ചികിത്സാ ഇളവ് അനുവദിക്കാത്ത ജഡ്ജിയെ പാകിസ്ഥാന്‍ കോടതി മുറിയില്‍ വച്ച് കൊലപാതക കുറ്റത്തിന് അറസ്റ്റിലായ ആള്‍ ഷൂവെറിഞ്ഞു. മുള്‍ട്ടാന്‍ ജില്ലാ ജഡ്ജി മിയാന്‍ കാസിമിന്റെ മുഖത്തും നെഞ്ചത്തുമാണ് ഷൂ ഏറ് കൊണ്ടത്.
കൊലപാതക കുറ്റത്തിന് അറസ്റ്റിലായ നസീര്‍ ഹുസൈനാണ് ജഡ്ജിയുമായി നേര്‍ക്കുനേര്‍ ചൂടുള്ള വാക്കുതര്‍ക്കം നടത്തിയ ശേഷം കോടതി മുറിയില്‍ വച്ചു തന്നെ ജഡ്ജിയെ ഷൂവെറിഞ്ഞത്. നസീര്‍ ഹുസൈന് പലതവണ ഇളവ് അനുവദിച്ചിരുന്നു എന്നും കൈ വേദന എന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷയില്‍ ഇളവൊന്നും നല്‍കാന്‍ സാധിക്കില്ല എന്നും ജഡ്ജി പറഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയത്.
താന്‍ ഒരു സെയ്ദ് ആണെന്നും. സെയ്ദുകള്‍ക്ക് എതിരെ ഒരിക്കലും കൊലപാതക കുറ്റം ആരോപിക്കാന്‍ കഴിയില്ല എന്നും ഹുസൈന്‍ ജഡ്ജിയോട് പറയുന്നുണ്ടായിരുന്നു,
ജഡ്ജിയുടെ പരാമര്‍ശത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹുസൈന്‍ രണ്ടു ഷൂസുകളും ഊരിയെടുത്ത് ജഡ്ജിക്കു നേരെ എറിയുകയായിരുന്നു. അതിലും കോപമടങ്ങാഞ്ഞ് ജഡ്ജിയെ ആക്രമിക്കാന്‍ തുനിഞ്ഞ ഇയാളെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.