തിരുവനന്തപുരത്ത് യുവാക്കളെ അടിച്ചോടിച്ചത് വിദ്യാര്‍ഥിനിയായ അമൃതയല്ലെന്ന് റിപ്പോര്‍ട്ട്. അമൃതയുടെ പിതാവും സുഹൃത്തും ചേര്‍ന്നാണ് ഫെബ്രുവരി 14ന് ഒരുസംഘം യുവാക്കളെ മര്‍ദ്ദിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നടുറോഡില്‍ അസഭ്യം പറഞ്ഞവരെ കരാട്ടേ അഭ്യാസിയായ അമൃത അടിച്ചോടിച്ചു എന്നായിരുന്നു ഇതുവരെ വന്ന വാര്‍ത്തകള്‍. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്.
യുവാക്കളുടെ പരാതിപ്രകാരം അമൃതയ്ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 14 രാത്രി ബേക്കറി ജംഗ്ഷനിലെ പൊലീസിന്റെ നിരീക്ഷണ ക്യാമറ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വഴുതക്കാട്ടേക്കുള്ള റോഡില്‍ വലതുവശത്ത് മൂന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കാണാം. ഇവയില്‍ ഒന്നിലാണ് അമൃതയും കുടുംബവും എത്തിയത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യപ്രകാരം വെള്ള കളര്‍ ഷര്‍ട്ടിട്ട യുവാവിനെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ്.
കയ്യാങ്കളിക്കിടെ തട്ടുകടക്ക് പിന്നിലേക്ക് മാറിയ യുവാക്കളില്‍ ഒരാളെ അമൃത തള്ളി പുറത്തേക്കിടുന്നു. എന്നാല്‍ വീണ്ടും കൈകാര്യം ചെയ്യുന്നത് മറ്റൊരു പുരുഷനാണ്. ഇതല്ലാതെ അമൃതയാണ് യുവാക്കളെ കൈകാര്യം ചെയ്തതെന്ന് തെളിയിക്കാന്‍ പാകത്തില്‍ ഒന്നുമില്ല. പകരം, മര്‍ദ്ദനമേറ്റ യുവാക്കള്‍ കോടതിയിലെത്തി ബോധിപ്പിച്ചതുപോലെ അമൃതക്കൊപ്പമുള്ള പുരുഷന്മാര്‍ കയ്യാങ്കളിയില്‍ പ്രധാന പങ്ക് വഹിച്ചുവെന്നാണ് പൊലീസ് നിഗമനം.
സംഭവത്തെക്കുറിച്ച് അമൃതയുടെ കുടുംബം നല്‍കിയ പരാതിപ്രകാരം അച്ഛന്‍ മോഹന്‍ കുമാറും സുഹൃത്തിന്റെ അച്ഛന്‍ വില്യംസുമാണ് ഒപ്പം ഉണ്ടായിരുന്ന പുരുഷന്മാര്‍. കോടതി നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവിനായി ശേഖരിച്ചവയാണ് ദൃശ്യങ്ങള്‍.