വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു. ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. അതേ തുടര്‍ന്ന് കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും മാത്രമേ ചെയ്യുമായിരുന്നുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ചികിത്സയെ തുടര്‍ന്ന് കുട്ടിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എയിംസ് ഭോപ്പാല്‍ പറയുന്നു. തുടര്‍ന്ന് കൗമാരക്കാരിലും കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനം നടത്തിയതില്‍ ശരാശരിയില്‍ കൂടുതല്‍ പേര്‍ക്കും മാനസികമായി പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. മൊബൈല്‍ ഉപയോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടനയും മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ പാടില്ല.