സിദാനു പിന്നാലെ നസ്രിയും

PROPRO
സമീര്‍ നസ്രിക്ക് പത്തൊമ്പത് വയസ്സേ ആകുന്നുള്ളൂ. എന്നിട്ടും യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ നസ്രിയുടെ പിന്നാലെ ആണ്. റയല്‍, മാഞ്ചസ്റ്റര്‍, ഇന്‍റര്‍ മിലാന്‍, ചെല്‍‌സി തുടങ്ങിയവര്‍ റാഞ്ചാന്‍ കാത്തിരുന്ന പയ്യന്‍ പക്ഷേ അടുത്ത സീസണില്‍ ആഴ്സണലിന്‍റെ നിരയില്‍ ഉണ്ടാകും. യൂറോ 2008 നുള്ള ദേശീയ ടീമില്‍ ഉള്‍പ്പെട്ടാല്‍ ഈ പത്തൊമ്പതുകാരന്‍ നിങ്ങളുടെ ശ്രദ്ധ കവരും നോക്കിയിരുന്നോളൂ.

ഫ്രഞ്ച് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ പെടുന്ന സിഡാനെ എന്ന വണ്ണമാണ് പയ്യനെ വമ്പന്‍ ക്ലബ്ബുകള്‍ പരിഗണിക്കുന്നത്. ജീവിതത്തിലും കളിയിലും സിദാനുമായി നസ്രിക്ക് സാമ്യം ഉണ്ടെന്നത് തന്നെയാണ് കാരണം. സിദാനെ പോലെ തന്നെ നസ്രിയുടെ മാതാപിതാക്കളും അള്‍ജീരിയയില്‍ നിന്നും ഫ്രാന്‍സിലേക്ക് വന്ന കുടിയേറ്റക്കാരാണ്.

ഫുട്ബോള്‍ ടീം ഒരു വാഹനമാണെങ്കില്‍ നസ്രി ഒരു എഞ്ചിന്‍ തന്നെയാണ്. സൂപ്പര്‍ താരം തിയറി ഹെന്‍‌റിക്ക് സമാനത തോന്നുന്ന പന്തടക്കവും കൌശലവും മദ്ധ്യനിരയില്‍ ഒരു എഞ്ചിന്‍ പോലെ പ്രവര്‍ത്തിക്കാനുള്ള കഴിവ് നസ്രിക്കുണ്ട്. ഗോള്‍ അടിപ്പിക്കുക ആണ് പ്രധാന വിനോദം. ഡ്രിംബ്ലിംഗാണ് പ്രധാന കഴിവ്. അപ്രതീക്ഷിത പാസ്സുകളിലും വിദഗ്ദന്‍.

യുവന്‍റസ് സ്ട്രൈക്കര്‍ ഡേവിഡ് ട്രിസഗേയെ പോലെയുള്ള ഒരു വമ്പനെ ഒഴിവാക്കിയാണ് നസ്രിക്ക് റയ്മണ്ട് ഡൊമിനിക് യുവതാരത്തിന് അവസരം നല്‍കിയിരിക്കുന്നത്. 1987 ജൂണ്‍ 26 ന് മാഴ്‌സെലിയില്‍ ജനിച്ച താരം കളി തുടങ്ങിയതും മാഴ്സെലി ക്ലബ്ബില്‍ ആയിരുന്നു. 2000 ല്‍ ക്ലബ്ബില്‍ എത്തിയ താരം അവരുടെ യുവനിരയിലായിരുന്നു നാല് വര്‍ഷം.

121 മത്സരങ്ങളില്‍ 11 ഗോളുകളാണ് അടിച്ചത്. 2007 മെയ് 20 ന് ഫ്രഞ്ച് ലീഗ് 1 ല്‍ കളിച്ച താരം മികച്ച യുവ താരത്തിനുള്ള അവാര്‍ഡ് നേടി. ജിമ്മി ബ്രിയാന്‍ഡ്, കരീം ബെന്‍സേമാ തുടങ്ങിയ മികച്ച താരങ്ങളെ വരെ പിന്നിലാക്കി ആയിരുന്നു കുതിപ്പ്. 2007 ല്‍ മാഴ്‌സലിയുടെ മികച്ച താരത്തിനായി നടത്തിയ വോട്ടെടുപ്പില്‍ 64 ശതമാനം വോട്ടാണ് താരത്തിനു ലഭിച്ചത്.

പിന്നീട് പരുക്കുകളും ശാരീരിക പ്രശ്‌നങ്ങളും മൂലം ഒന്നു രണ്ട് സീസണ്‍ അലസിപ്പോയ ശേഷം ഈ വര്‍ഷം താരം ശക്തമായ തിരിച്ചു വരവ് തന്നെ നടത്തി. ഫ്രഞ്ച് ടീമിനൊപ്പം 4 കളികളില്‍ ഒരു ഗോളാണ് അടിച്ചത്. 2007 മാര്‍ച്ച് 28 ന് ഓസ്ട്രിയയ്‌ക്ക് എതിരെ ഫ്രാന്‍സിനായി അരങ്ങേറിയ താരം ആദ്യ ഗോള്‍ നേടിയത് മൂന്നാമത്തെ മത്സരത്തിലായിരുന്നു. യൂറോ 2008 യോഗ്യതാ മത്സരത്തില്‍ ജോര്‍ജ്ജിയയ്‌ക്കെതിരെ.

വെബ്ദുനിയ വായിക്കുക