചുറ്റും ഉള്ളത് തുടര്‍ച്ചകളില്ലാത്ത, വേഗങ്ങളുടെ നഗരമാണ്.

"ഇടനഗരങ്ങളില്‍ ഒന്നില്‍ 'എന്ന കവിതയില്‍ കണ്ണന്‍ അതു പറയുന്നുമുണ്ട്.
പെട്ടന്ന് വഴിതിരിഞ്ഞ് ട്രക്ക്/പച്ചയില്‍ കാവികലര്‍ന്ന നിറം/
തിരയടിക്കുന്ന തലകള്‍ക്ക് മീതെ ഉയര്‍ന്ന ബോണറ്റ്/
വശങ്ങളില്‍ പഴുതുകള്‍ അടച്ചു കൊണ്ടുള്ള / അമര്‍ന്ന മുന്നേറ്റം

നഗരത്തിന്‍റെ താളങ്ങളില്‍ പോകുന്ന കണ്ണനല്ല്ള, പൊക്കിളോളം പുതലിച്ചു പൊടിയുന്നതുവരെ/ ഒരു മരക്കഷണമെങ്കിലുമാവാം എന്നു "ശേഷിപ്പില്‍ 'പറയുന്നയാള്‍.

രണ്ടിലും ഏകാന്തത നിലനിര്‍ത്തുന്നുണ്ട്.

ഒന്നില്‍ അക്ഷമയും ക്രൗര്യവും ഉണ്ടെങ്കില്‍ രണ്ടാമത്തെതില്‍ യാത്രകളിലൂടെ വിശുദ്ധമാക്കപ്പെട്ട ബുദ്ധന്‍റെ ഊര്‍ജ്ജമാണ് നല്‍കുന്നത്.

ഒരു ആയുസ്സിനോളം പഴക്കമുള്ള ധ്വനികള്‍ സൃഷ് ടിക്കാന്‍ "തേവരപ്പാലത്തില്‍' എന്ന കവിതയ് ക്കായിട്ടുണ്ട്.

കണ്ണന്‍റെ ദൃശ്യങ്ങള്‍ നമ്മെ ചിലതൊക്കെ അനുസ് മരിപ്പിക്കുന്നുണ്ട്- - ആ അനുസ് മരണങ്ങളാവട്ടെ നമ്മുടെ ഏകാന്തതകളെ വെല്ലുവിളിക്കുന്നവയും.

റെയിന്‍ബോ ബുക് സ് പുറത്തിറക്കിയ ഉടുപ്പുകള്‍ എന്ന കവിതാസമാഹാരത്തിന് 30 രൂപയാണ് വില.

വെബ്ദുനിയ വായിക്കുക