മഞ്ചാടിക്കുരു വിവാദം: വിശദീകരണവുമായി അഞ്ജലി മേനോന്‍

ബുധന്‍, 27 ഫെബ്രുവരി 2013 (09:34 IST)
PRO
PRO
മഞ്ചാടിക്കുരു എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ വിശദീകരണവുമായി തിരക്കഥാകൃത്തും സംവിധായകയുമായ അഞ്ജലി മേനോന്‍ രംഗത്ത്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ (എന്‍എഫ്ഡിസി), മിര്‍ച്ചി മൂവീസ്‌, ലിറ്റില്‍ ഫിലിംസ്‌ എന്നിവ ചേര്‍ന്നാണു മഞ്ചാടിക്കരു നിര്‍മിച്ചത്‌. നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ്‌ എന്‍എഫ്ഡിസിയുടെ സമ്മര്‍ദ്ദം മൂലം ചിത്രം സെന്‍സറിങ്ങിന്‌ അയയ്ക്കേണ്ടി വന്നു. പ്രിന്റ്‌ തയാറാകും മുന്‍പാണ്‌ അപേക്ഷിച്ചത്‌.

എന്‍എഫ്ഡിസിയുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നു ചിത്രത്തിന്‌ അവര്‍ മുടക്കിയ പണം തിരികെ നല്‍കി. മിര്‍ച്ചി മൂവീസും നിര്‍മാണ പങ്കാളിത്തത്തില്‍ നിന്നു പിന്‍മാറി. 2012 ല്‍ സ്വന്തം ബാനറായ ലിറ്റില്‍ ഫിലിംസാണു ചിത്രം തിയറ്ററിലെത്തിച്ചത്‌. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചപ്പോള്‍ റിവൈസ്ഡ്‌ എന്നാണു തന്നത്‌. സത്യാവസ്ഥ ബോധ്യപ്പെടുത്തിയപ്പോള്‍ പുതിയ ചിത്രമാണെന്ന്‌ അംഗീകരിച്ചു റിവൈസ്ഡ്‌ എന്ന വാക്ക്‌ ഒഴിവാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയായിരുന്നു.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ 2008ല്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്നതു സത്യമാണ്‌. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമ സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ല. ദുരുദ്ദേശമെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനു സിനിമ അയയ്ക്കേണ്ടതല്ലേയെന്നും അഞ്ജലി ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക