ലാവ്‌ലിന്‍‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല

ശനി, 17 ഏപ്രില്‍ 2010 (14:36 IST)
PRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

എസ് എന്‍ സി ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ലാവ് ലിന്‍ കേസിന്‍റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട്‌ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പിണറായി വിജയന്‍ ഇടനിലക്കാരന്‍ വഴി പണം പറ്റിയതായി ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. ഈ ഹര്‍ജിയിലാണ്‌ സി ബി ഐ റിപ്പോര്‍ട്ടു നല്‍കിയത്‌. ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്‌തിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ, മറ്റൊരു ഇടനിലക്കാരനായ ദിലീപ്‌ രാഹുലന്‍ ദുബായിലാണ്‌. ഇയാളെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്‌.

അതേസമയം, ലാവ്‌ലിന്‍ ഇടപാടു മൂലം സംസ്ഥാന ഖജനാവിന്‌ 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു‌. എന്നാല്‍ അതെങ്ങനെയെന്നു വ്യക്‌തമാക്കിയിട്ടില്ല. ലാവ്‌ലിന്‍ ഇടപാടില്‍ ജി കാര്‍ത്തികേയന്‍റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കുമെന്നും സി ബി ഐ അറിയിച്ചു.

കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്‌ത്‌ പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ പിണറായിക്കെതിരെ തുടരന്വേഷണം നടത്തുന്നത്‌ ശരിയല്ലെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക