നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ഇന്ത്യക്കാരായ പൂജാരികള്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. പൂജാരികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
അക്രമണം അത്യന്തം ഖേദകരവും രാജ്യം മറക്കാനാഗ്രഹിക്കുന്നതുമാണെന്ന് നേപ്പാള്‍ സാംസ്കാരിക മന്ത്രി മിനിന്ദ്ര റിജാള്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ റിജാള്‍ ക്ഷമ ചോദിച്ചു.
പശുപതിനാഥ് ക്ഷേത്രത്തില്‍ പുതിയതായി നിയമിച്ച ഇന്ത്യക്കാരായ ഗിരീഷ് ഭാട്ട, രാഘവേന്ദ്ര ഭാട്ട എന്നിവര്‍ക്കു നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഭക്‌തരാണെന്ന വ്യാജേന ക്ഷേത്രത്തില്‍ പ്രവേശിച്ച മാവോയിസ്റ്റുകളുടെ സംഘമാണ് ഇന്നലെ പൂജാരികളെ ഉപദ്രവിക്കുകയും ഇവരുടെ വസ്‌ത്രവും മറ്റും കീറുകയും ചെയ്‌തത്.
ഇരുവരും കര്‍ണാടക സ്വദേശികളാണ്. ഒരാളുടെ കണ്ണിനു പരുക്കേറ്റു. തദ്ദേശവാസികളും പൊലീസും ചേര്‍ന്നാണ് അക്രമികളില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ നേതാവടക്കം പന്ത്രണ്ടോള പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
നേപ്പാള്‍ സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്‌തതിനെ തുടര്‍ന്ന് ഇരുവരും ഇന്നു വീണ്ടും ക്ഷേത്രത്തില്‍ എത്തി പൂജ നടത്തി. രാകേഷ് സൂദും നേപ്പാള്‍ സാംസ്കാരിക മന്ത്രി ശരത് സിങ് ഭണ്ഡാരിയും ഇവര്‍ക്കൊപ്പം ഇന്നു ക്ഷേത്രത്തില്‍ എത്തിയിരുന്നു.