മരണമില്ലാത്ത നേതാജി

ചൊവ്വ, 14 ഓഗസ്റ്റ് 2007 (18:46 IST)
നേതാജി മരിച്ചിട്ടില്ലെന്ന് ഇപ്പോഴും ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു. കോടിക്കണക്കിന് വരുന്ന ഭാരതീയരുടെ മനസില്‍ സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിക്ക് ഒരിക്കലും മരണമില്ല

നിങ്ങള്‍ക്ക് വിടര്‍ന്ന പനിനീര്‍പ്പൂവിന്‍റെ സൗരഭ്യം വേണോ? എങ്കില്‍ അതിന്‍റെ മുളളുകളെക്കൂടി സ്വീകരിക്കണം. നിങ്ങള്‍ക്കു പുഞ്ചിരിക്കുന്ന പുലരിയുടെ മാധുര്യം വേണോ എങ്കില്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ക്കൂടി കടന്നു പോകണം.

നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ ആനന്ദവും ആശ്വാസവും വേണോ? എങ്കില്‍ അതിനുളള വില കൊടുക്കണം. സ്വാതന്ത്ര്യത്തിന്‍റെ വില ത്യാഗവും യാതനയുമത്രേ.............

ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി ഇരുപത്തിമൂന്നാം തീയതി ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസ്, അമ്മ പ്രഭാവതി, 1912 ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജാനകീനാഥബോസ് ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു.

ഒന്‍പതാമത്തെ പുത്രനായിരുന്നു സുഭാഷ്. പതിമൂന്ന് സഹോദരീ സഹോദരര്‍. കട്ടക് ഇംഗ്ളീഷ് സ്ക്കൂളില്‍ വിദ്യാഭ്യാസം നടത്തി. 1913 ല്‍ മെട്രിക്കുലേഷന്‍. 1915 ല്‍ ഇന്‍റര്‍മീഡിയേറ്റ്. 1919 ല്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ളണ്ടില്‍ പോയി. 1920 ല്‍ ഐ. സി. എസ് പാസായി.

1921 ജൂലൈയില്‍ ബോംബെയില്‍ മടങ്ങിയെത്തിയ സുഭാഷ് ഗാന്ധിജിയെ ചെന്നു കണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനുളള തന്‍റെ ആഗ്രഹം അറിയിച്ചു. ചിത്തരഞ്ജന്‍ദാസിനെ ചെന്നു കാണാനായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം.

1920ല്‍ വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാജകുമാരന്‍റെ സന്ദര്‍ശനംബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് വ്യാപകമായ പ്രചാരണം നടത്തി. ചിത്തരഞ്ജന്‍ ദാസ് അറസ്റ്റു ചെയ്യപ്പെട്ടു. കൂടെ സുഭാഷും. അടുത്ത വര്‍ഷം ജയില്‍ മോചിതനായി.


കോളജ് വിദ്യാഭ്യാസകാലത്ത് രാമകൃഷ്ണ വിവേകാനന്ദന്മാരുടെ ജീവിതരീതിയും ആദര്‍ശങ്ങളും പിന്തുടരാന്‍ യത്നിച്ച സുഭാഷ് പിന്നീട് തന്‍റെ ഐ. സി. എസ് ഉപേക്ഷിച്ചു.

സി. ആര്‍ ദാസിന്‍റെ നിര്‍ദ്ദേശമനുസരിച്ചു കല്‍ക്കട്ട നാഷണല്‍ കോളേജ് പ്രിന്‍സിപ്പലായി. 1927 ല്‍ ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്. കോണ്‍ഗ്രസിന്‍റെ മദ്രാസ് സമ്മേളനത്തില്‍ ജവഹര്‍ലാല്‍നെഹ്റുവിനോടൊപ്പം പങ്കെടുത്തു.

1930 ല്‍ തടവിലായ സുഭാഷ് ചികിത്സക്കായി വിയറ്റ്നാമിലേക്ക് അയയ്ക്കപ്പെട്ടു. യൂറോപ്യ ന്‍ രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്കു തിരിച്ചു വിടാന്‍ പ്രചരണം നടത്തി. തിരികെ മുംബൈയില്‍ വന്നപ്പോള്‍ വീണ്ടും അറസ്റ്റ്.

1938 ല്‍ ഹരിപുര സമ്മേളനത്തില്‍ സുഭാഷ് ആയിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ്. താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ പ്രസിഡന്‍റ് പദം രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചു. ഫോര്‍വേര്‍ഡ് ബ്ളോക്ക് എന്ന സംഘടന രൂപീകരിച്ചു. കോണ്‍ഗ്രസില്‍ നിന്നു പുറത്തായി.

തടവിലാക്കപ്പെട്ട ബോസ് ഒളിവില്‍ പോയി. സോവിയറ്റ് യൂണിയനിലേക്കു കടന്നു. 1941 ല്‍ ജര്‍മ്മനിയില്‍ എത്തി. 1943 ല്‍ ദക്ഷിണപൂര്‍വ്വേഷ്യയില്‍. ബര്‍ളിന്‍ വാസത്തിനിടെ അവിടത്തെ ഇന്ത്യക്കാരാണ് "നേതാജി' എന്ന പേരു നല്‍കിയത്.1943 ജനുവരി 26 ന് ഇന്ത്യന്‍സ്വാതന്ത്ര്യ ദിനം ബര്‍ലിനില്‍ ആഘോഷിച്ചു. അവിടെ നിന്ന് ജപ്പാനിലേക്ക്


ജര്‍മ്മനിയില്‍ വിദേശകാര്യാലയത്തിലെ ഉദ്യോഗസ്ഥരായിരുന്ന പലര്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്നു. അഡ്മിറല്‍ വോണ്‍ട്രോഡ് സുള്‍സ്, ഡോ. അലക്സാണ്ടര്‍ വെര്‍ത്ത് തുടങ്ങിയവര്‍ സുഭാഷിന് സഹായം നല്‍കി.

ബര്‍ലിനില്‍ ഒരു ഫ്രീഇന്ത്യാസെന്‍ററും ഇന്‍ഡ്യന്‍ ലീജിയനും ബോസ് സംഘടിപ്പിച്ചു. 1941 നവംബര്‍ രണ്ടിനാണ് ഫ്രീ ഇന്ത്യാ സെന്‍റര്‍ നിലവില്‍ വന്നത്. ഇന്ത്യന്‍ ലീജിയന്‍ ഒരു കൊച്ചു സ്വതന്ത്ര്യസേനയായിരുന്നു. പൂര്‍വ്വേഷ്യയില്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്‍റ് രൂപീകരിക്കാനും ഐ. എന്‍. എ സംഘടിപ്പിക്കാനും വേണ്ട പരിചയവും ആത്മവിശ്വാസവും നേതാജിക്കു നല്‍കിയത് ഈ പ്രസ്ഥാനങ്ങളായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ആസാദ് ഹിന്ദ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹിന്ദുസ്ഥാനി, ബംഗാളി, പാഴ്സ്യന്‍, തമിഴ്, തെലുങ്ക്,പുഷ്ത്തു എന്നീ ഭാഷകളില്‍ ആസാദ് ഹിന്ദ് റേഡിയോ ഇന്ത്യയിലേക്ക് പ്രക്ഷേപണം നടത്തി. ഇന്ത്യന്‍ ലീജിയനെ അഭിസംബോധന ചെയ്തുകൊണ്ട് നേതാജി ചെയ്ത പ്രസംഗം ഇന്ത്യന്‍ സൈനികരെയും ജപ്പാന്‍കാരെയും ആവേശം കൊളളിച്ചു.

1943 ഒക്ടോബര്‍ 21: സിംഗപ്പൂരിലെ കാതേ സിനിമാഹാളില്‍ വന്‍സമ്മേളനത്തെ അഭിസംബോധന ചെയ്ത് സ്വതന്ത്രഭാരതത്തിന് ഒരു താത്കാലിക ഗവണ്‍മെന്‍റ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ആസാദ് ഹിന്ദ് താത്കാലിക സര്‍ക്കാരിലെ അംഗങ്ങള്‍.

1. സുഭാഷ്ചന്ദ്രബോസ് (രാഷ്ട്രത്തലവന്‍, പ്രധാനമന്ത്രി, യുദ്ധകാര്യ-വിദേശകാര്യമന്ത്രി.
2. ക്യാപ്റ്റന്‍ ലക്ഷ്മി (മഹിളാസംഘടന)
3. എസ്.എ.അയ്യര്‍ (പ്രസിദ്ധീകരണം, പ്രചരണം)
4. ലഫ്. കേണല്‍ എ.സി. ചാറ്റര്‍ജി (ധനകാര്യം)
5. ലഫ്. കേണല്‍മാരായ അസീസ് അഹമ്മദ്, ജെ.കെ. റ്റോണ്‍സ്ളെ, ഗുല്‍ധാരാസിംഗ്, എം.ഇസഡ് കിയാന്‍, എ.ഡി. ലോകനാഥന്‍, ഏഷാന്‍ക്വാദിര്‍, ഷാനവാസ് (സായുധസേനാ പ്രതിനിധികള്‍)
6. എം.എം. സാനെ (സെക്രട്ടറി, മന്ത്രിപദവിയോടെ)
7. രാഷ് ബിഹാരി ബോസ് (പരമോന്നത ഉപദേഷ്ടാവ്)
8. കരീംഗനി, ദേവനാഥ്ദാസ്, ഡി.എം.ഖാന്‍, എ. ചെല്ലപ്പാ, ജെ. തിവി, സര്‍ദാര്‍ ഇഷര്‍സിങ് (ഉപദേഷ്ടാക്കള്‍)
9. എ.എന്‍. സര്‍ക്കാര്‍ (നിയമോപദേഷ്ടാവ്).


ഒക്ടോബര്‍ 23: ആസാദ് ഹിന്ദ് താത്കാലിക സര്‍ക്കാരിന്‍െറ മന്ത്രിസഭ നേതാജിയുടെ താമസസ്ഥലത്ത് ആദ്യയോഗം കൂടി. ബ്രിട്ടനോടും സഖ്യകക്ഷിയായ അമേരിക്കയോടും യുദ്ധം പ്രഖ്യാപിച്ചു. ഐ.എന്‍.എ.യുടെ വനിതാവിഭാഗമായി ഝാന്‍സിറാണി റെജിമെന്‍റ് രൂപീകരിച്ചു.

1945 ഏപ്രില്‍ 24 :ബ്രിട്ടീഷ്സേന ബര്‍മയിലെത്തിയതറിഞ്ഞ നേതാജിയും സംഘവും റംഗൂണില്‍ നിന്നും ബാങ്കോക്കിലേക്ക് തിരിച്ചു. 21 ദിവസമെടുത്ത് മെയ് 14ന് സംഘം ബാങ്കോക്കില്‍ എത്തി ജര്‍മനി മെയ് 7ന് കീഴടങ്ങിയ വിവരം അറിഞ്ഞു.

ജൂലൈ : നേതാജി മലയായില്‍. ജപ്പാന്‍ കീഴടങ്ങിയ വിവരം ക്യാപ്റ്റന്‍ ലക്ഷ്മിയില്‍ നിന്നറിഞ്ഞു.

ഓഗസ്റ്റ് 12 : സിംഗപ്പൂരില്‍ മന്ത്രിസഭാംഗങ്ങളുമായി കൂടിയാലോചന. തടവുകാരായി പിടിക്കപ്പെട്ടാലും പരാജയം സമ്മതിക്കില്ലെന്ന് ഐ.എന്‍.എ. പ്രതിജ്ഞയെടുത്തു. അധിനിവേശപ്രദേശമായ മഞ്ചൂരിയയില്‍ നേതാജിക്കു വേണ്ട സഹായം ചെയ്യാന്‍ തയ്യാറാണെന്ന് ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 15: ഐ.എന്‍.എ. ഭടന്മാര്‍ക്ക് അവസാനമായി ദൈനംദിന ആജ്ഞ നല്‍കി. ""ഡല്‍ഹിയിലേക്കുള്ള പാതകള്‍ പലതാണ്. എങ്കിലും നമ്മുടെ ലക്ഷ്യം എപ്പോഴും ഡല്‍ഹി തന്നെ. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, അധികം വൈകാതെ.''

ഓഗസ്റ്റ് 16: സിംഗപ്പൂര്‍ നിന്ന് ജപ്പാന്‍െറ ബോംബര്‍ വിമാനത്തില്‍ നേതാജി യാത്രതിരിച്ചു. കേണല്‍ ഹബീബുര്‍ റഹ്മാന്‍, പ്രീതം സിങ്, എസ്.എ. അയ്യര്‍ എന്നിവരോടൊപ്പം 'അജ്ഞാതഭാവിയിലേക്ക് ഒരുസാഹസിക സംരംഭം' എന്ന് നേതാജി തന്‍െറ യാത്രയെ വിശേഷിപ്പിച്ചു. ഉച്ചതിരിഞ്ഞ് വിമാനം ബാങ്കോക്കിലെത്തി.

ഓഗസ്റ്റ് 17: ഒരു ചെറുവിമാനത്തില്‍ റഹ്മാനും നേതാജിയും സെയ്ഗോണിലേക്ക് . അഞ്ചേകാല്‍ മണിക്ക് തായ്പെയ്ക്കടുത്ത് വിമാനം തകര്‍ന്ന് വീണു. തായ്പെയിലെ സൈനികാശുപത്രിയില്‍ രാത്രി എട്ടുമണിയോടെ അന്ത്യം.

ഓഗസ്റ്റ് 22: ജപ്പാന്‍ റേഡിയോ നേതാജിയുടെ മരണം ലോകത്തെ അറിയിച്ചു.

സെപ്റ്റംബര്‍ 6: കേണല്‍ റഹ്മാന്‍ ടോക്കിയോയിലെത്തിച്ച നോതാജിയുടെ ചിതാഭസ്മം 14ന് സുനിഗാമി ജില്ലയിലെ റെങ്കോജി ബുദ്ധക്ഷേത്രത്തില്‍ ബഹുമതികളോടെ സ്ഥാപിച്ചു.

വെബ്ദുനിയ വായിക്കുക