ഞാനെഴുതിയ 'ആകാശക്കൂട്ടുകള്‍' എന്ന കഥ അച്ചടിച്ചുവന്ന സമയം. പൂരങ്ങളുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി എനിക്കെഴുതി. ഈ കഥ എന്റെ സ്വകാര്യസ്വത്തായി സൂക്ഷിച്ചിരിക്കയാണ്. ഇതിലെ അമ്മു ഞാനാണ്. ഞാനവള്‍ക്കി മറുപടി എഴുതി കയ്പും മധുരവും മേളിച്ച ഒരു പ്രണയത്തിന്റെ തീവ്ര യാതനയില്‍ നിന്ന് എരിഞ്ഞുണ്ടായ കഥയാണ് ആകാശക്കൂട്ടുകള്‍.
പൂരങ്ങളുടെ നാട്ടിലെ പെണ്‍കുട്ടി പിന്നെയും എനിക്കെഴുതി എന്റെ എഴുത്ത് അവളെ ആനന്ദിപ്പിച്ചുവെന്ന്. പിന്നെ നാടും വീടും വീട്ടുകാര്‍മെല്ലാം എഴുത്തില്‍ നിറഞ്ഞു നിന്നു. കുനുകുനായുള്ള അക്ഷരങ്ങളില്‍ മറയില്ലാത്ത ഹൃദയത്തിന്റെ തെളിഞ്ഞ ആഴങ്ങള്‍ കാണാമായിരുന്നു. ആ ഹൃദയത്തോടും നിഷ്കളങ്കമായ വാക്കുകളോടുമുള്ള മമതയില്‍ ഞാന്‍ പിന്നെയും അവള്‍ക്കെഴുതി.
തപാല്‍ മുദ്രകളില്‍ പതുക്കെ പ്രണയത്തിന്റെ പൂ വിരിഞ്ഞു. പൂരങ്ങളുടെ നാട്ടില്‍നിന്നും പ്രണയം മേഘവര്‍ഷമായി വന്നു. ആയിടയ്ക്ക് എനിക്ക് അവിടെ പ്രസംഗത്തിനുളള ക്ഷണം കിട്ടി. തൃപ്രയാറില്‍ ഒരു സാഹിത്യക്യാമ്പ്. ചെറുകഥയെക്കുറിച്ച് ഞാന്‍ സംസാരിക്കണം. സന്തോഷപൂര്‍വ്വം ഞാന്‍ ക്ഷണം സ്വീകരിച്ചു. എന്നിട്ടവള്‍ക്കെഴുതി 'വരണം എനിക്കു നേരിട്ടു കാണണം'. അവളെഴുതി ക്യാമ്പില്‍ വരില്ല. അന്നുകാലത്ത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വരാം. അമ്മയും അനുജനും ഒപ്പമുണ്ടാകും. ഞാനവള്‍ക്കെഴുതി 'വരും തീര്‍ച്ചയായും വരും'.
പരിപാടിയുടെ തലേന്ന് സ്ഥലത്തെത്തി. സംഘാടകര്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. യുകെ കുമാരനും അക്ബര്‍ കക്കട്ടിലും മുറിയില്‍ ഒപ്പമുണ്ട്. രണ്ടു പേരോടും വിവരം പറഞ്ഞു. രാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി, കുമാരനെയും അക്ബര്‍ കക്കട്ടിലിനെയും ഒപ്പം കൂട്ടി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനുള്ളില്‍ അധികമാരെയും കണ്ടില്ല. അവിടവിടെ കുറച്ചു സ്ത്രീകളുണ്ട്. അതിലാരാണാവോ? ഒന്നുകൂടി ചുറ്റിക്കറങ്ങി നോക്കാന്‍ ധൈര്യം പോര. പടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ വിളി "സുധീഷ്". തിരിഞ്ഞുനോക്കി. പാവാടയും ജാക്കറ്റുമണിഞ്ഞ് പിന്നിലവള്‍, കയ്യില്‍ ആകാശകൂടുകളോടൊപ്പം അച്ചടിച്ചു വന്ന എന്റെ ഫോട്ടോ. പിന്നില്‍ ശ്രീകോവില്‍. മണിമുഴങ്ങി.
'ഞങ്ങള്‍ പോകുന്നു'. കുമാരനും അക്ബറും പുറത്തിറങ്ങി. ഞാന്‍ അവളോടൊപ്പം അമ്പലത്തിനകത്തേയ്ക്ക് കടന്നു. ദേവിയുടെ ശീതളിമയുള്ള പ്രണയതീര്‍ത്ഥം കൈക്കുമ്പിളിലേറ്റുവാങ്ങി. ആ ദേവി എന്റെ ജീവിതത്തിന്റെ ദേവിയാകുന്ന കാലത്തിലേക്ക് ഞാന്‍ കാലങ്ങളോളം തുഴഞ്ഞു. നീണ്ട എട്ടു വര്‍ഷം.
ഋതുക്കളിലോരോന്നിലും ആത്മാവുകളെ എടുത്തു നിര്‍ത്തി. ഇല്ല ഒന്നും കുതിര്‍ന്നിട്ടില്ല. കരിഞ്ഞിട്ടില്ല. മുളന്തണ്ടില്‍ നിറയുന്ന രാഗമന്താരി മാത്രം. വെയിലിന്റെ സ്ഫടികമാനങ്ങളില്‍ അവളായിരുന്നു. മഴയിലെ ഹരിതാഭയിലും വെളിയിലത്തുള്ളികളിലും അവളായിരുന്നു.
ഇന്ന് അവളെവിടെയാണെന്നറിയില്ല. ആരുടെയോ ജീവിതസഖിയാണെന്ന് മാത്രമറിയാം. അവള്‍ പോയതില്‍ പിന്നെയുണ്ടായ കാലത്തിന്റെ ശൂന്യതയില്‍ വേദനകളെ മറക്കാന്‍ ഞാന്‍ മലയാളത്തിന്റെ പ്രണയകവിതകള്‍ വായിച്ചു നടന്നു. അവയുടെ സമാഹരണം അകന്നുമറഞ്ഞ ആ പ്രണയിനിക്കും പ്രണയം മറന്ന തലമുറയ്ക്കും സമര്‍പ്പിച്ചു.
ജീവിതത്തിലും സാഹിത്യത്തിലും ഇന്ന് പ്രണയചിഹ്നങ്ങള്‍ മാറി. വാഴക്കൂമ്പുപോലെയുള്ള, കമുങ്ങിന്‍ പൂക്കുലയുടെ നിറമുള്ള , നിലവിളക്കിന്റെ നാളം പോലെ തിളങ്ങുന്ന നാടന്‍ രൂപങ്ങള്‍ ഇന്നില്ല. മാളുവും സുമിത്രയും തങ്കമണിയും ചന്ദ്രികയും വേലിക്കരികിലും ഇടവഴിയിലും പാടവരമ്പിലും പ്രണയപരാഗം പകര്‍ന്ന എല്ലാ നായികമാരും ദശാബ്ദങ്ങള്‍ക്കപ്പുറത്തു നിന്ന് ഇന്നും ജ്വലിക്കുന്ന പ്രണയ സങ്കല്‍പത്തെ സാക്ഷാത്കരിക്കുന്നു.