കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മടങ്ങിപ്പോയാല് അപമാനം സഹിക്കേണ്ടി വരുമെന്ന് കരുണാകരന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കെ മുരളീധരന്. സംഘടനാ തെരഞ്ഞെടുപ്പിനെതിരെയുള്ള കരുണാകരന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയായിട്ടാണ് മുരളീധരന് ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പല്ല വീതം വെയ്പ്പാണ് നടക്കുന്നത്. തന്നെ മുന്നില്‍ നിര്‍ത്തി ജനങ്ങളെ പറ്റിക്കുകയാണെന്ന കരുണാകരന്റെ ആരോപണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മറുപടി പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി ഭരണഘടന പാലിക്കാതെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുകയാണെന്നും കരുണാകരന് ആരോപിച്ചിരുന്നു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും കരുണാകരന് കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ വന്ന് കണ്ടത് നാട്ടുകാരെ പറ്റിക്കാനാണെന്നും കരുണാകരന് തുറന്നടിച്ചു പറഞ്ഞിരുന്നു.