സുകുമാര്‍ അഴീക്കോടും സുധീഷും ഉരസി

വ്യാഴം, 3 ജൂണ്‍ 2010 (11:56 IST)
PRO
തട്ടകത്തിന്റെ നാലാം ഭാഗം എഴുതണമെന്നുള്ള മോഹം ബാക്കിവച്ച് വിടപറഞ്ഞ കോവിലന്റെ മൃതദേഹത്തിന് മുന്നില്‍ സാംസ്കാരിക നായകനും ഒരു യുവകഥാകൃത്തും തറയായി. കോവിലന്റെ മൃതദേഹം പ്രദര്‍ശനത്തിന് വച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സുകുമാര്‍ അഴീക്കോടും പ്രശസ്ത കഥാകൃത്ത് വിആര്‍ സുധീഷും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സുകുമാര്‍ അഴീക്കോടിന്റെ പഴയകാല പ്രണയിനി വിലാസിനി ടീച്ചര്‍ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് വിആര്‍ സുധീഷ് ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തെ ചൊല്ലിയാണ് രണ്ടുപേരും സാഹിത്യ അക്കാദമി ഹാളിന് മുന്നില്‍ വഴക്കടിച്ചത്.

തന്നെ കരിവാരിത്തേക്കുകയായിരുന്നു ആ ലേഖനമെന്ന് ചില സുഹൃത്തുക്കള്‍ വഴി വിആര്‍ സുധീഷിനെ അഴീക്കോട് അറിയിച്ചിരുന്നു. കോവിലന്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ സുധീഷ്‌ അവിടെയുണ്ടായിരുന്ന അഴീക്കോടിനെ സ്വകാര്യമായി വിളിച്ച്‌ ആദ്യം ഇതേക്കുറിച്ച്‌ സംസാരിച്ചു. അഴീക്കോടിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് എഴുതിയതല്ല ആ ലേഖനമെന്ന് അഴീക്കോടിനോട് സുധീഷ് പറഞ്ഞു.

സുധീഷിന്റെ മറുപടിയില്‍ തൃപ്തനായി മടങ്ങിയ അഴീക്കോടിന്റെ അടുത്തേക്ക്‌ വീണ്ടും ഇതേകാര്യം പറഞ്ഞ്‌ സുധീഷ്‌ ഓടിച്ചെന്നു. സുകുമാര്‍ അഴീക്കോടിനെ തടഞ്ഞുനിര്‍ത്തി വീണ്ടും തന്റെ നയം ഉച്ചത്തില്‍ വിശദീകരിക്കാന്‍ തുടങ്ങി. സുധീഷ് വികാരപരവശനാകുന്നത് കണ്ട പുനത്തില്‍ കുഞ്ഞബ്ദുള്ള ഉടന്‍ ഇവര്‍ക്കിടയിലെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. സുധീഷിന്റെ കവിളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തമാശയെന്ന വണ്ണം കൈകൊണ്ട് തട്ടുകയും ‘ലേഖനം എഴുതിയതിനുള്ള ശിക്ഷ ഞാന്‍ കൊടുത്തേക്കാം’ എന്നുപറയുകയും ചെയ്തു.

സുധീഷ് ഉടനെ കുഞ്ഞബ്ദുള്ളയോട് ‘സാറിനും ഇതുപോലെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അബദ്ധം’ എന്ന വാക്ക് കേട്ടതോടെ അഴീക്കോട് കോപാകുലനായി. ‘നീ പോടാ’ എന്നു പറഞ്ഞ്‌ അഴീക്കോട്‌ സുധീഷിനെതിരേ തിരിഞ്ഞു. ഉടനെ സുഹൃത്തുക്കള്‍ സുധീഷിനെ അവിടെ നിന്ന് മാറ്റി. സുധീഷ് പോയിട്ടും കലിയടങ്ങാതെ സുകുമാര്‍ അഴീക്കോട് സംസാരിച്ചുകൊണ്ടിരുന്നു. സുധീഷ്‌ വെള്ളമടിച്ചിട്ടുണ്ടോയെന്ന് ഇടക്കിടെ അഴീക്കോട്‌ കൂടെയുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക