ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലും മുട്ടിച്ച കൊക്കൊക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് കെട്ടുകെട്ടിച്ചത് തെറ്റാണോ? കോള കമ്പനിയെ നിലനിര്‍ത്താനാകാത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ വാക്കുകള്‍ വാസ്തവത്തില്‍ പ്ലാച്ചിമടയിലെ സമരഭൂമിയില്‍ അണിനിരന്ന ഒരു സമൂഹത്തിന്‍റെ നേര്‍ക്ക് മാത്രമല്ല അതിന് സര്‍വ്വപിന്തുണയും നല്‍കിയ സാംസ്കാരിക കേരളത്തിന്‍റെ മുഖത്തു കൂടി ചെളിവാരിയെറിയുകയാണ്. കൊക്കൊകോള കമ്പനിക്ക് അനുമതി നല്‍കിയവരുടെ മുഖത്തടിക്കണമെന്ന് വിളിച്ചു പറഞ്ഞ വിഎസ് ഭരിക്കുമ്പോള്‍ തന്നെയാണ് ബാലകൃഷ്ണന്‍റെ അഭിപ്രായപ്രകടനമെന്നതാണ് ഏറെ ശ്രദ്ധേയം.
ഫാക്ടറി പൂട്ടിയതുവഴി നിരവധി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നായിരുന്നു അഭിപ്രായത്തെ ന്യായീകരിച്ച് ബാലകൃഷ്ണന് പറയാനുണ്ടായിരുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെട്ട 500 കോടി രൂപയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ കൊക്കൊക്കോള കമ്പനി പ്ലാച്ചിമടയില്‍ നിലനിന്നിരുന്നെങ്കില്‍ ഇന്ന് ആ പ്രദേശത്തിനുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനം പക്ഷെ ഇതിന്‍റെ ഇരട്ടി നഷ്ടമായിരിക്കും വരുത്തിവെക്കുക എന്ന കാര്യം ബാലകൃഷ്ണന്‍ സൌകര്യപൂര്‍വ്വം മറന്നുപോയി. കിനാലൂരില്‍ ഇല്ലാത്ത വ്യവസായ പദ്ധതിയുടെയും നാലുവരിപ്പാതയുടെയും പേരില്‍ നാട്ടുകാരെ തെരുവില്‍ തല്ലിച്ചതച്ച വ്യവസായമന്ത്രിയുടെ ദാസന്‍ ഈ തരത്തില്‍ പ്രതികരിച്ചതില്‍ അത്ഭുതം വിചാരിക്കേണ്ടതില്ല.
കൊക്കൊകോള പ്ലാച്ചിമടയില്‍ വരുത്തിയ പാരിസ്ഥിതി നഷ്ടം 216 കോടി രൂപയാണെന്ന് കാണിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധിക നാളായില്ല. ഈ റിപ്പോര്‍ട്ട് പോലും മറന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. കമ്പനിയുടെ ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടവുമുണ്ടായതായിട്ടായിരുന്നു സമിതിയുടെ കണ്ടെത്തല്‍ . ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കകോള കമ്പനി ചെയ്തതായി സമിതി വിലയിരുത്തിയിരുന്നു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയത്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ ട്രൈബ്യൂണലിനെ നിയോഗിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങി അധികനാള്‍ കഴിയും മുമ്പ് തന്നെ കൊക്കൊകോള കമ്പനി അവിടുത്തെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കി തുടങ്ങിയിരുന്നു. കിണറുകളിലും മറ്റും ശുദ്ധജലം കിട്ടാതായതും കിണറുകളിലെ നീരുറവകള്‍ വറ്റിവരണ്ടതും കമ്പനിയുടെ ജലചൂഷണത്തിന്‍റെ പ്രത്യക്ഷ തെളിവുകളായിരുന്നു. തുടര്‍ന്നാണ് മയിലമ്മയെപ്പോലുള്ള സാധാരണ ജനങ്ങള്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്. 2002 ഏപ്രില്‍ 22 ന് തുടങ്ങിയ സമരം ഒരു വന്‍ പ്രതിഷേധമായി പടരുകയായിരുന്നു. വര്‍ഷങ്ങളോളം ഇവര്‍ നടത്തിയ സമരത്തിന്‍റെ ഫലമായാണ് പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടിയത്. കൊക്കൊകോള പുറം തള്ളുന്ന അവശിഷ്ടങ്ങളില്‍ വിഷാംശമടങ്ങിയ കാഡ്മിയം കറുത്തീയം ഉണ്ടെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു. ഇത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറി വരുമാനത്തിന്‍റെ പേരില്‍ മാത്രം നടത്തിക്കൊണ്ടുപോകണമെന്നാണോ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്ദേശിച്ചത്?.
ഇന്നും പ്ലാച്ചിമടയിലെ ജനങ്ങള്‍ കൊക്കൊക്കോള കമ്പനി വരുത്തിയ നഷ്ടത്തിന് പരിഹാരം തേടി സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.