ഈ ചെറുനാരങ്ങ ഒരു സംഭവം തന്നെ; സുന്ദരിയാകാൻ ഇത് ധാരാളം
ശനി, 2 ഏപ്രില്‍ 2016 (16:47 IST)
സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. ഭക്ഷത്തിൽ ചേർക്കാനും പാനീയമാക്കാനും മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഈ ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദരിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങൾ ഏറെയാണ്. തിരിച്ചറിയാം നാരങ്ങയുടെ ഗുണങ്ങൾ.
മുഖക്കുരു അകറ്റാൻ
* മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്.
* മുട്ടയുടെ വേർതിരിച്ചെടുത്ത വെള്ളയിൽ രണ്ട് സ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവർത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും.
* വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തിൽ എടുത്ത് അതിൽ കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് കുഴമ്പ് രൂപത്തിൽ ആക്കുക. ഇത് മുഖക്കുരു ഉള്ളിടത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
നിറപകിട്ടിന്
* ചെറുനാരങ്ങയുടെ പുറംതോൽ കൊണ്ട് കൈ - കാൽ മുട്ടുകളിലെ കറുത്ത പാടുകളിൽ സ്ഥിരമായി ഉരസുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും.
* രാവിലെ എഴുന്നേറ്റതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ശേഷം നാരങ്ങാനീര് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടുശേഷം വീണ്ടും തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ പതിവായി ചെയ്യുന്നതിലൂടെ മുഖത്തിന് നിറം വർദ്ധിക്കും.
* നാരങ്ങയുടെയും തേനിന്റേയും മിശ്രിതം വെറും വയറ്റിൽ കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കും.
* നാരങ്ങാനീര്, ഓറഞ്ച്, വെള്ളരിക്ക നീര്, മഞ്ഞൾ എന്നിവ ചേർത്ത് മുഖത്ത് പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖം വെട്ടിത്തിളങ്ങും.
കേശസൗന്ദര്യത്തിന്
* ചെറു ചൂടുള്ള വെളിച്ചെണ്ണയിൽ നാരങ്ങാനീര് പിഴിഞ്ഞ് ചേർത്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് താരന്‍ കുറയ്ക്കാൻ സഹായിക്കും.
* തേയിലയുടെ ചെറു ഇതളുകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങ ചേർക്കുക. തണുപ്പിച്ചാറ്റിയ ആ വെള്ളത്തിൽ തലമുടി കഴുകുക. ഇത് മുടിയ്ക്ക് തിളക്കം നൽകും.
* ചെറുനാരങ്ങയും ഓറഞ്ചും തലയിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയിഴകൾക്ക് നിറം നൽകും.
കറുത്ത പാടുകൾ ഇല്ലാതാക്കാൻ
* ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേർത്ത് കറുത്ത പാടുകളിൽ തേക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക. പാടുകൾ പമ്പ കടക്കും.
* നാരങ്ങാനീര് പാലിന്റെ പാടയിൽ ചേർത്ത് മഞ്ഞൾ മിക്സ് ചെയ്ത് കറുത്തപാടുകളിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകൾ ഇല്ലാതാകും.
* പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേർത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളിൽ തേക്കുക. കറുത്ത പാടുകൾക്ക് ഇത് ഉത്തമമാണ്.