വേരുകളില്ലാത്ത വൃക്ഷം

ഭൂതകാലത്തിന്‍റെ വേരുകള്‍ സുമിത്രയുടെ മനസ്സില്‍നിന്ന് പിഴുതുമാറ്റപ്പെട്ടിരുന്നു. ഉഴുതുമറിച്ച വയല്‍പോലെയായിരുന്നു അവളുടെ ഓര്‍മ്മകള്‍. ഉണങ്ങിയ മണ്‍കട്ടകളിലൂടെ നടന്നപ്പോള്‍ കാലുകള്‍ ഇടറി. ആകാശത്തിന്‍റെ ഹൃദയത്തില്‍ സൂര്യന്‍ കത്തിയെരിയുന്നു. ആ വെയില്‍നാളങ്ങള്‍ അവളെ പൊതിഞ്ഞു.

വയലിറന്പിലെ കൈത്തോടുകളില്‍ ഒരിറ്റു ജലമില്ല. മുന്‍പ് നീരോട്ടമുണ്ടായിരുന്നുവെന്നു തോന്നിക്കുന്ന പാടുകള്‍ തെളിഞ്ഞു കിടക്കുന്നു. അത് കഴിഞ്ഞ കാലത്തിന്‍റെ ഏതോ ഋതുക്കളിലാകാം. തോട്ടുവക്കിലെ കാടുകള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു.

കൈക്കുന്പിള്‍ ജലത്തിനുവേണ്ടി മോഹിച്ചു. ഗ്രീഷ്മത്തിന്‍റെ കനലുകളില്‍ വെന്തുപോയ പക്ഷിയെപ്പോലെ അവളുടെ മനസ്സ് വ്യാകുലമായി.

""സുമിത്രേ, നീ ഒരു വൃത്തത്തിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. അതില്‍ നിന്നു പുറത്തുകടക്കാതെ നിനക്കുയാത്ര തുടരാന്‍ സാദ്ധ്യമല്ല.''

മുളങ്കാടിന്‍റെ മര്‍മ്മരംപോലെ വരണ്ട കാറ്റില്‍ ഒരു സ്വരം കടന്നുവന്നു.

സുമിത്രയുടെ നഗ്നമായ കൈകള്‍ നീണ്ടു. ഒരാശ്രയം തിരഞ്ഞു. കാറ്റിന്‍റെ അദൃശ്യകരങ്ങള്‍ അവള്‍ക്ക് താങ്ങായി. ഇടറി വീഴാതെ ഓരോ ചുവടും സുമിത്ര മുന്നോട്ടുവച്ചു.

അവളറിയാതെ, ആ കൈകളില്‍പ്പിടിച്ച് സുമിത്രയെ നയിച്ചത് ഒപ്പമുണ്ടായിരുന്ന രവിയുടെ നിഴല്‍ രൂപമാണ്.

സുമിത്ര ആ സ്പര്‍ശം തിരിച്ചറിയാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. എങ്കിലും അവളുടെ സിരകളില്‍ നേരിയ ഉണര്‍വ്വുണ്ടായി. മദ്ധ്യാഹ്ന വെയിലില്‍ മെല്ലെ തണുത്തുതുടങ്ങി.

""സുമിത്രേ, നീ തളര്‍ന്നിരിക്കുന്നല്ലോ.'' രവിയുടെ സ്വരം വീണ്ടും അവളെ തേടി വന്നു. ഗുഹാമുഖങ്ങളില്‍ മുഴങ്ങുന്ന കാറ്റിന്‍റെ മാറ്റൊലി പോലെയായിരുന്നു അത്.

രവി എവിടെയാണ്? ആകാശത്തിന്‍റെ ചെരിവില്‍ അവന്‍ മറഞ്ഞിരിക്കുകയാണ്. ഈ വഴികളില്‍ ഏകാകിനിയായി യാത്ര ചെയ്യാന്‍ വിധിയുടെ നിയോഗം. കാലങ്ങളായി ഏകാന്തതയുടെ ഭാരം ചുമലില്‍ വഹിക്കുന്നു.

എവിടെയെങ്കിലും അത് ഇറക്കിവച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍..! പക്ഷേ സ്വന്തം ശരീരം പോലെ, ഹൃദയം പോലെ, വികാരങ്ങള്‍ പോലെ അത് വേര്‍പെടുത്താനാവുന്നില്ല. ആരെയാണ് പഴിക്കേണ്ടത്? വിധിയെയോ? വിറങ്ങലിച്ചുപോയ ആത്മബോധത്തെയോ?

ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇഴകള്‍ വേര്‍തിരിക്കാനാവാതെ സങ്കീര്‍ണ്ണമാവുകയാണ്. കാലം വേരറ്റുനില്‍ക്കുന്നു. എവിടെയോ ഒരു പൂമരം ഉണ്ടായിരുന്നു. അതിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കാനാവുന്നില്ല. ഒരു പുഴയോരത്ത് ആയിരുന്നുവോ? കാട്ടുചോലകള്‍ക്കിടയിലൂടെ ഒരു അരുവി ഒഴുകിയിരുന്നതുപോലെ. അതിന്‍റെ ഓരത്ത്, ഒരിക്കല്‍ ----.....

സുമിത്രയുടെ മനസ്സില്‍ പെട്ടെന്ന് ഒരു കിളിവാതില്‍ തുറന്നു. വെളിച്ചത്തിന്‍റെ ശക്തമായ കിരണം അതിലൂടെ തുളച്ചുകയറി. മറവിയുടെ കനത്തപാളികള്‍ പിളര്‍ന്ന് പ്രകാശത്തിന്‍റെ ലോകം സൃഷ്ടിച്ചു.

വര്‍ണ്ണങ്ങളുടെ കാലത്തിനു നേര്‍ക്ക് സുമിത്ര കണ്‍മിഴിച്ചു. എങ്ങും ഹരിതഭംഗി നിറയുന്നു. കാട്ടുചെടികള്‍ കുന്നുകളെ അലംകൃതമാക്കുന്നു. അവയില്‍ പൂക്കള്‍ പിറക്കുന്നു. വയല്‍പ്പൂവുകള്‍ വിടര്‍ന്ന് ഭൂമിയാകെ മനോഹരിയാവുന്നു. പാടശേഖരങ്ങളില്‍ തേക്കുപാട്ടുകള്‍. മലയോരങ്ങളില്‍ പൂവിളിയും ഊഞ്ഞാല്‍പ്പാട്ടും.

ഇല്ലത്തെ പൂമുഖത്ത് അച്ഛന്‍റെ പീഠത്തിന് അരികെ ഓമനയായി നിന്ന ബാല്യവും പണിയാളരുടെ കൂന്പിയ കണ്ണുകളില്‍ ഒരു സ്വപ്നം കണക്കെ തിളങ്ങിയ കൗമാരവും ഓര്‍മ്മിച്ചെടുക്കാന്‍ സുമിത്രയ്ക്ക് ഇപ്പോള്‍ കഴിയുന്നു. അവരുടെ പ്രിയപ്പെട്ട കുഞ്ഞാത്തോലായി ഒരു കാലം. വയല്‍വരന്പില്‍ ഓലക്കുട ചൂടിനില്‍ക്കുന്ന അച്ഛന്‍റെ ഓരം പറ്റി നില്‍ക്കേ പാടത്തുനിന്ന് വാത്സല്യം കിനിയുന്ന സ്വരമുയരും:

""കുഞ്ഞത്തോലേ, ഈ വെയിലുകൊള്ളാതെ. പൂമേനി കറുത്തുപോകും കേട്ടോ.''

തീവെയിലില്‍ കരിഞ്ഞതുകൊണ്ടാകാം അവരുടെ ദേഹം കറുത്തുപോയത്. ഇല്ലത്തെ അറപ്പുരയില്‍ പുന്നെല്ലിന്‍റെ ഗന്ധം പരക്കുന്നത് ഈ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് സുമിത്ര തിരിച്ചറിഞ്ഞു.

ഓണക്കാലത്ത് കാഴ്ചക്കുലകളുമായി പണിയാളര്‍ ഇല്ലത്തെ പടിപ്പുരയില്‍ കാത്തുനിന്നിരുന്നു. കാര്യസ്ഥന്‍ ശങ്കുണ്ണിനായര്‍ കുലകള്‍ ഏറ്റുവാങ്ങും. അച്ഛന്‍ അവര്‍ക്കു കോടിമുണ്ടും പണവും കൊടുത്ത് തൃപ്തരാകും. ആ കാഴ്ചകള്‍ മനസ്സില്‍ ഉത്സാഹം നിറച്ചു.

ഇല്ലപ്പറന്പില്‍ ആടിത്തിമര്‍ക്കാന്‍ ഊഞ്ഞാല്‍ കെട്ടുന്നത് അഴകപ്പുലയന്‍റെ മകന്‍ കുഞ്ഞിക്കേളനാണ്. പുലിവേഷം കെട്ടിയും കള്ളനും പോലീസുമായി അഭിനയിച്ചും കുഞ്ഞിക്കേളനും കൂട്ടരും ആഹ്ളാദം പകര്‍ന്നത് വീണ്ടും ഓര്‍മ്മിച്ചെടുക്കാന്‍ ഇപ്പോള്‍ സാദ്ധ്യമാകുന്നു.

ഒരുത്സവവേള അതിന്‍റെ പൂര്‍ണ്ണതയില്‍ പുനര്‍ജ്ജനിക്കുകയാണ്. ഇല്ലത്തെ ചാവടിമുറ്റത്ത് പൂക്കളം തീര്‍ത്തിരുന്നത് ഇന്ദിരയും ശാരദയുമൊക്കെ ചേര്‍ന്നാണ്. അവര്‍ ഊഞ്ഞാലിലിരുത്തി പാടി; തുന്പി തുള്ളി. അന്പലക്കുളത്തിന് അപ്പുറത്ത് വാരിയത്തെ കുട്ടികള്‍. ചെറിയച്ഛന്‍റെ മക്കളാണ് അവരെന്ന് അമ്മ പറഞ്ഞ് അറിഞ്ഞിരുന്നു.

എന്നിട്ടും ഇല്ലത്തിനുള്ളില്‍ അവര്‍ക്കു പ്രവേശനമില്ല. ജാതിയുടെ വിടവുകളെക്കുറിച്ച് സുമിത്രയ്ക്ക് അറിയില്ലായിരുന്നു. അവള്‍ അവരോടു കൂട്ടു ചേര്‍ന്നു കളിച്ചു. പക്ഷേ കുളിക്കാതെ ഇല്ലത്തെ ഉമ്മറപ്പടിയില്‍ ചവിട്ടരുതെന്ന് അമ്മ വിലക്കിയിരുന്നത് ബാല്യത്തിന്‍റെ ഓര്‍മ്മ.

ഓണവും വിഷുവും തിരുവാതിരയും തൃക്കാര്‍ത്തികയുമൊക്കെ പറിച്ചെടുത്ത് മനസ്സ് ശൂന്യമാക്കിയതാരാണ്? എന്നോ ഒരിക്കല്‍ അതു സംഭവിച്ചു. കൊയ്ത്തുകഴിഞ്ഞ് ഇല്ലത്ത് പുന്നെല്ലു വാരിക്കൂട്ടുന്നത് അവസാനിച്ചു. ഓണത്തിന് കാഴ്ച്ചക്കുലകളുടെ വരവും നിലച്ചു. കുഞ്ഞിക്കേളന്‍റെയും കൂട്ടരുടെയും പുലിവേഷങ്ങള്‍ക്കു കാത്തിരുന്നതും വെറുതെയായി.

ഇല്ലത്തെ ഉമ്മറത്ത് അച്ഛന്‍റെ ചൈതന്യരുപം മാഞ്ഞ് നിഴലായി ഒതുങ്ങി. അറപ്പുര ശൂന്യമാവുകയും അടുക്കളയില്‍ ഓട്ടുപാത്രങ്ങളുടെ കലന്പല്‍ നിലയ്ക്കുകയും ചെയ്തു. ഇല്ലത്തിനുള്ളില്‍ നിശ്ശബ്ദത ഘനീഭവിച്ചു. മടുപ്പിക്കുന്ന ഏകാന്തതയില്‍ സുമിത്രയ്ക്കു ശ്വാസ തടസ്സം നേരിട്ടു.

പിന്‍വാതിലിലൂടെ പുറത്തു കടന്ന് വയല്‍വരന്പിലൂടെ നടന്നു. ചേറണിപ്പാടത്ത് കൊറ്റികള്‍ തപസ്സിരിക്കുന്നു. കാട്ടുചോലയ്ക്കരികില്‍ ഒറ്റയ്ക്കിരുന്നു. കവിള്‍ത്തടത്തിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പോലെ നേര്‍ത്ത പുഴ ദീനയായി ഒഴുകി.

അതു നോക്കിയിരിക്കേയാണ് ആ സാന്ത്വനത്തിന്‍റെ സ്വരം തേടിവന്നത്. അത് കാറ്റിന്‍റെ തലോടല്‍ പോലെയോ കാട്ടുപൂവിന്‍റെ പരിമളം പോലെയോ പുഴയുടെ തരളിതഗാനം പോലെയോ ആയിരുന്നു.


ആ സാന്നിദ്ധ്യം ആശ്വാസമായി. രവിയുടെ കൈകളില്‍ ബലമായി പിടിച്ചു. വീണു പോകരുത്. അത് ഒരഭയമാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു നോക്കാനുള്ള കിളിവാതിലാണ്.

കരുത്തുണ്ട് എന്നു തോന്നിയ കൈകള്‍ താങ്ങി നടത്തവേ സുമിത്രയുടെ നേര്‍ക്ക് കൂര്‍ത്ത കല്ലുകള്‍ പാഞ്ഞുവന്നു. അതിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍.

""വാല്യക്കാരന്‍ നാണുവിന്‍റെ മകനുമായിട്ടാ മനയ്ക്കലെ കുഞ്ഞാത്തോലിന്.... ശ്ശേ, എന്തായിത്! എന്‍റീശ്വരന്മാരേ...''

അച്ഛന്‍ പരിക്ഷീണനായി കിടക്കയില്‍ വീഴുന്നതും വൈകാതെ തെക്കേത്തൊടിയില്‍ പുകയായി അന്തരീക്ഷത്തില്‍ അലിയുന്നതും കണ്ട് സുമിത്രാ മരവിച്ചു നിന്നു. കാലത്തിന് മരണം സംഭവിക്കുന്നു. ഇന്നലെയും നാളെയുമില്ല. അന്യതാ ബോധം നിഴല്‍ വീഴ്ത്തുന്ന ഇന്നിന്‍റെ ദുരന്താനുഭവങ്ങള്‍.

കാലത്തിന്‍റെ കറുത്ത നിഴലുകളിലേക്ക് വലിച്ചെറിയപ്പെട്ടവളായി സുമിത്ര. പ്രകാശവും പൂക്കളുമൊക്കെ അന്യമായി. ഊഞ്ഞാല്‍പ്പാട്ടിന് താളം നഷ്ടപ്പെട്ടു. ഇതിനിടയില്‍ രവി എവിടെയാണ് മറഞ്ഞത്? കണ്ണുകളുടെ അകലത്തില്‍ എങ്ങും വെളിച്ചമില്ല. ഇരുട്ടില്‍ അമര്‍ന്നു പോവുകയാണ്. ഇരുട്ടുപോലുമില്ലാത്ത ഏതോ ശൂന്യതയിലേക്ക് ആഴ്ന്നിറങ്ങുകയാണ്.

സുമിത്ര കാത്തിരുന്നു. ശൂന്യതയില്‍ നിന്നുയര്‍ന്നു വരുന്ന ഒരു ശബ്ദത്തിനു കാതോര്‍ത്തു. ഒരാശ്രയം പോലെ നീണ്ടുവരുന്ന കൈകള്‍. ഓട്ടുവളയണിഞ്ഞ ഇടം കൈയില്‍ നിന്ന് ഓരോ വള ഊരി വലം കൈയില്‍ അണിയിച്ച്, അതിന്‍െറ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ പുഴയുടെ രാഗം തേടുന്ന രവിയുടെ സാന്നിദ്ധ്യം.

രവി എവിടെയാവും?

സൂര്യന്‍ അസ്തമിക്കുകയും പതിഞ്ഞ കാല്‍വയ്പുകളോടെ രാത്രി കടന്നെത്തുകയും ചെയ്യവേ, ഓര്‍മ്മകളുടെ ജാലകം അടയുകയായി. ഒരു കറുത്തപാളി മനസ്സിന്‍റെ മുഖം ആവരണം ചെയ്തു. കാലസന്ധിയില്‍ ഓര്‍മ്മകളില്ലാതെ, ഭൂതകാലമില്ലാതെ, ഭാവി എന്തെന്നറിയാതെ സുമിത്ര നിലകൊണ്ടു. വേരുകള്‍ പിഴതു മാറ്റിയ വൃക്ഷം പോലെ.

കാറ്റിന്‍റെ മാറ്റൊലി നിലച്ചു. പുഴ വരണ്ടുണങ്ങി. ഭൂമിയുടെ ഹൃദയം പിളരുകയായിരുന്നു. എവിടെയോ ഒരു രോദനം ഉയര്‍ന്നു കേട്ടു.

വെബ്ദുനിയ വായിക്കുക