ക്യാന്‍സറിന് വംശ വിവേചനമുണ്ടോ ? ഉണ്ടെന്നാണ് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ളണ്ടില്‍ താമസിക്കുന്ന തെക്കനേഷ്യന്‍ വംശജര്‍ക്ക് മാറിടത്തില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തെക്കനേഷ്യക്കാര്‍ക്ക് മാറിട ക്യാന്‍സര്‍ വന്നാല്‍ അതിജീവിക്കാനുള്ള ശക്തിയും കൂടുമെന്നാണ് കണ്ടെത്തല്‍. ഇവരില്‍ രോഗംമൂലമുള്ള മരണം മറ്റുള്ളവരെക്കാള്‍ 18 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടര്‍ ഇസ്ബല്‍ ഡാസ് സാന്‍റസ് സില്‍വ നടത്തിയ പഠനങ്ങളില്‍ പത്തു വര്‍ഷമായി ക്യാന്‍സറിനെ അതിജീവിക്കുന്ന രോഗികളില്‍ 73 ശതമാനവും തെക്കനേഷ്യന്‍ വംശജരാണെന്ന് വെളിവായി. ബാക്കിയുള്ളവരില്‍ 65 ശതമാനം പേര്‍ക്കേ ദീര്‍ഘകാലം ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിയുന്നുള്ളൂ.
ഡോക്ടര്‍ സാന്‍റസ് സില്‍വ തുടര്‍ന്നു നടത്തിയ പഠനങ്ങളില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാറിട ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ള സ്ത്രീകളെക്കാള്‍ വളരെ കുറവാണെന്നു കണ്ടെത്തി. കണ്ടെത്തലിനു പിന്നിലെ കാരണങ്ങള്‍ എന്തെന്ന് ഇതുവരെയായും അറിവായിട്ടില്ല.
ആഹാര രീതി, മദ്യത്തിന്‍റെ ഉപയോഗം, ചികിത്സയ്ക്കായുള്ള സൗകര്യം എന്നിവ ലണ്ടനിലെ പഠനങ്ങള്‍ക്ക് മുഴുവന്‍ സാധ്യതയും നല്‍കില്ല. ക്യാന്‍സര്‍ ബാധയും ജീവശാസ്ത്രപരമായ കാരണങ്ങളും ഇപ്പോള്‍ ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ ഗവേഷകരുടെ പ്രധാന വിഷയമായി മാറുകയാണ്.