അഴീക്കോട് രാമനാമം ജപിച്ചിരിക്കട്ടെ: ഇന്നസെന്‍റ്

വ്യാഴം, 25 ഫെബ്രുവരി 2010 (15:50 IST)
PRO
ഇത്രയും പ്രായമായ സ്ഥിതിക്ക് നല്ല ചിന്തകളുമായി രാമനാ‍മം ജപിച്ചിരിക്കാന്‍ സുകുമാര്‍ അഴീക്കോടിന് ഇന്നസെന്‍റിന്‍റെ ഉപദേശം. കോഴിക്കോട് പ്രസ് ക്ലബിന്‍റെ പുരസ്കാരം സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടിന് ഇത്രയും പ്രായമായി. ഇനിയുള്ള കാലം നല്ല ചിന്തകളുമായി നല്ല സ്വപ്നങ്ങള്‍ കണ്ട് അത്യാവശ്യം സിനിമയൊക്കെ കണ്ട് രാത്രികാലങ്ങളില്‍ രാമനാമമൊക്കെ ജപിച്ച് സമാധാനത്തോടെ കിടന്നുറങ്ങുകയാണ് വേണ്ടത്. അഴീക്കോട് നിരീശ്വരവാദിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എന്‍റെ വല്യപ്പനും ഒരു നിരീശ്വരവാദിയായിരുന്നു. എന്നാല്‍ അദ്ദേഹം മരിക്കുമ്പോള്‍ എന്‍റെ ദൈവമേ എന്ന് പറഞ്ഞാണ് മരിച്ചതെന്നായിരുന്നു ഇന്നസെന്‍റിന്‍റെ മറുപടി.

അമ്മയുടെ പ്രശ്നത്തില്‍ അഴീക്കോട് ഇടപെടേണ്ട കാര്യമില്ല. ഇതൊരു ചെറിയ സംഘടനയാണ്. തിലകനെ ഞങ്ങളാരും നിരോധിച്ചിട്ടില്ല. തിലകനുമായി അഭിനയിക്കാന്‍ ഞങ്ങള്‍ തയ്യാ‍റാണ്. ഇപ്പോള്‍ പ്രശ്നങ്ങള്‍ തിലകനില്‍ നിന്ന് വളര്‍ന്ന് വളരെയധികം മുന്നോട്ടു പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇതിലുള്ളൂ. അദ്ദേഹം ഇതില്‍ ഇടപെടേണ്ട കാര്യമില്ല. അഴീക്കോട് ആദ്യം സ്വന്തമായി വിമര്‍ശിക്കട്ടെ. അഴീക്കോടിന് ഇടപെടാന്‍ ഇവിടെ വലിയ വലിയ കാര്യങ്ങളുണ്ട്. മൂന്നാര്‍ പ്രശ്നത്തിലും വിലക്കയറ്റത്തിലുമൊക്ക അദ്ദേഹം ഇടപെടട്ടെ. ഓരോ കാലഘട്ടത്തിലും അഴീക്കോട് ഓരോരുത്തരുടെ പിന്നാലെ പോയി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. സാനുമാഷുമായും ടി പത്മനാഭനുമായും ഉള്ള പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണം. അതു തീര്‍ന്നിട്ട് മതി മധ്യസ്ഥതയ്ക്ക് അഴീക്കോട് പോകാനെന്നും ഇന്നസെന്‍റ് പറഞ്ഞു.

മാധ്യമശ്രദ്ധയ്ക്കു വേണ്ടി അഴീക്കോട് സമൂഹത്തിലെ വലിയ ആളുകളെ ആക്രമിക്കുകയാണ്. മധ്യസ്ഥതയ്ക്ക് ആളു വേണോയെന്നാണ് തിലകനോട് അഴീക്കോട് ചോദിക്കുകയായിരുന്നു. വളരെ മോശമായ ഭാഷയാണ് അഴീക്കോട് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിച്ചിട്ടില്ല. എം ടിയുടെയും തകഴിയുടെയും ഒക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അവരാരും താന്‍ 40 പുസ്തകങ്ങള്‍ എഴുതി 50 പുസ്തകങ്ങള്‍ എഴുതി എന്നൊന്നും പറയാറില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു.

അഴീക്കോടിനെ കുറച്ചു കാലമായി ടി വി ചാനലുകളില്‍ ഒന്നും കാണാറില്ല. ഈ പ്രശ്നത്തില്‍ പട്ടിണി കിടന്ന ആള്‍ക്ക് ചക്കക്കൂട്ടാന്‍ ലഭിച്ച ആവേശമാണ് അഴീക്കോടിന്. ഇപ്പോള്‍ എല്ല ദിവസവും അദ്ദേഹത്തിന് മീറ്റിങ്ങുകളുണ്ട്. മീറ്റിങ്ങുകള്‍ക്ക് പോയാല്‍ മീറ്റിങ് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നതിനു പകരം വേറെ വിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

കോമാളിത്തരത്തിന് അംഗീകരം കിട്ടിയ നടനാണ് ലാലെന്നാണ് അഴീക്കോട് പറഞ്ഞത്. പഴശ്ശിരാജ വീട്ടിലെത്തിയാല്‍ പഴംരാജയാണെന്നാണ് പറഞ്ഞത്. രണ്ടു തവണ ദേശീയ അവാര്‍ഡ് കിട്ടിയ നടനാണ് ലാല്‍. മൂന്നു തവണ ദേശീയ അവാര്‍ഡ് കിട്ടിയ നടനാണ് മമ്മൂട്ടി. അപ്പോള്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയവരും കോമാളികളാണെന്നാണ് അഴീക്കോട് പറയുന്നത്. സിനിമ കാണാറില്ലെന്നും പരസ്യം കാണാറില്ലെന്നും പറയുന്ന അഴീക്കോട് എന്തിനാണ് അറിയാത്ത കാര്യങ്ങളെക്കുറിച്ച് വിമര്‍ശിക്കുന്നതെന്നും ഇന്നസെന്‍റ് ചോദിച്ചു.

മോഹന്‍ലാല്‍ ഡ്രൈവറെ നിര്‍മ്മാതാവാക്കിയത് അംഗീകരിക്കേണ്ട കാര്യമല്ലേ. ഡ്രൈവര്‍ ജോലിയാണെങ്കിലും ജോലി ജോലിയാണ്. എല്ലാ ജോലിക്കും അതിന്‍റേതായ മഹത്വമുണ്ട്. പരസ്യത്തിലഭിനയിക്കുന്നതിന് പണം വാങ്ങുന്നുണ്ട്. അതിന് കൃത്യമായ രേഖകളുമുണ്ട്. ലാല്‍ സ്വര്‍ണക്കടയുടെ പരസ്യത്തിലഭിനയിക്കുന്നുണ്ട്. ഞാനും അഭിനയിക്കുന്നുണ്ട്. അഭിനയമാണ് ഞങ്ങളുടെ ഉപജീവനമാര്‍ഗം. നമുക്കുള്ള ഓരോ ജോലിയും നമ്മുക്ക് വിധിച്ചിട്ടുള്ളതാണ്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. സുകുമാര്‍ അഴീക്കോടിനെ ആരെങ്കിലും സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിപ്പിക്കുമോ. അദ്ദേഹം അഥവാ അഭിനയിച്ചാല്‍ തന്നെ സ്വര്‍ണം വാങ്ങി വീട്ടിലെത്തുന്ന ഉപഭോക്താവ് ഉടന്‍ സര്‍ണം തിരിച്ച് കടയില്‍ തന്നെ എത്തിക്കും.

മോഹന്‍ലാല്‍ മേയ്ക്കപ്പ് അഴിച്ചു മാറ്റിയാല്‍ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടു വീഴുമെന്നാണ് അഴീക്കോട് പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം കഴിഞ്ഞുപോയ കൌമരത്തെക്കുറിച്ച് ദു:ഖിച്ചിട്ടു കാര്യമില്ല. 1947 അല്ല ഈ കാലഘട്ടം. അത്യാവശ്യം മേയ്ക്കപ്പ് ഒക്കെ എല്ലാവരും ഉപയോഗിക്കാറുണ്ട്. 90 ശതമാനം ആള്‍ക്കാരും അത്തരത്തില്‍ ഉള്ളവരാണെന്നും ഇന്നസെന്‍റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക