മുഖവുരകള്‍ എത്ര ഉപരിപ്ലവം!

മുഖവുരകള്‍ എത്ര ഉപരിപ്ലവം!

എത്ര ഉപരിപ്ലവമായാണ്‌ മുഖവുരകളും അഭിനന്ദനങ്ങളും എഴുതപ്പെടുന്നതെന്ന്‌ മനസ്സിലാക്കാന്‍ ഭാരതീയ ശാസ്ത്ര പൈതൃകം എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ കത്ത് സഹായിക്കുമെന്ന് ചന്ദ്രഹരി

കൃതിയുടെ ഗുണനിലവാരം എന്തുമാകട്ടെ, ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ കത്ത്‌ (തീയതി 26 ജൂണ്‍ 2000) ഇന്ത്യന്‍ ടെക്നോളജിക്കല്‍ ഹെറിറ്റേജിന്‌ ആമുഖമായി പ്രസിദ്ധീകരിച്ചിരിക്കുന്നതില്‍ ''I was astonished and proud to study the work on Aryabhateeya and Aryabhatta' എന്ന അഭിനന്ദനം ദൃശ്യമാണ്‌. എത്ര ഉപരിപ്ലവമായാണ്‌ മുഖവുരകളും അഭിനന്ദനങ്ങളും എഴുതപ്പെടുന്നതെന്ന്‌ മനസ്സിലാക്കാന്‍ പൈതൃകപ്രസ്ഥാനത്തിന്റെ കൃതികള്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല. മുമ്പ്‌ സൂചിപ്പിച്ച പ്രൊഫ. മാഷല്‍കറുടെ ഇന്ത്യന്‍ സയന്റിഫിക്‌ ഹെറിറ്റേജിന്‌ നല്‍കിയ മുഖവുര (Foreword) ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യമാകും.

ശ്രീധരാചാര്യരുടെ പാടീഗണിതവും വടേശ്വരസിദ്ധാന്തവും ഇതേ ദുര്‍വ്വിധിക്ക്‌ വിധേയരായി 'Commentary By Dr. N. Gopalakrishnan' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരണത്തിലാണ്‌. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലല്ലാചാര്യരുടെയും വടേശ്വരന്റെയും എട്ടും ഒന്‍പതും നൂറ്റാണ്ടുകളിലെ ജ്യോതിര്‍ഗണിത സങ്കേതങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌ ലോകത്ത്‌ മറ്റാര്‍ക്കും അറിവില്ലാതിരുന്ന കാര്യങ്ങള്‍ ലല്ലാചാര്യരും വടേശ്വരനും തങ്ങളുടെ കാലത്ത്‌ പറഞ്ഞുവെന്ന ധാരണ പരത്തും വിധമാണ്‌.

ഗ്രീക്ക്‌-ബാബിലോണിയന്‍ ജ്യോതിഃശാസ്ത്രരംഗത്ത്‌ പ്രസിദ്ധമാകാത്ത പുതിയ തത്ത്വങ്ങളൊന്നും തന്നെ ഇവര്‍ അവതരിപ്പിച്ചിട്ടില്ല. ആര്യഭടന്റെയും ബ്രഹ്മഗുപ്തന്റെയും ശാസ്ത്രത്തെ ഭാസ്കരന്റെ വ്യാഖ്യാനം അടിസ്ഥാനമാക്കി വിപുലപ്പെടുത്തുക മാത്രമാണ്‌ ഇവര്‍ ചെയ്തത്‌.

ഹിപ്പാര്‍ക്കസും തുടര്‍ന്ന്‌ ടോളമിയും വളരെ മുമ്പ്‌ തന്നെ ഈവിധ കണ്ടെത്തലുകള്‍ നടത്തിയിരുന്നു. മുജ്ജലന്‍ അഥവാ മഞ്ജുളന്റെ (932AD) ഭൂവ്യാസപരിധിമാനങ്ങള്‍ തെറ്റാണെന്നും അബദ്ധ വിധി പ്രസ്താവിച്ചു കാണുന്നു.

ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി പ്രസിദ്ധീകരിച്ച്‌ സുഗമമായി ലഭ്യമായ ഗ്രന്ഥങ്ങളെ പകര്‍ത്തി ഭാരതീയ പൈതൃകത്തെപ്പറ്റി വ്യാജപ്രചാരണം നടത്തുകയാണ്‌ ഗ്രന്ഥകാരന്റെയും സംഘടനയുടെയും ലക്ഷ്യമെന്ന്‌ മുകളില്‍ നല്‍കിയ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാം. ഈ സംഘടനയുടെ ഒരേ രീതിയിലുള്ള എല്ലാ കൃതികളുടെയും കര്‍ത്താവ്‌ ഒരാളാണെന്നതും ശ്രദ്ധേയമാണ്‌.

7. ഡിപ്ലോമയും സര്‍ട്ടിഫിക്കേറ്റും - ദേശീയ പൈതൃക കേന്ദ്രം (National Heritage Centre)

തീയതിയില്ലാത്ത ഹെറിറ്റേജ്‌ പബ്ലിക്കേഷന്‍ സീരീസ്‌ - 79 ല്‍ കാണുന്ന വിവരമനുസരിച്ച്‌ ഈ സംഘടന ഇനി ഡിപ്ലോമയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുവാന്‍ പോകുകയാണ്‌. ജ്യോതിഃശാസ്ത്രം, ഗണിതം, എന്നുവേണ്ട ആകാശത്തിന്‌ കീഴിലുള്ള ഏതിനെപ്പറ്റിയുള്ള പൈതൃകസംബന്ധിയായ പ്രബന്ധത്തിനും സംഗീതം, ചിത്രകല മുതലായ കഴിവുകള്‍ക്കും ഒരു പുതിയ അംഗീകാരം ഇവര്‍ നല്‍കുന്നു.






8. ഭാരതീയ പൈതൃക പ്രസ്ഥാനത്തിന്റെ നോട്ടീസുകള്‍

ഈ പ്രസ്ഥാനത്തിന്റെ ഏതാനും നോട്ടീസുകള്‍ കാണുന്നതിനും ഇടയായി. മുകളില്‍ പറഞ്ഞ ഗ്രന്ഥങ്ങളിലേതുപോലെ തന്നെ രസകരമാണ്‌ ഇവയിലെയും പ്രതിപാദനം.

(അ) ഭാരതീയശാസ്ത്രപൈതൃകം ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ ഉള്‍ക്കാഴ്ച നേടുവാന്‍ ഡോ. ഗോപാലകൃഷ്ണന്‍ ഉദ്ബോധിപ്പിക്കുന്നു. സ്വയം ഈ ഉദ്ബോധനം അദ്ദേഹം അനുവര്‍ത്തിച്ചിട്ടില്ലെന്ന്‌ മുകളില്‍ നല്‍കിയ വിവരണവും മറ്റു ലഘുലേഖകളും സൂചിപ്പിക്കുന്നു.

(ആ) അവതാരത്രയങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ്‌ ഈ ലഘുലേഖകള്‍ ശാസ്ത്രാഭ്യസനം ആരംഭിക്കുന്നത്‌.

(ഇ) വിദ്യാര്‍ത്ഥികളെ ഇതിലെ, ഇതിലെ ... ഭാരതീയപൈതൃകത്തിന്റെ മുകളില്‍ വിവരിച്ച വ്യാഖ്യാനത്തിലേക്ക്‌ നിഷ്കളങ്കരായ കുട്ടികളെ ആഹ്വാനം ചെയ്യുന്നു.

(ഈ) ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളായി ബ്രാഹ്മണജാതിയുടെ കോപ്രാന്തങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കും അമ്മമാര്‍ക്കും ഒക്കെയായി അവതരിപ്പിക്കുന്നു.

(ഉ) ഒരു മാസത്തെ വരുമാനത്തിന്റെ ഒരു ശതമാനം പൈതൃകപഠന പ്രചരണത്തിന്‌ നീക്കിവെക്കണം (ഡോ. ഗോപാലകൃഷ്ണന്റെ ഹിന്ദുത്വ-ബ്രാഹ്മണസംഘടനക്ക്‌).

(ഊ) ധര്‍മ്മസംരക്ഷണത്തിനുള്ള ശ്രീകൃഷ്ണസന്ദേശമാണ്‌ ഏറ്റവും പ്രധാനമായ ശാസ്ത്രം.

(എ) ഭാരതീയ പൈതൃകത്തെ അശാസ്ത്രീയമായി ചിത്രീകരിച്ച്‌ നടത്തുന്ന ഹിന്ദുത്വ-ബ്രാഹ്മണത്വ പ്രചരണത്തിന്‌ മുഖം മൂടിയായി ഡോ. അബ്ദുള്‍കലാമിന്റെ ഹൈദരാബാദിലെ പ്രസംഗവും അച്ചടിച്ച്‌ വിതരണം ചെയ്യുന്നു.

(ഏ) ദേവപ്രശ്നം. താംബൂലപ്രശ്നം, സ്വര്‍ണ്ണപ്രശ്നം വാവുബലി, തര്‍പ്പണം (അര്‍ഹതയുള്ളവര്‍ക്ക്‌), തന്ത്രം (അര്‍ഹതയുള്ളവര്‍ക്ക്‌) വേദപഠനം (അര്‍ഹതയുള്ളവര്‍ക്ക്‌) മുതലായ ശാസ്ത്രങ്ങളും ഈ സംഘടനയുടെ ശാസ്ത്രീയ പൈതൃകപാഠ്യപദ്ധതിയില്‍ പെടുന്നു.

(ഐ) മാംസാഹാരം ഉപേക്ഷിച്ച്‌ എല്ലാവരും ബ്രാഹ്മണഭോജനം സ്വീകരിക്കണം. ഹിന്ദുവായി ജനിച്ച്‌, അങ്ങനെ തന്നെ വളര്‍ന്ന്‌ ഹിന്ദുവായി തന്നെ മരിക്കുവാനും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന്‌ ഡോ. ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്യുന്നു.





മൃത്യോര്‍ മാ അമൃതം ഗമയ എന്ന പ്രാര്‍ത്ഥന മറന്നു പോയോ? മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? മനുഷ്യനായി ജനിച്ച്‌ ദൈവമായി വളര്‍ന്ന്‌ മരണത്തെ അതിജീവിക്കുവാനാണ്‌ ഭാരതീയ പൈതൃകം നമ്മെ ഉദ്ബോധിപ്പിക്കുന്നതെന്ന സത്യം അദ്ദേഹത്തിന്‌ തിട്ടമില്ല.

(ഷ) ആര്യാധിനിവേശം നിഷേധിക്കുവാനാണ്‌ ഒരു ലഘുലേഖയില്‍ ശ്രമം. ബ്രാഹ്മണന്‍ വിദേശിയാണെന്ന തോന്നലും തന്നിമിത്തമുള്ള അപകര്‍ഷതാബോധവും ഒഴിവാക്കുവാന്‍, ആര്യാധിനിവേശത്തെ തള്ളിപ്പറയേണ്ടത്‌ അവശ്യമാണ്‌. പരമാബദ്ധങ്ങള്‍ നിറഞ്ഞതാണ്‌ മാക്സ്മുള്ളറെ ഭര്‍ത്സിക്കുന്ന ഈ ലഘുലേഖ.

ഭാരതീയ ജ്യോതിഃശാസ്ത്രത്തിലും ചരിത്രപഠനങ്ങളിലും സംസ്കൃതത്തിലും ഏറ്റവും അവഗാഹമുണ്ടായിരുന്ന യശഃശരീരനായ ഡോ. കെ.വി. ശര്‍മ്മ ഈ ലേഖകനോട്‌ പറഞ്ഞത്‌ മാക്സ്മുള്ളരും മറ്റും ഋഷിതുല്യരായിരുന്നുവെന്നാണ്‌.

സംസ്കൃതം പഠിച്ച്‌, ഇന്നത്തെ കേരളത്തിലെ തന്ത്രവിദ്യപോലെ ബ്രാഹ്മണന്‍ തങ്ങള്‍ക്ക്‌ മാത്രമായി കൈയ്യടക്കി വെച്ചിരുന്നതും നഷ്ടപ്പെട്ടുപോകുമായിരുന്നതുമായ പലകൃതികളെയും കൊള്ളവിലകൊടുത്തുവാങ്ങി വീണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ച്‌ ആധുനിക ഭാരതീയന്‌ ലഭ്യമാക്കിയ നിസ്വാര്‍ത്ഥ പ്രതിഭകളാണവരെന്ന നിഷ്പക്ഷമതികള്‍ക്ക്‌ അവരുടെ കൃതികള്‍ പഠിച്ചാല്‍ മനസ്സിലാക്കാം.

ശങ്കാരാദ്വൈതത്തിന്റെ ആയിരം വര്‍ഷങ്ങളില്‍ ജാതിയുടെ പേരില്‍ മനുഷ്യനെ പീഡിപ്പിച്ച ബ്രാഹ്മണവ്യവസ്ഥയുടെ പിണിയാളുകള്‍ ശ്രീനാരായണഗുരുവിന്റെ പടവുമായി ഇന്ന്‌ ഓടി നടക്കുന്നു. നാളെ അവര്‍ തമിഴകത്തെ അറുപത്തിനാല്‌ ശൈവസിദ്ധന്മാരെയും ബ്രാഹ്മണരാക്കി വാഴിക്കാന്‍ മടിക്കയില്ല.

അര്‍ഹതയുടെ ജാതിനിര്‍വ്വചനവും പാരമ്പര്യവും പറഞ്ഞു നടക്കുന്ന ബ്രാഹ്മണന്റെ ഭാരതത്തിലുള്ള കുത്തക മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാനുള്ള ശ്രമമാണ്‌ ആര്യാധിനിവേശസിദ്ധാന്തത്തോടുള്ള നൂതന ആര്യനാക്രമണം. ഈ ആര്യനാക്രമണത്തിന്റെ കേരളത്തിലെ മുന്‍നിരപോരാളിയാണ്‌ ഡോ. എന്‍.ഗോപാലകൃഷ്ണനെന്ന്‌ അദ്ദേഹത്തിന്റെ കൃതികളും ലഘുലേഖകളും വ്യക്തമാക്കുന്നു.

9. രാഷ്ട്രീയ-മതമൗലിക-വര്‍ഗ്ഗീയ പ്രചരണം CSIR Scientist‍ എന്ന മുഖമുദ്രയോടെ ആശാസ്യമോ?

ഡോ. ഗോപാലകൃഷ്ണന്‌ തന്റെ രാഷ്ട്രീയ-മതമൗലിക-വര്‍ഗ്ഗീയ ചിന്താഗതിക്ക്‌ യോജിച്ച ഭാരതീയ പൈതൃകത്തിന്റെ വികല വ്യാഖ്യാനം നടത്തുവാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കാം. എന്നാല്‍ ആവിധമുള്ള പ്രചരണം ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ദേശീയ ശാസ്ത്ര സമിതിയുടെ ഔദ്യോഗിക പദവിയുടെ പേരില്‍ നടത്തുന്നത്‌ അപലപനീയമല്ലേ?

ഈ ചോദ്യത്തിന്റെ ഉത്തരം ഞാന്‍ വായനക്കാര്‍ക്ക്‌ വിടുകയാണ്‌. പ്രൊഫ. ശുക്ലയുടെയും കെ.വി.ശര്‍മ്മയുടെയും ബിനാ ചാറ്റര്‍ജിയുടെയും വിശകലനങ്ങള്‍ നീക്കിയ ആര്യഭടീയവും, ശിഷ്യധീവൃദ്ധിദവും, മഹാഭാസ്കരീയവും, ആര്‍ക്കാണ്‌ മനസ്സിലാക്കുവാന്‍ കഴിയുക?

ഡോ. ഗോപാലകൃഷ്ണന്‌ വിശദമായ അവലോകനങ്ങള്‍ തന്നെ മനസ്സിലായില്ലെന്നിരിക്കെ, ആര്‍ക്കാണ്‌ ഈ അബ്രിഡ്ജ്ഡ്‌ ആംഗലേയ ഹെറിറ്റേജ്‌ കൃതികള്‍ പ്രയോജനപ്പെടുക? ഗവേഷണങ്ങളില്‍ കൃതഹസ്തനായ ഒരു ശാസ്ത്രജ്ഞന്‍ ഇത്ര വികലമായ ഒരു പ്രസിദ്ധീകരണയജ്ഞം നടത്തുന്നതെന്തിന്‌? നമ്മുടെ നാട്ടില്‍ അതിന്റെ തനതായ ശൈലിയെ, ദ്രാവിഡ ചിന്തയെയും ജീവിതരീതിയെയും ബ്രാഹ്മണവിശ്വസം കലര്‍ത്തി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ നാം ജാഗരൂകരായിരിക്കേണ്ടതാണ്‌.


നെറ്റിയില്‍ സിന്ദൂരം അണിഞ്ഞാല്‍ അള്‍ട്രവയലറ്റ്‌ രശ്മികളെ അകറ്റാം, ചെവിക്ക്‌ പിന്നില്‍ തുളസിക്കതിര്‍ ചൂടിയാല്‍ രക്തസഞ്ചാരം വര്‍ദ്ധിക്കും എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണോ ഇത്തരം സിദ്ധാന്തങ്ങളെന്ന് ചന്ദ്രഹരി അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കുന്നു....




വെബ്ദുനിയ വായിക്കുക