സിനിമ-സീരിയല്‍ നടന് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ 'ശിക്കാര്‍' എന്ന സിനിമയില്‍ ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.
ശാലിനി എന്റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. കുടുംബകഥകളില്‍ നിന്ന് വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്‍ ഇതു രണ്ടും തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ് ശ്രീനാഥ് ടെലിവിഷന്‍ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.
അഭിനയ രംഗത്ത് മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും ശ്രീനാഥ് തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒന്‍പതു സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് ശിവസേന തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് ശ്രീനാഥിനെയായിരുന്നു.
നടി ശാന്തികൃഷ്ണയായിരുന്നു ശ്രീനാഥിന്റെ ഭാര്യ. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ശ്രീനാഥ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.