സിനിമ, ടെലിവിഷന്‍ സീരിയല്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.
WD
അരുണ്‍ തുളസീദാസ് - ഓ.വി.വിജയന്‍, സക്കറിയ, എം. മുകുന്ദന്‍ തുടങ്ങി ആധുനികകാലഘട്ടത്തില്‍ ജ്വലിച്ചുനിന്നിരുന്ന എഴുത്തുകാരുടെ ‘ഇന്‍റലിജന്‍സ്’ ഇപ്പോഴുള്ള എഴുത്തുകാര്‍ക്ക് ഇല്ലെന്ന് മേതില്‍ എവിടെയോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു വിഷയത്തെ എടുക്കുമ്പോള്‍ അതിന്‍റെ വരുംവരായ്കള്‍ മനസ്സിലാവായ്ക ഇപ്പോഴത്തെ എഴുത്തുകാരുടെ പ്രശ്നമാണോ?
സന്തോഷ് എച്ചിക്കാനം - എന്താണീ ‘ഇന്‍റലിജന്‍സ്’ എന്ന് എനിക്ക് മനസ്സിലായില്ല. ‘ഇന്‍റലിജന്‍സ്’ എന്നത് ബുദ്ധി അല്ലെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ എന്നെപ്പോലുള്ള എഴുത്തുകാര്‍ക്ക് അവരേക്കാള്‍ ‘ഇന്‍റലിജന്‍സ്’ കുറവാണ്. ഐ.എ.എസ് നേടിയിട്ടുള്ള സേതുവിനെപ്പോലെ, എന്‍.എസ്.മാധവനെ പോലെയുള്ള അതീവ ബുദ്ധിശക്തിയുള്ള എഴുത്തുകാര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ, ബഷീറിന് എന്ത് ഇന്‍റലിജന്‍സാണ് ഉണ്ടായിരുന്നത്? എഴുത്തുകാരന്‍റെ ഇന്‍റലിജന്‍സ് വേറൊരു തലത്തിലാണ് അളക്കേണ്ടത്. ജീവിക്കുന്ന കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ പറ്റുന്ന ഒരു ബ്രെയിനാണ് എഴുത്തുകാരന് ഉണ്ടാവേണ്ടത്.
മറ്റുള്ള കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. വി.കെ.എന്നോ എം.പി. നാരായണപിള്ളയ്ക്കോ ഒക്കെ ഉണ്ടായിരുന്ന ഇന്‍റലിജന്‍സ് ഇപ്പോഴത്തെ എഴുത്തുകാര്‍ക്കില്ല. ജീവിതത്തില്‍ റിസ്കെടുക്കാനുള്ള കഴിവോ ധിക്കാരമോ പുതിയ എഴുത്തുകാര്‍ക്ക് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാലഘട്ടത്തില്‍ സാഹിത്യരംഗത്തുള്ളവരെല്ലാം തന്നെ സ്കൂള്‍ ടീച്ചര്‍മാരോ കോളേജ് അധ്യാപരോ ആയിരുന്നു. അത് മലയാള സാഹിത്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു തരം സുരക്ഷിതാവസ്ഥയില്‍ ഇരുന്നാണ് ഇവരൊക്കെയും രചനകള്‍ നടത്തിയിരുന്നത്.
WD
വി.കെ.എന്നെ എടുത്തുനോക്കുക. ഹിന്ദു ദിനപത്രത്തിലൊരു ജോലി കിട്ടി, പിറ്റേ ദിവസം തന്നെ അത് വലിച്ചെറിഞ്ഞ് പോരാനുള്ള ചങ്കൂറ്റം കാണിച്ചയാളാണ്. ഇന്ന് ഹിന്ദുവിലൊരു ജോലി കിട്ടിയാല്‍ ഏതെങ്കിലും എഴുത്തുകാര്‍ വലിച്ചെറിയുമോ? ഒരു സര്‍ക്കാരുദ്യോഗം കിട്ടിയ പോലെ ബാക്കിയെല്ലാം മറക്കും ഇപ്പോഴത്തെ എഴുത്തുകാരന്‍.
അരുണ്‍ തുളസീദാസ് - അപ്പോള്‍ പറഞ്ഞുവരുമ്പോള്‍, ഉത്തരാധുനികതയുടെ എഴുത്തുകാര്‍ക്ക് ധിക്കാരിയുടെ കാതല്‍ എന്നുപറയുന്ന സംഭവം നഷ്ടപ്പെട്ട് പോയി എന്നാണോ?
സന്തോഷ് എച്ചിക്കാനം - ഉത്തരാധുനികത എന്ന വാക്കിനോടുതന്നെ എനിക്ക് ഒരു വിപ്രതിപത്തി ഉണ്ട്. എങ്ങിനെയൊക്കെ ഉപയോഗിക്കാമോ? ഉപയോഗിക്കാമായിരിക്കാം. പക്ഷേ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. ഞാന്‍ പറയട്ടെ, അടുത്തകാലത്ത് ഞാന്‍ ‘കൃഷിപാഠം’ എന്ന പേരില്‍ ഒരു കഥയെഴുതിയിരുന്നു. എന്‍റെ കുട്ടിക്കാലത്തെ കുറേ ഓര്‍മ്മകള്‍ വച്ചാണ്. സത്യം പറഞ്ഞാല്‍ ഒരു കാരൂര്‍ക്കഥ പോലെയേ ഉള്ളൂ. എന്തുകൊണ്ട് എനിക്കങ്ങനെ എഴുതിക്കൂടാ? എനിക്ക് എങ്ങനെ വേണമെങ്കിലും എഴുതാം. ഏത് കാലഘട്ടത്തിലേക്ക് വേണമെങ്കില്‍ എനിക്ക് ചേക്കേറാം. അങ്ങനെ എന്തെങ്കിലും പ്രത്യേക രീതിയില്‍ മാത്രമേ എഴുതൂ എന്ന് വാക്ക് കൊടുക്കേണ്ട കാര്യമൊന്നുമില്ല.
പിന്നെ ഈ ധിക്കാരം നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം എല്ലാം അഡ്‌ജസ്റ്റുമെന്റിന്റെ ഭാഗമാണ്. എല്ലാത്തിനോടും പൊരുത്തപ്പെട്ട് കൊണ്ടിരിക്കുകയാണ് മനുഷ്യന്‍. വൈയക്തികവും സാമൂഹികവുമായ പൊരുത്തപ്പെടലാണ് എവിടെയും നടക്കുന്നത്.
WD
അരുണ്‍ തുളസീദാസ് - പൊരുത്തപ്പെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സന്തോഷ് പറയുന്നു. ചോദിക്കട്ടെ, ഈ ഉത്തരാധുനികര്‍ ആരോടാണ് പ്രതിബദ്ധത പുലര്‍ത്തുന്നത്?
സന്തോഷ് എച്ചിക്കാനം - ഞാന്‍ പറയട്ടെ, പ്രതിബദ്ധത എന്ന വാക്കിന് തന്നെ ഒരു പ്രശ്നമുണ്ട്. ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും എഴുത്ത് എന്ന് പറഞ്ഞാല്‍ വളരെ സ്വകാര്യമായൊരു സംഭവമാണ്. എഴുത്തുകാരന്‍ സ്വതന്ത്രനാണോ എന്ന് ചോദിച്ചാല്‍ എഴുതുന്ന സമയത്ത് മാത്രമേ എഴുത്തുകാരന്‍ സ്വതന്ത്രനാവുന്നുള്ളൂ. ഒരു വാക്ക് എഴുതിവച്ച് എഴുത്തുകാരന്‍ പേനയെടുക്കുമ്പോള്‍ എഴുതിവച്ച വാക്ക് ആരുടേതായോ മാറുകയാണ്. ഈ വാക്ക് നിങ്ങളുടേതായി മാറി. നിങ്ങളാണത് വായിക്കുന്നത് നിങ്ങളാണത് മാര്‍ക്കറ്റ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ എഴുതുന്ന സമയത്ത് എഴുത്തുകാരന് ലഭിക്കുന്ന സ്വകാര്യതയോട് അല്ലെങ്കില്‍ സ്വാതന്ത്ര്യത്തോട് മാത്രമേ അവന് പ്രതിബദ്ധതയുള്ളൂ.
എഴുതുമ്പോഴുള്ള പ്രതിബദ്ധത മാത്രമേ എഴുത്തുകാരന് പുലര്‍ത്താനാവൂ. ‘കൊമാല’ എന്ന കഥയെഴുതിയ ഞാന്‍ തന്നെ ടിവി മാധ്യമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതെച്ചൊല്ലി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളായത് കൊണ്ട് പറയുകയാണ്. സീരിയലെഴുത്ത് എന്റെ ഭൌതികജീവിതവുമായി ബന്ധപ്പെട്ട സംഗതിയാണ്.
ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “സീരിയലിന് കഥയെഴുതുന്ന എച്ചിക്കാനം” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.