യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

ബുധന്‍, 10 മാര്‍ച്ച് 2010 (20:25 IST)
PRO
“കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വനിതാ നേതാക്കളോട് ഞാന്‍ ഡയറക്ടായി ചോദിക്കുകയാണ്. ആര്‍ യു സീരിയസ്?” - വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാടത്തും പറമ്പിലും അടുക്കളയിലും ആരാമത്തും സജീവമായപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ യു സീരിയസ്?’. ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഒരുപാടുണ്ട് സിവിക് ചന്ദ്രന്‍റെ ഈ ഒറ്റവരി ചോദ്യത്തില്‍. വനിതാസംവരണ ബില്ലിനു വേണ്ടി ബഹളം കൂട്ടുന്ന വനിതാസംഘടനകളോടും രാഷ്ട്രീയത്തില്‍ ഇതിനകം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മോര്‍ച്ച മഹിളകളോടും കോണ്‍ഗ്രസ് മഹിളകളോടുമാണ് ഈ ചോദ്യം. മുപ്പത്തിമൂന്ന് ശതമാനം എന്ന നിശ്ചിത ടാര്‍ജറ്റിലാണോ വനിതകളുടെ കഴിവും പ്രാഗല്‍ഭ്യവും തെളിയിക്കപ്പെടേണ്ടത്. എന്തിനാണ് ഈ ഒച്ചയും വിളിയും. വനിതാസംവരണ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ വനിതകള്‍ ഭരണസിരാകേന്ദ്രങ്ങളിലെത്തുമായിരിക്കും. ടിവിയും ക്ലബ് മീറ്റിംഗുകളും ഒക്കെയായി നടക്കുന്ന കുറേ കൊച്ചമ്മമാര്‍ക്ക് ഇനി പോയിരിക്കാന്‍ പുതിയ ഒരിടമായി എന്ന് ചുരുക്കം.

അതിനപ്പുറത്തേക്ക് ഭരണം എന്തെന്ന് മനസ്സിലാക്കി വരാനും കാര്യങ്ങള്‍ പരിചയപ്പെട്ടു വരാനും തീര്‍ച്ചയായും സ്ത്രീ സമയമെടുക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50% സ്ത്രീസംവരണം വരുമ്പോള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും എത്തിപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും രാഷ്ട്രീയത്തിനോട് വലിയ ചായ്‌വില്ലാത്തവരായിരിക്കും. ചിലരെങ്കിലും പ്രാദേശിക മേഖലകളിലെ നേതാക്കളുടെ കുടുംബിനികളുമായിരിക്കും. അറിയാത്ത കാര്യങ്ങള്‍ ‘അ, ആ....’ പഠിച്ച് വരണം. പഠിക്കട്ടെ, എല്ലാവര്‍ക്കും ഭരണം അറിയാനും ഭരിക്കാനുമുള്ള അവകാശമുണ്ട്. അങ്ങനെയുള്ളവര്‍ ഉയര്‍ന്നു വരണം. രാജ്യത്തിന് മാതൃകയാകുകയും വേണം

പക്ഷേ, അത് സംവരണത്തില്‍ കൂടിയല്ല വേണ്ടത്. ഇന്ത്യ എക്കാലവും കണ്ട മികച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാഗാന്ധി. അവര്‍ ഭരണത്തില്‍ വന്നത് ഒരു സംവരണത്തിന്‍റെയും ആനുകൂല്യത്തിലല്ല (മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മകള്‍ എന്ന ലേബല്‍ അവരെ സഹായിച്ചു എന്നത് മറക്കുന്നില്ല). ലോകത്തിനു മുമ്പില്‍ മറ്റേതൊരു പുരുഷ പ്രധാനമന്ത്രിയെക്കാ‍ളും തന്‍റേടത്തോടെ അവര്‍ തലയുയര്‍ത്തി നിന്നു. ലോകം അമേരിക്കയുടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നപ്പോള്‍ അമേരിക്കയെ വകവെയ്ക്കാതെ സ്വന്തം രാജ്യത്തിന്‍റെ ഭരണം നടത്തിക്കൊണ്ടു പോകാന്‍ ധൈര്യം കാട്ടിയത് ഇന്ത്യയില്‍ ആകെ ഉണ്ടായിട്ടുള്ള ഈ വനിതാപ്രധാനമന്ത്രിയായിരുന്നു.

എന്തിനേറെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെയും ബ്യൂറോക്രസിയുടെയും തലപ്പത്ത് ഇന്ന് സ്ത്രീകളാണുള്ളത്. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, സ്പീക്കര്‍ മീരാ കുമാര്‍, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ തലപ്പത്ത് തിളങ്ങുന്ന വനിതാരത്നങ്ങള്‍. വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഇന്ത്യന്‍ ബ്യൂറോക്രസിയുടെ തലപ്പത്ത്. കൂടാതെ, മമത ബാനര്‍ജി, കുമാരി ഷെല്‍ജ, അംബിക സോണി തുടങ്ങി വനിതകളുടെ ഒരു നിര തന്നെ കാബിനറ്റിലുണ്ട്. ഇവരാരും മുപ്പത്തിമൂന്ന് ശതമാനത്തിന്‍റെ ആനുകൂല്യവുമായി എത്തിയവരല്ല. രാഷ്ട്രീയമെന്താണെന്ന് മനസ്സിലാക്കി രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമായി എത്തിയതുമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിങ് ആണെങ്കിലും ഏതൊരു തീരുമാനത്തിനും പിന്നിലുള്ള അദൃശ്യശക്തി സോണിയ ഗാന്ധിയെന്ന വനിതയെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്കാണ്.

അടുത്തപേജില്‍ - സംവരണത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍

PRO
പക്ഷേ, അപ്പോഴും നാം പാര്‍ലമെന്‍റിലേക്ക് ഒന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. 33 ശതമാനം സംവരണത്തിനുള്ളില്‍ 33 ശതമാനം സംവരണം പിന്നോക്കവിഭാഗത്തിലെ സ്ത്രീകള്‍ക്കും ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍ക്കുമായി മാറ്റി വയ്ക്കണമെന്നാണ് യാദവര്‍ ആവശ്യപ്പെട്ടത്. രാജ്യസഭയില്‍ അതിന്‍റെ പേരില്‍ ഏഴുപേര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ പിടിച്ചു പുറത്താക്കി. ലോക്സഭയിലിരുന്ന മമതയ്ക്ക് ഇതെല്ലാം കണ്ടപ്പോള്‍ ഇതില്‍ കാര്യമില്ലാതില്ല എന്നു തോന്നാതിരുന്നില്ല. ഭരണപക്ഷത്തിരുന്നു കൊണ്ട് അവര്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നു. രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ വിട്ടുനിന്നു. വനിതകള്‍ക്കു വേണ്ടിയുള്ള ബില്ലായിട്ടും വനിതയായ മമത അതില്‍ നിന്നു വിട്ടുനിന്നത് സാധാരണക്കാരായ സ്ത്രീകളെ ഭരണത്തിന്‍റെ അന്ത:പുരത്തിരുന്നപ്പോഴും ഓര്‍ത്തതു കൊണ്ടാണ്. പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്ന വേറെ എത്ര സ്ത്രീകള്‍ക്കായി ഇക്കാര്യം തുറന്നു പറയാന്‍. പറയാന്‍ കഴിയില്ല! സില്‍ക്ക് സാരിയുമുടുത്ത് മുടി സ്ട്രയിറ്റന്‍ ചെയ്ത് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് ഇറങ്ങിവരുന്ന എത്ര സ്ത്രീകള്‍ക്കറിയാം പിന്നാക്ക വിഭാഗമെന്താണെന്ന്? പട്ടിണിയെന്താണെന്ന്?. മാര്‍ക്സിന്‍റെയും ലെനിന്‍റെയും തിയറി പഠിച്ച് പോളിറ്റ് ബ്യൂറോയില്‍ ഇരിക്കുന്നവര്‍ ഒരു സാധാരണ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

രാജ്യസഭയില്‍ വനിതാബില്‍ പാസാക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്‍റിന് മുമ്പില്‍ മഹിളാ സംഘടനകള്‍ പടക്കം പൊട്ടിച്ചു, മധുരം വിതരണം ചെയ്തു, ഇതൊന്നും പോരാഞ്ഞ് കുറേ ജയ് വിളികളും. സത്യം പറയട്ടെ. വളരെ അരോചകമായിരുന്നു ആ കാഴ്ച. സ്ത്രീകള്‍ക്ക് കുറേ ബഹളം വയ്ക്കാനുള്ളതാണോ ഈ ബില്‍? എന്തിത്ര കൊട്ടിഘോഷിക്കാനിരിക്കുന്നു? വനിതാസംവരണ ബില്ലില്‍ സത്യത്തില്‍ സംവരണം ലഭിക്കാന്‍ പോകുന്നത് ആര്‍ക്കാണ്? ചായം പൂശി വെള്ളിവെളിച്ചം മാ‍ത്രം കണ്ടുനടക്കുന്ന കുറേ താരസുന്ദരികള്‍ കൂടി ഇനി പാര്‍ലമെന്‍റിലേക്ക് എത്തുമായിരിക്കും, ഓരോ സംസ്ഥാനത്തിന്‍റെയും നിയമസഭകളിലെത്തുമായിരിക്കും. പടക്കങ്ങള്‍ പൊട്ടിച്ചതില്‍ കോട്ടണ്‍ സാരിയുടുത്ത ഒരു സ്ത്രീയെയും കാണാന്‍ കഴിഞ്ഞിരുന്നില്ല, പൊതുപ്രവര്‍ത്തനത്തിനു വേണ്ടി ഇറങ്ങിനടന്ന് സൂര്യതാപത്താല്‍ മുഖം കരുവാളിച്ച ആരുമുണ്ടായിരുന്നില്ല. പിന്നെയോ വെളുത്തു തുടുത്ത് തൊട്ടാല്‍ ചോര കിനിയുന്ന മുഖവുമായി ഇറങ്ങിവന്നവരായിരുന്നു അവര്‍. ഇവര്‍ക്കു വേണ്ടിയാണോ നമ്മള്‍ തല്ലുണ്ടാ‍ക്കി ഈ ബില്‍ പാസാക്കുന്നത്?

പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരും വ്യക്തമായ വിലാസമുണ്ടാക്കിയവരും ഇന്ന് ഇന്ത്യയിലുണ്ട്. മേധ പട്കറും അരുന്ധതി റോയിയും വന്ദന ശിവയുമൊക്കെ ആ വിഭാഗത്തില്‍പ്പെട്ടവരാണ്. പാര്‍ലമെന്‍ററി മോഹങ്ങള്‍ക്ക് മനസ്സിനെ വിട്ടുകൊടുക്കാതെ പരിസ്ഥിതിക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണവര്‍. ഓരോ വേദിയിലും ഇവര്‍ ആദരിക്കപ്പെടുകയാണ്, സ്ത്രീകളാല്‍ മാത്രമല്ല പുരുഷ സഹപ്രവര്‍ത്തകരാലും.

കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരവും ചിന്താഗതിയും മാറി. നമ്മുടെ സ്ത്രീകള്‍ ഇപ്പോള്‍ സമൂഹത്തിന്‍റെ മുന്‍ധാരയില്‍ ഉണ്ട്. അവരാരും സംവരണം മൂലം കയറിവന്നവരല്ല. വനിതാബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്ന ഒരു പ്രധാനവാദമുണ്ട്. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങിപ്പോയ സ്ത്രീകളെ മുന്‍ധാ‍രയിലേക്ക് കൊണ്ടുവരാനാണ് ഈ ബില്ലെന്ന്. സ്ത്രീകള്‍ മാത്രമല്ല സമൂഹത്തിന്‍റെ പിന്നാക്കവിഭാഗത്തിലുള്ളത്. പൊതുപ്രവര്‍ത്തന പരിചയവുമുണ്ടായിട്ടും സമൂഹ്യ സ്ഥിതിയുടെയും സാമ്പത്തിക സ്ഥിതിയുടെയും പേരില്‍ പിന്തള്ളപ്പെട്ടു പോകുന്ന ഒരു വലിയ വിഭാഗം പുരുഷ സുഹൃത്തുക്കളുമില്ലേ?

പിന്നാമ്പുറങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോയ ഒരു വലിയ സ്ത്രീ-പുരുഷ സമൂഹമുണ്ട്. അവരെ ശാക്തീകരിക്കാന്‍ വേണം ആദ്യം നടപടി ഉണ്ടാകാ‍ന്‍. മമത ബാനര്‍ജിയെപ്പോലുള്ള ഒരൊറ്റ വനിതാനേതാവ് ഒരു തുലാസില്‍ നിന്നാല്‍ പാര്‍ലമെന്‍റിലെ മുഴുവന്‍ വനിതാസാമാജികരും വേണ്ടി വരും അപ്പുറത്തെ തുലാസില്‍ അവരെ ബാലന്‍സ് ചെയ്യാന്‍. ഏതായാലും ബില്‍ പാസായി പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വസുന്ധര രാജ സിന്ധ്യയെപ്പോലുള്ള കുറേ റാണിമാര്‍ക്കും ജയപ്രദയെയും നഫീസ അലിയെയും പോലുള്ള കുറേ താരങ്ങള്‍ക്കും ഒരു എന്‍റര്‍ടെയിന്‍മെന്‍റായി. പണത്തിനു മേലെ പരുന്തും പറക്കുന്ന ഈ കാലത്തില്‍ കാലത്തിന്‍റെ കുത്തൊഴുക്കിനെ അതിജീവിക്കാന്‍ ഈ ബില്ലിനാകട്ടെ എന്നു നമുക്ക് ആശിക്കാം, സ്വപ്നം കാണാം.

വെബ്ദുനിയ വായിക്കുക