പൊങ്കാല വിപണി സജീവം

PRO
പൊങ്കാല ദിനത്തില്‍ ആറ്റുകാല്‍ പരിസരത്ത് വിപണി സജീവമാണ്. പൊങ്കാലയടുപ്പിനുള്ള കല്ലുകള്‍ മുതല്‍ വൈകുന്നേരത്തെ താലപ്പൊലിയ്ക്കണിയാനുള്ള കിരീടങ്ങള്‍ വരെ സര്‍വ്വതും തയാര്‍.

വില പലതാണെങ്കിലും നിറത്തിലും വര്‍ണത്തിലും വ്യത്യാസം ഉണ്ടെങ്കിലും എല്ലായിടവും തിരക്കോടുതിരക്ക്. കലം വാങ്ങാന്‍, ശര്‍ക്കര വാങ്ങാന്‍, അരിമാവിന്, വയണയിലയ്ക്ക്, പയറുപൊടിച്ചതിന് എല്ലാത്തിനും വന്‍ തിരക്ക്.

വില്‍ക്കാന്‍ കൊണ്ടുവരുന്നവ മുഴുവന്‍ ആ ദിവസം രാവിലെ തന്നെ തീരുമെന്ന് വഴിക്കച്ചവടക്കാരില്‍ ഒരാള്‍. 12 വര്‍ഷമായി വര്‍ഷം തോറും അരിപ്പൊടിയും വയണയിലയുമായി ഇയാള്‍ ഇവിടെയുണ്ട്.

വേനലിന്‍റെ വറുതിയില്‍ അടുപ്പില്‍ നിന്നുളള പുകയും ചൂടുമേറ്റ് ശരീരം തളരുമ്പോള്‍ ഉളളുതണുപ്പിക്കാന്‍ ലഘു പാനീയങ്ങളുമായി സന്നദ്ധ സംഘടനകളും ചെറുപ്പക്കാരും വീട്ടുകാരുമുണ്ട്.

മോരും രസ്നയും വെള്ളവും എല്ലാമുണ്ടിവിടെ. പൊങ്കാല കഴിഞ്ഞ് തിരികെപ്പോകുമ്പോഴും വഴി നീളെ കിട്ടും ശീതളപാനീയങ്ങള്‍. ഇത് പുണ്യമാണെന്ന വിശ്വാസമാണ് കൊടുക്കുന്നവര്‍ക്ക്.

പല സ്ഥലങ്ങളില്‍ നിന്നും സൗജന്യമായി ഭക്തജനങ്ങളെ അമ്പലപരിസരത്തെത്തിക്കുന്നതിന് ഓട്ടോറിക്ഷകളും ലോറിയും തയാറായി. ഇതോടൊപ്പം തന്നെ ഭക്ഷണപ്പൊതികളും അവര്‍ നല്‍കുന്നു. റസിഡന്‍റ്സ് അസോസിയേഷനുകളും വായനശാലകളും വീടുകളും മത്സരിച്ചാണ് പൊങ്കാലയിടാനെത്തുന്നവര്‍ക്ക് സേവനം ലഭ്യമാക്കുന്നത്.

തീപ്പൊള്ളലേറ്റാല്‍, ചൂടും പുകയുമടിച്ച് തല കറങ്ങിയാല്‍, കുഴഞ്ഞുവീണാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാരുടെ സന്നദ്ധ സംഘങ്ങള്‍ തന്നെ അമ്പലപരിസരത്തുണ്ട്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ സംഘടനകളുടെ യുവജനവിഭാഗവും സേവന സന്നദ്ധരായി ക്ഷേത്രപരിസരത്തുണ്ട്.

ഭക്തജനത്തിരക്കിനിടയില്‍ വിലപ്പെട്ടത് നഷ്ടമാകുകയാണെങ്കില്‍ സഹായിക്കാന്‍ പൊലീസുകാര്‍ മഫ്തിയില്‍ എല്ലായിടവും ഉണ്ടാകും. കൂട്ടം തെറ്റിപ്പോയാല്‍, കൂടെവന്നവരെ കാണാതായാല്‍ ഇവരുടെ സേവനം ഉടനടി ലഭ്യമാണ്. പൂവാലശല്യം നേരിടാനും പൊലീസ് സേന സജ്ജം.

പൊങ്കാല നിവേദ്യത്തിനു ശേഷമുണ്ടാകുന്ന വര്‍ധിച്ച തിരക്ക് നിയന്ത്രിക്കാനും സന്നദ്ധ സംഘടനകളും പൊലീസും ഒരുങ്ങിക്കഴിഞ്ഞു. ഗതാഗതസംവിധാനം സുഗമമാക്കാനും പൊങ്കാലയ്ക്കെത്തിയവരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുളള ക്രമീകരണങ്ങള്‍ പൂ ര്‍ത്തിയായിക്കഴിഞ്ഞു.

അടുപ്പുകൂട്ടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലിന്‍റെ പരിസരങ്ങളില്‍ നിങ്ങള്‍ക്ക് ബന്ധുവീടുകളുണ്ടെങ്കില്‍ സമയത്ത് മാത്രം അവിടെയെത്തിയാല്‍ മതി. പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങള്‍ അവിടെ നിങ്ങളെക്കാത്തിരിപ്പുണ്ട്.

ഇനി ബന്ധുവീടോ പരി ചയക്കാരോ ഇല്ലെങ്കിലും പേടിക്കേണ്ട.ഏകദേശം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീട്ടുവളപ്പും നിങ്ങളുടേതാണ്.

തലേന്നു തന്നെ നിങ്ങളവിടെ എത്തുകയാണെങ്കില്‍ അത്താഴം ഉറപ്പ്. പൊങ്കാലദിനത്തില്‍ പ്രാതലും ഉച്ചഭക്ഷണവും ഇടയ്ക്കിടെ ദാഹജലവും ആറ്റുകാലിലെ "ബന്ധു' നിങ്ങള്‍ക്ക് തരും. അവിടെ ജാതിയോ മതമോ പ്രശ്നമില്ല.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയില്‍ എല്ലാം മറന്ന് ആറ്റുകാലമ്മയുടെ ചരണങ്ങളില്‍ മനസ്സര്‍പ്പിച്ച് പൊങ്കായിടാനുള്ള മുഹൂര്‍ത്തം സമാഗതമായി.

വെബ്ദുനിയ വായിക്കുക