സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ് 2010 വിപണിയിലെത്തി. ലോകത്തെ വാണിജ്യ, സാങ്കേതിക സ്ഥാപനങ്ങളെ ലക്‍ഷ്യമിട്ടാണ് ഏറ്റവും പുതിയ പതിപ്പ് ഓഫീസ് 2010 പുറത്തിറക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ മറ്റൊരു ഉല്‍പ്പന്നമായ ഷെയര്‍പോയിന്റ് 2010 വും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഇലോപാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയതായി അറിയിച്ചത്. അതേസമയം, വ്യക്തി ആവശ്യങ്ങള്‍ക്കുള്ള ഓഫിസ് 2010 പതിപ്പ് ജൂണില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് 2010 പതിപ്പ് കമ്പ്യൂട്ടര്‍, ഫോണ്‍, ബ്രൗസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കും.
പുതിയ ഓഫീസ് പതിപ്പില്‍ വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, വണ്‍നോട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ വെബ്‌അധിഷ്ഠിത സേവനവും ലഭ്യമാകും. ഓണ്‍ലൈന്‍ മേഖലയില്‍ ഓഫീസ് സേവനം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെ മറിക്കടക്കാന്‍ വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു സോഫ്റ്റ്വയര്‍ വിപണിയിലിറക്കിയിരിക്കുന്നത്.