ഒളിക്യാമറ: യുവാവിനെ റിമാന്‍ഡ് ചെയ്തു

ശനി, 13 മാര്‍ച്ച് 2010 (17:12 IST)
കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ടോ‌യ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ കേസിലെ പ്രതി അഖില്‍ ജോസിനെ റിമാന്‍ഡ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് അഖിലിനെ റിമാന്‍ഡ് ചെയ്തത്.

നടക്കാവ്‌ പൊലീസ് സ്റ്റേഷന്‍ എസ് ഐ ജി സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തിരുന്നു. നേരത്തെ സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്‌ എടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എ ഡി ജി പിയോട്‌ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കോഴിക്കോടെ പ്രമുഖ ഹോട്ടലായ സാഗറിലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെ എം സി ടി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക