ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കുന്നു

ശനി, 24 ഒക്‌ടോബര്‍ 2009 (10:32 IST)
PRO
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി ഒ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ പി ബഹിഷ്‌കരികുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുഴുവന്‍ സമയവും മറ്റ് മെഡിക്കല്‍ കോളജുകളില്‍ രണ്ട് മണിക്കൂറുമാണ് ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്കരിക്കുന്നത്.

നിത്യേന 1500 ഓളം രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ ബഹിഷ്കരണം‌മൂലം കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന, സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പകരം റസിഡന്‍റ് ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരുമാണ് ഒ പിയില്‍ പരിശോധന നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനത്തെയും സമരം കാര്യമായി ബാധിച്ചിട്ടില്ല.

അതേസമയം കെ ജി എം സി ടി ഒ സംസ്ഥാന പ്രസിഡന്റ്‌ ഡോ വര്‍ഗീസ്‌ തോമസിന്‌ സര്‍ക്കാര്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസ്‌ അദ്ദേഹം ഇതുവരെ കൈപ്പറ്റിയിട്ടില്ല. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

ചട്ടവിരുദ്ധമായി പ്രസംഗിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ഡോവര്‍ഗീസ്‌ തോമസിന്‌ സര്‍ക്കാര്‍ നോട്ടീസ്‌ നല്‍കിയത്‌. ഇതിനു പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്ക്‌ രണ്‌ട്‌ അധ്യാപകരെ സ്ഥലം മാറ്റിയതും ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിന് കാരണമായി. സര്‍ക്കാര്‍ നടപടി പകപോക്കലാണെന്നാണ്‌ സംഘടനയുടെ നിലപാട്‌. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ നിയമപരമായി നീങ്ങാനും ശിക്ഷണ നടപടിയ്ക്കു വിധേയരായ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്‌ട്‌.

വെബ്ദുനിയ വായിക്കുക