തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഡോ എസ് കെ പ്യാരിലാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പ്യാരിലാലിന്‍റെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന ടൂറിസം വകുപ്പാണ്.
തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ‘ജലകന്യക’ ബോട്ടിന് 42 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അപകടത്തില്‍പ്പെടുമ്പോള്‍ ബോട്ടില്‍ 87 യാത്രക്കാര്‍ ഉണ്ടായിരുന്നു.
കൂടാതെ ജലകന്യകയ്‌ക്ക് മുകള്‍ത്തട്ട് പാടില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് നിര്‍മ്മാണം ഒരു തലത്തിലും നിരീക്ഷിക്കപ്പെട്ടിരുന്നില്ല. ഉടമസ്ഥര്‍ എന്ന നിലയ്‌ക്ക് വകുപ്പുതലത്തിലും ഗുരുതരമായ വീഴ്‌ച സംഭവിച്ചു.
ജലകന്യകയുടെ രൂപകല്പന നിര്‍വ്വഹിച്ച ചെന്നൈ ഐ ഐ ടിയിലെ പ്രൊഫസറായ ഡോ അനന്തസുബ്രഹ്‌മണ്യത്തിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ചകള്‍ ഉണ്ടായതായി പ്യാരിലാലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലകന്യക രൂപകല്പന ചെയ്‌ത അനന്തസുബ്രഹ്‌മണ്യത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. രൂപകല്പനയില്‍ പിഴവുണ്ടായതായും നിര്‍മ്മണത്തില്‍ കമ്പനിക്ക് പിഴവ് സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് നിര്‍മ്മണം നിരീക്ഷിക്കുന്നതിന് ഒരു നേവല്‍ ആര്‍ട്ടിടെക്‌ട് ഇല്ലാതിരുന്നതും ഗുരുതരമായ വീഴ്‌ചയായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് ഡോ എസ് കെ പ്യാരിലാല്‍ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരുന്നു.