ഈ ലോകം അതിലൊരു മുകുന്ദന്‍

Webdunia
"" ആഗോളവത്ക്കരണം എന്ന വിഷയത്തെ കേരളീയര്‍ വേണ്ടവിധം സമീപിച്ചിട്ടില്ല. അതിനുള്ള കാരണം വൈകാരികമാണ്. പ്രായോഗിക തലത്തിലുള്ള ഒരു സമീപനമല്ല അതിനോടുള്ളത്.

കേരളത്തിലെ യുവത്വം എക്കാലവും പ്രതിരോധങ്ങളുടെ ഒരു വലിയ പാരമ്പര്യം ചുമക്കുന്നവരാണ്. അയ്യങ്കാളിയുടെ കാലം, ശ്രീനാരായണ ഗുരുവിന്‍റെ കാലം'' എന്നിങ്ങനെ പറയുന്നത് മുകുന്ദനാണ്. അതെ, കേരളത്തിന്‍റെ ഒരേയൊരു മുകുന്ദന്‍.

മലയാള സാഹിത്യത്തില്‍ കഥ, നോവല്‍ എന്നീ രണ്ടു മാധ്യമങ്ങള്‍ കൊണ്ട് ഒട്ടേറെ വ്യത്യസ്ത മുഖങ്ങള്‍ സ്വന്തമാക്കിയ എഴുത്തുകാരനാണ് എം. മുകുന്ദന്‍. "ഹൃദയവതിയായ പെണ്‍കുട്ടി'യെ കഥയെന്നും മയ്യഴിപ്പുഴയെ നോവലെന്നും വിളിക്കുമ്പോഴും മുകുന്ദന്‍ പറയുന്ന കാര്യങ്ങളുടെ ഏകഭാവം ഈ ഇരട്ട മുഖങ്ങളെ ഒന്നാക്കിത്തീര്‍ക്കുന്നു.

അങ്ങനെ ഒരാളായിരിക്കുമ്പോള്‍തന്നെ പലരായിത്തീരുകയും പലരില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതാണ് ഈ എഴുത്തുകാരന്‍റെ സവിശേഷത.

മുകുന്ദനെന്ന എഴുത്തുകാരന്‍റെ നിയോഗങ്ങളും നിശ്ഛയങ്ങളും വായനക്കാരനു മുന്നില്‍ തുറന്നിടുന്ന സംഭാഷണങ്ങളാണ് "ഈ ലോകം അതിലൊരു മുകുന്ദന്‍' എന്ന പുസ്തകത്തില്‍. ഡി. വിജയമോഹനാണ് മുകുന്ദനോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. വിജയമോഹന്‍റെ ഈ ശ്രമം പൂര്‍ണമായും വിജയിച്ചിരിക്കുന്നു . ഈ പസുത്കം ഒരു ചോദ്യോത്തര ശൈലിയില്‍ നിന്ന് സമൂഹത്തിന്‍റെ അകക്കണ്ണായി മാറുന്നത് അതുകൊണ്ടാണ്.

ആശയങ്ങളുടെ സംഘര്‍ഷവും അതിജീവനവും സൃഷ്ടിക്കുന്ന നൂതനമായ കാഴ്ചപ്പാടുകള്‍ക്ക് എന്നും വഴിത്തണലായിരുന്നു മുകുന്ദന്‍റെ കൃതികള്‍. കാല്‍പ്പനികതയുടെ അസ്വാരസ്യങ്ങളെ രസികത്വത്തിന്‍റെ ആവേഗതയാല്‍, മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് മുകുന്ദന്‍റെ നേട്ടം.

അവിടെ കഥാകാരന്‍ കൊടുക്കല്‍ വാങ്ങലുകളിലൂടെ, നിരന്തരമായ എതിര്‍പ്പുകളിലൂടെ സംവദിക്കുകയാണ്. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നതും ആവിലായിലെ സൂര്യോദയവും ദല്‍ഹിയുമെല്ലാം വായനക്കാരന് മികച്ച വിരുന്നാകുന്നതും അതുകൊണ്ടു തന്നെ.

"" എം. കൃഷ്ണന്‍നായര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് എനിക്ക് അത്ര യോജിപ്പില്ല. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ എന്നെ അലട്ടാറില്ല. എനിക്കറിയാം, അദ്ദേഹം പറയുന്നതൊന്നും ആത്മാര്‍ത്ഥമായി പറയുന്നതല്ല എന്ന്''.

വ്യക്തിപരമായ നിരീക്ഷണങ്ങള്‍ തൊട്ട് സമൂഹത്തിന്‍റെ ഒപ്പം നടന്നുള്ള ചിന്തകളും, വ്യാഖ്യാനങ്ങളും ഈ സംഭാഷണങ്ങളിലുണ്ട്. എല്ലാ കാര്യത്തിലും, എല്ലാ വീക്ഷണങ്ങളിലും വ്യക്തിത്വം പുലര്‍ത്താന്‍ കഴിയുന്നു എന്നത് മുകുന്ദന്‍റെ സവിശേഷതയാണ്. കേശവന്‍റെ വിലാപങ്ങള്‍ എന്ന ഇടതുപക്ഷകൃതി എഴുതിയ എഴുത്തുകാരന് ദൈവത്തോടുള്ള അടുപ്പം രസകരമാണ്.


"" ദൈവം എന്നത് എനിക്കൊരു ആശയക്കുഴപ്പമാണ്. ഈ ലോകത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അങ്ങനെ മനസിലാകാതെ കിടക്കുന്ന നിരവധി കാര്യങ്ങളുടെ കൂട്ടത്തില്‍ ദൈവത്തെയും വിട്ടേക്കുക. അതേസമയം, ദൈവം ഇല്ല എന്നും പറയണ്ട. കാരണം, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍ വെറുതെ വടി കൊടുത്ത് അടി വാങ്ങേണ്ട''.

മയ്യഴിപ്പുഴയില്‍ ആത്മാക്കളുടെ വെള്ളിയാങ്കല്ല് സൃഷ്ടിച്ച മുകുന്ദന്‍റെ കൃതികള്‍ യുവത്വത്തിന്‍റെ ലഹരിയായി മാറിയ ഒരു കാലമുണ്ടായിരുന്നു. ഹരിദ്വാറിലെ കല്‍പ്പടവുകളില്‍ ഭംഗിന്‍റെ ഉന്മാദത്തില്‍ നടക്കുന്ന കഥാപാത്രത്തിനൊപ്പം വായനക്കാരനും സഞ്ചരിക്കുന്ന അവസ്ഥ. വായനക്കാരനെ "നെഗറ്റീവ്' ആയി സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ നിന്ന് മുകുന്ദന്‍ മോചിതനാവാത്തത് ആ എഴുത്തുകാരനെ വായനക്കാരന്‍ വിശ്വസിക്കുന്നു എന്നതിന് തെളിവാണ്. യഥാര്‍ത്ഥ കഥാകാരനെ വായനക്കാരന്‍ കണ്ണുമടച്ച് വിശ്വസിക്കും.

മുകുന്ദന്‍ എന്ന എഴുത്തുകാരനെപ്പോലെ മുകുന്ദന്‍ എന്ന മനുഷ്യനും, അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ്. മൂടിവയ്ക്കലിന്‍റെ കാപട്യം മുകുന്ദനില്ല. ഈ ലോകം അതിലൊരു മുകുന്ദന്‍ എന്ന കൃതി വായിച്ചു പോകുമ്പോള്‍, കാപട്യമില്ലാത്ത ഒരു മനുഷ്യനെ അടുത്തറിയുന്നതിന്‍റെ സുഖം അനുഭവപ്പെടുന്നു. ഏതൊരു സാഹിത്യ വിഭാഗത്തെയുംപോലെ അംഗീകരിക്കപ്പെടേണ്ടതാണ് ഈ സംഭാഷണങ്ങളും എന്നതിന് സംശയമില്ല.

കറന്‍റ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്‍റെ വിതരണം കോസ്മോ ബുക്സാണ്. വില അമ്പത് രൂപ.