ദുബായ് കേന്ദ്രമായി പ്രവത്തിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിന്റെ ലാഭത്തില്‍ വന്‍ വര്‍ധന. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 248 ശതമാനമായാണ് ലാഭം ഉയര്‍ന്നിരിക്കുന്നത്. ഗ്രൂപ്പിന്റെ സഹസ്ഥാപനങ്ങളായ എമിറേറ്റ്സ് എയര്‍ലൈന്‍, നാറ്റ എന്നിവയും മുന്നേറ്റത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 അവസാനിച്ച കണക്കുകള്‍ പ്രകാരം എമിറേറ്റ്സ് ഗ്രൂപ്പിന്റെ അറ്റാദായം 1.1 ബില്യന്‍ ഡോളറായി ഉയര്‍ന്നു. അതെസമയം, കമ്പനിയുടെ വരുമാനത്തില്‍ വലിയ മാറ്റം പ്രകടമായില്ല. കമ്പനിയുടെ വരുമാനം 12.4 ബില്യന്‍ ഡോളറാണ്.
ലോക വിമാനസര്‍വീസുകളില്‍ മുന്നില്‍ നില്‍ക്കുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷത്തോളം പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 27.5 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള തലത്തിലുള്ള മിക്ക എയര്‍ലൈന്‍സ് സര്‍വീസുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് എമിറേറ്റ്സിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
എമിറേറ്റ്സിന്റെ കാര്‍ഗോ സേവനവും ഉയര്‍ന്നു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് സ്കൈകാര്‍ഗോ 1.6 ദശലക്ഷം ടണ്‍ ചരക്ക് നീക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12.2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. 150 രാജ്യങ്ങളിലായി അമ്പതിനായിരം തൊഴിലാളികള്‍ എമിറേറ്റ്സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.