ഒരു സ്വപ്നം: ‘ദ ആല്‍കമിസ്റ്റ്’

WEBDUNIA
WD
ആല്‍കമിസ്റ്റ്
നോവല്‍
പൌലോകൊയ്‌ലോ
വിവര്‍ത്തനം: രമാ മേനോന്‍
ഡിസി ബുക്ക്‌സ്

‘അറിവുള്ളവരുടെ വാക്കുകള്‍ സാമാന്യ ജനങ്ങള്‍ വേണ്ടവിധം ഗ്രഹിക്കുന്നില്ല. സ്വര്‍ണം ഒരു പ്രതീകം മാത്രമാണ്. പരിണാമത്തിന്‍റെ വികാസത്തിന്‍റെ ഉച്ചകോടി.അത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മനുഷ്യന്‍ അതിനെ ഒരു ദ്രവ്യമായി കാണുന്നു, അതിന്‍റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നു’.-ദ ആല്‍കമിസ്റ്റ്.

ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യ രചനകള്‍ പൌലോ കൊയ്‌ലോയുടേതാണ്. ദൈവ നിശ്ചയം പോലെ നോവല്‍ എഴുത്തിന്‍റെ വഴിയിലേക്ക് കടന്നു വന്ന ഈ ബ്രസീലിയന്‍ സാഹിത്യകാരന് ഏറ്റവും കൂടുതല്‍ അനുവാചകരെ സൃഷ്ടിച്ചെടുത്തത് ‘ദ ആല്‍ക്കമിസ്റ്റ്’ എന്ന നോവലാണ്.

ഒരു സ്വപ്ന ദര്‍ശനം! അതിന്‍റെ ഇഹ ലോക പരിണാമത്തില്‍ ഒരു മനുഷ്യ ജീവന് ലഭ്യമാവുന്ന പുതുമകള്‍, ഇവയെല്ലാം ദൈവീക പരാമര്‍ശങ്ങളോടെ സമര്‍ത്ഥിക്കുകയാണ് പൌലോ കൊയ്‌ലോ ചെയ്യുന്നത്. സാന്‍റിയാഗോ എന്ന ഇടയ ബാലന് ഉണ്ടായ സ്വപ്ന ദര്‍ശനവും സ്വപ്നത്തില്‍ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡുകള്‍ക്ക് അടുത്തേക്കുള്ള യാത്രയുമാണ് ദൈവീക സൌരഭ്യം വിതറി ‘ദ ആല്‍ക്കമിസ്റ്റി’ല്‍ പൌലോ കൊയ്‌ലോ വരച്ചു ചേര്‍ത്തിരിക്കുന്നത്.

മനുഷ്യന്‍റെ സംശയ പ്രകൃതവും വിധി വരച്ചു വച്ചിട്ടുള്ള അവസാന തട്ടകത്തില്‍ അവനെ എത്തിക്കുന്നതും പൌലോ കൊയ്‌ലോയുടെ നോവലുകളില്‍ തെളിഞ്ഞു കാണുന്ന ചിത്രങ്ങളാണ്. ഒരു പക്ഷേ സ്വന്തം ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചമാവാം കൊയ്‌ലോ കൃതികളുടെ അനായാസത.

ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന യാത്രയെക്കുറിച്ച് പൌലോ കൊയ്‌ലോയ്ക്കു മാത്രമേ ഭംഗിയായി കഥാ കഥനം നടത്താനാവൂ. ഈ ലോക പ്രശസ്ത കൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്നു പോവാതെയാണ് രമാ മേനോന്‍ വിവര്‍ത്തനം നടത്തിയിരിക്കുന്നത്.