അടുത്ത ആക്രമണം പാകില്‍ നിന്ന്: യുഎസ് വിദഗ്ധന്‍

ശനി, 15 മെയ് 2010 (13:31 IST)
PRO
ഭാവിയില്‍, യുഎസിന് പാകിസ്ഥാനില്‍ നിന്ന് വലിയൊരു ഭീകരാക്രമണത്തെ നേരിടേണ്ടി വന്നേക്കുമെന്ന് സിഐ‌എയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡല്‍ അഭിപ്രായപ്പെട്ടു. യുഎസിന്റെ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ നയ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റീഡല്‍.

പാകിസ്ഥാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ ഒരു പ്രതിഭാസമാണ്. എല്ലാ ജിഹാദികളും യുഎസിനെ പ്രധാന ലക്‍ഷ്യമാക്കാണമെന്നാണ് ആഗോള ഇസ്ലാമിക ജിഹാദിന്റെ ആശയം. ജിഹാദി സംഘടനകള്‍ അല്‍-ക്വൊയ്ദയെ കൂടാതെ നിരവധി സംഘങ്ങളുടെ പിന്തുണ നേടിക്കഴിഞ്ഞിരിക്കുകയാണെന്നും റീഡല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒബാമ ഭരണകൂടവും ബുഷ് ഭരണകൂടവും ഭീകര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി പാകിസ്ഥാനില്‍ രൂപം കൊണ്ട ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ സമഗ്രമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാ‍നിലെ ഒരു സര്‍ക്കാരും തയ്യാറായില്ല. പാക് സര്‍ക്കാരിലെ ചിലര്‍ അല്‍-ക്വൊയ്ദ, ലഷ്കര്‍, പാക് താലിബാന്‍, അഫ്ഗാന്‍ താലിബാന്‍ എന്നീ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നതിനെ കുറിച്ച് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആശങ്ക പ്രകടിപ്പിച്ചതും റീഡല്‍ ചൂണ്ടിക്കാട്ടി.

യുഎസില്‍ ആദ്യമായി പാകിസ്ഥാന്‍ താലിബാന്‍ ആക്രമണ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു, ടൈംസ് സ്ക്വയര്‍ ആക്രമണ പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് റീഡല്‍ പറഞ്ഞു. ആഗോള ജിഹാദ് സന്ദേശം പാക് ഇസ്ലാമിക സംഘടനകളില്‍ ആഴത്തില്‍ വേരോടുകയാണെന്നും ടൈംസ് സ്ക്വയറില്‍ നടത്താന്‍ തീരുമാനിച്ചതിലധികം വിനാശകരമായാ ആക്രമണങ്ങള്‍ അവരില്‍ നിന്ന് ഉണ്ടായേക്കാമെന്നും റീഡല്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം ഭീകരതയ്ക്കെതിരെ കൂടുതല്‍ ശക്തമായി പോരാടാന്‍ രാജ്യത്തിന് കൂടുതല്‍ ആയുധങ്ങളും സാങ്കേതികവിദ്യയും നല്‍കുകയാണ് ഫലപ്രദമെന്നും റീഡല്‍ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക