പോള്‍ എം ജോര്‍ജ് വധക്കേസ് അന്വേഷിക്കാന്‍ സി ബി ഐയെ ചുമതലപ്പെടുത്തണമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകസമയത്ത് പോളിനോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനും, പുത്തന്‍ പാലം രാജേഷിനും മാത്രമേ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഇവരെ പൊലീസ് പിടികൂടാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു.
സംസ്ഥാന ഗുണ്ടാനിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്നതിനോടൊപ്പം ഗുണ്ടാലിസ്‌റ്റ് പ്രസിദ്ധപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് കൊണ്ടുവന്ന ഗുണ്ടാനിയമം ഭേദഗതി ചെയ്‌ത് എല്‍ ഡി എഫ് സര്‍ക്കാര്‍ ഗുണ്ടാസംരക്ഷണനിയമം നടപ്പാക്കുകയാണ് ചെയ്‌തത്.
ഗുണ്ടാസംഘങ്ങളുടെയും, ക്വട്ടേഷന്‍ ടീമുകളുടെയും സുഹൃത്തായി സി പി എം മാറി. കൊള്ളപ്പലിശ വാങ്ങുന്നവര്‍, വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ മുതലായവരെയും ഗുണ്ടാലിസ്‌റ്റില്‍ കൊണ്ടുവരണമെന്ന് തങ്കച്ചന്‍ ആവശ്യപ്പെട്ടു.