രുദ്രന്‍റെ കണ്ണീര്‍, രുദ്രാക്ഷം

Webdunia
PRO
രുദ്രാക്ഷമാല കാണാത്തവര്‍ വിരളമായിരിക്കും. രുദ്രാക്ഷത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇതാ ചെറിയൊരു വിവരണം.

ഹൈന്ദവ വിശ്വാസ പ്രകാരം വിശുദ്ധമായ സ്ഥാനമാണ് രുദ്രാക്ഷത്തിനുള്ളത്. രുദ്രാക്ഷം എന്ന പേരിന്‍റെ ഉത്ഭവത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ഇത് മനസ്സിലാക്കാന്‍ കഴിയും. “രുദ്രന്‍” എന്നാല്‍ മഹേശ്വരന്‍. “അക്ഷ” എന്നാല്‍ കണ്ണീര്‍. പരമേശ്വരന്‍റെ കണ്ണീരില്‍ നിന്നാണ് രുദ്രാക്ഷ വൃക്ഷം ഉണ്ടായതെന്നാണ് വിശ്വാസം.

പല മുഖങ്ങള്‍ (വശങ്ങള്‍) ഉള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. രുദ്രാക്ഷം ധരിക്കുന്നത് ഗ്രഹദോഷങ്ങളെ അകറ്റാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. ഒന്നു മുതല്‍ 38 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. ഇതില്‍ 14 മുഖം വരെയുള്ളതാണ് ജ്യോതിഷപരമായ ഫലസിദ്ധികള്‍ക്ക് വേണ്ടി ഉപയോഗിച്ചുവരുന്നത്.

ധരിക്കാന്‍ വേണ്ടി മുഖങ്ങളുള്ള രുദ്രാക്ഷം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ തരം രുദ്രാക്ഷങ്ങള്‍ക്കും ഓരോ ഫലമായിരിക്കും ഉണ്ടാവുക. ജാതകന് ചേരുന്ന രുദ്രാക്ഷം തന്നെ തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

PRO
രുദ്രാക്ഷ മാല എല്ലാവര്‍ക്കും ധരിക്കാവുന്നതാണ്. 108 മണികള്‍ അല്ലെങ്കില്‍ 50 മണികള്‍ ഉള്ള മാലകളാണ് അഭികാമ്യം. രുദ്രാക്ഷം ധരിക്കുന്നവര്‍ അതിന് വിശുദ്ധി കല്‍പ്പിക്കേണ്ടതുണ്ട്. ശരീരം വൃത്തിയാക്കുമ്പോഴും ടോയ്‌ലറ്റില്‍ പോവുമ്പോഴും രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. അശുദ്ധമായ കൈകള്‍കൊണ്ട് പോലും രുദ്രാക്ഷത്തെ സ്പര്‍ശിക്കരുത് എന്നാണ് ജ്ഞാനികള്‍ പറയുന്നത്.

രുദ്രാക്ഷത്തിന് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനും കഴിവുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

രുദ്രാക്ഷമാല ധരിക്കുന്നവരെ പാപചിന്തകള്‍ സ്പര്‍ശിക്കില്ല എന്നും അവര്‍ക്ക് ദൈവീക അനുഗ്രഹം ഉണ്ടാവുമെന്നുമാണ് വിശ്വാസം. എന്നാല്‍, പ്രത്യേക മുഖങ്ങള്‍ ഉള്ള രുദ്രാക്ഷങ്ങള്‍ ഗ്രഹനിലയ്ക്ക് അനുസരിച്ചാവണം ധരിക്കേണ്ടത്. മറിച്ചായാല്‍ വിപരീതഫലമാവും ഉണ്ടാവുക. ഓരോ തരം രുദ്രാക്ഷം ധരിക്കുമ്പോഴും പ്രത്യേക മന്ത്രങ്ങളും ചൊല്ലേണ്ടതുണ്ട്. മന്ത്രോച്ചാരണവും ആരാധനയും ഇല്ലെങ്കില്‍ രുദ്രാക്ഷത്തില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചുവെന്നുവരില്ല.

നേപ്പാളില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് ഇന്ത്യയില്‍ രുദ്രാക്ഷമെത്തുന്നത്.